ഇന്ത്യയിലെ മഴക്കാലം
ഇന്ത്യയിലെ ഏറ്റവും പ്രധാന മഴക്കാലമായ തെക്ക് പടിഞ്ഞാറൻ കാലവർഷം ആദ്യമെത്തുന്ന പ്രദേശമാണ് കേരളം. ഇടവപ്പാതിയെന്ന് വിളിക്കുന്ന ജൂൺ മുതൽ സെപ്റ്റംബർ വരെ ധാരാളമായി മഴ നൽകുന്ന തെക്ക് പടിഞ്ഞാറൻ മൺസൂണും പിന്നാലെയെത്തുന്ന തുലാവർഷം അഥവാ വടക്ക് കിഴക്കൻ മൺസൂണും (ഒക്ടോബർ മുതൽ ഡിസംബർ വരെ) ചേർന്ന് സമ്പന്നമാണ് കേരളത്തിലെ മഴക്കാലം. കേരളത്തിലെ വാർഷിക മഴയുടെ ദീർഘകാല ശരാശരി 2924.7 മില്ലി മീറ്റർ ആണ്. ഇതിൽ 2049.2 മില്ലി മീറ്റർ മഴയും തെക്ക് പടിഞ്ഞാറൻ മൺസൂണിലാണ് ലഭിക്കുന്നത്. 491.7 മില്ലി മീറ്ററാണ് 'സാധാരണ' (normal) വടക്ക് കിഴക്കൻ മൺസൂൺ മഴ. കേരളത്തിൽ ഏറ്റവുമധികം മഴ സാധാരണയായി ലഭിക്കാറുള്ളത് ജൂലൈ മാസത്തിലാണ്. സംസ്ഥാനത്തിലാകെ 720.1 മില്ലിമീറ്റർ മഴ ജൂലൈ മാസത്തിലും 643 മില്ലി മീറ്റർ മഴ ജൂൺ മാസത്തിലും ദീർഘകാല ശരാശരിയായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഈ രണ്ട് പ്രധാന മഴ മാസങ്ങൾക്ക് ശേഷമെത്തുന്ന ഓഗസ്റ്റ് മാസത്തിലെ 'സാധാരണ' പ്രതീക്ഷിക്കാവുന്ന മഴ 427 മില്ലി മീറ്ററാണ്. 1961 മുതൽ 2010 വരെ രേഖപ്പെടുത്തപ്പെട്ട മഴയുടെ വിവരങ്ങളിൽ നിന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ കണക്കുകൾ തയ്യാറാക്കിയിട്ടുള്ളത്. പരിചിതമല്ലാത്ത രീതിയിൽ ഉണ്ടാകുന്ന അസാധാരണ മഴ പലപ്പോഴും വലിയ നാശനഷ്ടങ്ങൾ സൃഷ്ടിക്കാറുണ്ട്.
കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് കാലാവസ്ഥാ സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ സർക്കാരിനും സംവിധാനങ്ങൾക്കും നല്കാൻ ഔദ്യോഗിക ചുമതയുള്ള ഏജൻസി. ഏപ്രിൽ മാസത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രസിദ്ധീകരിക്കുന്ന ആദ്യഘട്ട ദീർഘകാല മഴ പ്രവചനത്തിന്‍റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് മൺസൂൺ മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിക്കാറുള്ളത്.
Last updated