അനുബന്ധം 9 - വീടുകളില്‍ തിരികെ പോകുന്നവര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

ക്യാമ്പുകളില്‍ ചുവടെ ചേര്‍ക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കണം.

വെള്ളം കയറിയിറങ്ങിയതോ, ഉരുള്‍ പൊട്ടല്‍ മണ്ണിടിച്ചില്‍ ബാധിച്ചതോ ആയ വീടുകളിൽ തിരികെ ചെല്ലുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  1. ദുരന്ത ബാധിതമായ കെട്ടിടങ്ങള്‍ പരിശോധിക്കുവാനും, പുനര്‍നിര്‍മ്മിക്കുവാനും ഉതകുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവ ഇവിടെ ലഭിക്കും

  2. ഒറ്റക്ക് വീട്ടിലേക്ക് മടങ്ങരുത്. മുതിർന്നവർ രണ്ടോ അതിലധികമോ പേർ ഒരുമിച്ചു പോകണം.

  3. വീട്ടിലേക്ക് പോകുമ്പോള്‍ ഈ വസ്തുക്കള്‍ കൂടെ കരുതുക

  • Washing Powder - അലക്ക് പൊടി

  • Bleaching powder - ബ്ലീച്ചിങ് പൊടി

  • Mosquito coil - മോസ്കിറ്റോ കോയിൽ

  • Candles - മെഴുകുതിരികൾ

  • Matchbox - തീപ്പെട്ടി

  • Dettol - ഡെറ്റോൾ

  • First-aid Kit - പ്രഥമശുശ്രൂഷ കിറ്റ്

  • Toothpaste - ടൂത്ത്പേസ്റ്റ്

  • Water Bottle - വെള്ളകുപ്പി

  • Bathing Soap - സോപ്പ്

  1. ഒരു കാരണവശാലും രാത്രിയിൽ വീട്ടിലേക്ക് ചെല്ലരുത്. വീടിനകത്ത് പാമ്പു മുതൽ ഗ്യാസ് ലീക്ക് വരെ ഉണ്ടാകും. രാത്രി കയറിച്ചെല്ലുന്നത് കൂടുതൽ അപകടം വിളിച്ചുവരുത്തുകയാണ്.

  2. ഏതെങ്കിലും കാരണവശാൽ കെട്ടിടത്തിന്‍റെ സ്ഥാനം അതിന്‍റെ യഥാർത്ഥ അടിത്തറയിൽ നിന്നും നീങ്ങിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കെട്ടിടത്തിൽ പ്രവേശിക്കരുത്. പരിശീലനം ലഭിച്ചിട്ടുള്ള വിദഗ്ദർക്ക് മാത്രമേ ഇത്തരം സാഹചര്യങ്ങളിൽ പ്രവർത്തിക്കാനാകൂ.

  3. അധികാരികൾ സുരക്ഷിതമാണെന്ന് നിർദ്ദേശിക്കുന്നത് വരെ വീട്ടിലേക്ക് മടങ്ങരുത്

  4. മേൽക്കൂരകളും ഭിത്തികളും ബലഹീനമല്ലെന്നും വിള്ളലുകളില്ലെന്നും ഉറപ്പാക്കുക

  5. വീടും ചുറ്റുപാടും വൃത്തിയാക്കാൻ തുടങ്ങുന്നതിനുമുമ്പ് നാശം സംഭവിച്ച വസ്തുവകകളുടെ ഫോട്ടോകളും വീഡിയോകളും എടുക്കുക

  6. പ്രളയജലം കിണറുകളും ചവറുകളും മാൻഹോളുകളും മൂടിയിരിക്കും, അതിനാൽ സാവധാനവും സൂക്ഷിച്ചും ഡ്രൈവ് ചെയ്യുക

  7. വീടിന്‍റെ മെയിൻ സ്വിച്ച് ഓഫാണെന്ന് ഉറപ്പാക്കുക. സോളാർ, ഇൻവെർട്ടർ എന്നിവ സ്ഥാപിച്ചിട്ടുള്ളവർ മുൻകരുതൽ എടുക്കുക

  8. വൃത്തിയാക്കുന്ന സമയത്ത് എല്ലായ്പ്പോഴും കൈയ്യുറകൾ, പാദരക്ഷകൾ (പ്രത്യേകിച്ച് ബൂട്ട്സ്) ധരിക്കുക

