ആമുഖം
ദുരന്തങ്ങളെ നേരിടുന്നതിന്‍റെ കാര്യക്ഷമത ദുരന്തങ്ങളെ നേരിടുന്നതിന് എത്രകണ്ട് തയ്യാറെടുക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും. കേരളത്തില്‍ ഏറ്റവും അധികം ദുരന്ത സാഹചര്യം ഉണ്ടാകുന്ന സമയം കാലവര്‍ഷ-തുലാവര്‍ഷ കാലം ആണ്. 2012 മുതല്‍ എല്ലാ വര്‍ഷവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, കാലവര്‍ഷ-തുലാവര്‍ഷ മുന്നൊരുക്കയോഗം സംസ്ഥാന ദുരിതാശ്വാസ കമ്മീഷണറുടെ അദ്ധ്യക്ഷതയില്‍ നടത്തി വരുന്നു.
സംസ്ഥാന, ജില്ലാ താലൂക്ക് തലത്തില്‍ അടിയന്തിരഘട്ട പ്രവര്‍ത്തന സംവിധാനം (Incident Response System) സ്ഥാപിച്ച്, വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന മേഖല വ്യക്തമാക്കി ഒരു പ്രത്യേക രൂപ രേഖയുടെ ആവശ്യം ഓഖി ചുഴലിക്കാറ്റ്, 2018ലെ പ്രളയം എന്നിവ വ്യക്തമാക്കിയിട്ടുണ്ട്. മേല്‍ അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാണ് ഇത്തരം ഒരു മാര്‍ഗ്ഗരേഖ ദുരന്ത നിവാരണ നിയമത്തിന്‍റെ സെക്ഷന്‍ 22 (2) (f) പ്രകാരം കാലവര്‍ഷ-തുലാവര്‍ഷ കാലത്തേക്ക് തയ്യാറാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത്.
അതാത് ജില്ലയുടെ സാഹചര്യം പരിഗണിച്ച് ഈ മാര്‍ഗ്ഗരേഖയുടെ അടിസ്ഥാനത്തില്‍ അതാത് വകുപ്പുകള്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കേണ്ടതുണ്ട്. ഈ പ്രവര്‍ത്തങ്ങള്‍ക്ക് ജില്ല ദുരന്ത നിവാരണ അതോറിറ്റി നേതൃത്വം നല്‍കേണ്ടതുണ്ട്. തുടര്‍വര്‍ഷങ്ങളില്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഈ കൈപുസ്തകം പരിഷ്കരിച്ച് കൂടുതല്‍ കാര്യക്ഷമമായി ദുരന്തങ്ങളെ നേരിടുന്നതിനുള്ള മാര്‍ഗ്ഗ രേഖയായി മാറ്റുന്നതാണ്.
ഈ കൈപുസ്തകം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി 6-05-2019ന് അംഗീകരിക്കുകയും സര്‍ക്കാര്‍ GO (Rt) No. 280/2019/DMD dated 9-05-2019 എന്ന ഉത്തരവായി പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഈ പുസ്തകം 2019ലെ പ്രളയ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പുതുക്കി പ്രസിദ്ധീകരിക്കുവാന്‍ സംസ്ഥാന ഇ.ഒ.സിയെ 30-4-2020ന് ചേര്‍ന്ന സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി ചുമതലപ്പെടുത്തി.
കോവിഡ്-19ന്‍റെ വെളിച്ചത്തില്‍ സാമൂഹിക അകലം പാലിച്ചും, കോവിഡ്-19ന്‍റെ വ്യാപന സാധ്യത കൂടി പരിഗണിച്ചും വേണം 2020ലെ മഴക്കാലദുരന്തങ്ങളെ നേരിടുവാന്‍. ആയതിനാല്‍, സംസ്ഥാന ഇ.ഒ.സിയില്‍ കോവിഡ് സംബന്ധമായ വിഷയങ്ങളില്‍ ഉപദേശം നല്‍കുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്‌ദ്ധക്തരായ ഡോക്ടര്‍മാര്‍ കൂടി ഈ മാര്‍ഗ്ഗരേഖ പുതുക്കുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ട്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി
Last updated