  9. വെള്ളപ്പൊക്കം പൂർണ്ണമായും മറികടന്നതിനുശേഷം മാത്രമേ നിങ്ങളുടെ വീട്ടിലേക്ക് തിരിച്ചുപോകാവു

  10. വീട്, ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ എല്ലാ മുക്കിലും കോണിലും അണുനാശിനി ഉപയോഗിച്ചു വൃത്തിയാക്കുക

  11. വീടിന്‍റെ ജനാലകൾ പുറത്തുനിന്ന് തുറക്കാൻ പറ്റുമെങ്കിൽ അവ തുറന്നിട്ട് കുറച്ചു സമയം കഴിഞ്ഞ് വേണം അകത്ത് പ്രവേശിക്കാൻ.

  12. വീടിനകത്തും പുറത്തും ഇഴജന്തുക്കളെ പ്രതീക്ഷിക്കണം.

  13. വീടിനു പുറത്തു നിന്നും പൈപ്പ് വഴിയാണ് ഗ്യാസ് സപ്ലൈ ചെയ്യുന്നതെങ്കിൽ അഥവാ ഗ്യാസിന്‍റെ സിലിണ്ടർ വീടിന് വെളിയിലാണെങ്കിൽ അത് ഓഫ് ചെയ്യണം.

  14. വീടിന്‍റെ വാതിലിന്‍റെ ഇരുവശവും ചെളി ആണെങ്കില്‍ തുറക്കുക ശ്രമകരം ആയിരിക്കും. ബലം പ്രയോഗിക്കേണ്ടി വരും. പഴയ വീടാണെങ്കിൽ അത് ഭിത്തിയെയോ മേൽക്കൂരയെയോ അസ്ഥിരപ്പെടുത്താൻ വഴിയുണ്ട്, സൂക്ഷിക്കണം.

  15. വീടിനകത്ത് കയറുന്നതിന് മുൻപ് ഏതെങ്കിലും തരത്തിലുള്ള ഗ്യാസ് ലീക്ക് ഉള്ളതായി (അസ്വാഭാവിക ഗന്ധം) തോന്നിയാൽ വാതിൽ തുറന്ന് കുറെ കഴിഞ്ഞിട്ട് അകത്ത് കയറുക

  16. വെള്ളത്തിൽ വസ്തുക്കൾ ഒഴുകി നടക്കും, പലതും ഫാനിന്‍റെ മുകളിലോ മറ്റോ തങ്ങിനിന്ന് തലയിൽ വീഴാനുള്ള സാധ്യതയും മുന്നിൽ കാണണം.

  17. ഒരു കാരണവശാലും വീടിനകത്ത് ലൈറ്റർ ഉപയോഗിക്കരുത്, സിഗരറ്റോ മെഴുകുതിരിയോ കത്തിക്കുകയും അരുത്.

  18. വീട്ടിൽ ഫ്ലഷും, പൈപ്പും വർക്ക് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ അതിലൂടെ വരുന്നത് ശുദ്ധജലമാണോ കലക്ക വെള്ളമാണോ എന്ന് ശ്രദ്ധിക്കുക.

  19. ദുരന്ത ബാധിതമായ അടഞ്ഞു കിടക്കുന്ന വീടുകളില്‍ പൂപ്പല്‍, പഴയ പെയിന്‍റിലെ (1978 മുമ്പ് പണി കഴിപ്പിച്ച വീടുകളില്‍) ഈയത്തിന്‍റെ പൊടി എന്നിവ മനുഷ്യന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. ആയതിനാല്‍ ആദ്യം തന്നെ ഇത്തരം വീടുകള്‍ തുറന്നിട്ട് കുറഞ്ഞത് 2 മണിക്കൂര്‍ കഴിഞ്ഞ് മാത്രം വീടുകളില്‍ പ്രവേശിക്കുക.

  20. ദുരന്ത ബാധിതമായ കെട്ടിടങ്ങളില്‍ പാമ്പ് പോലുള്ള അപകടകാരികളായ ജീവികള്‍ ഒളിഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. ഇവയുടെ സാനിധ്യം പരിശോധിച്ചിട്ട് മാത്രം ഇത്തരം കെട്ടിടങ്ങളില്‍ പ്രവേശിക്കുക.

Last updated