അനുബന്ധം 3: ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
കോവിഡ്-19 സാഹചര്യം കൂടി പരിഗണിച്ചാണ് 2020ലെ ക്യാമ്പ് നടത്തിപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്.
ക്യാമ്പുകളുടെ പൊതു നടത്തിപ്പ് ചുമതല അതാത് സ്ഥലത്തെ വില്ലേജ് ഓഫീസര്‍ക്കായിരിക്കും
ക്യാമ്പ് നടത്തിപ്പിനായി വില്ലേജ് ഓഫീസറുടെ കൂടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനം ഒരു ചാർജ് ഓഫീസറെ നിയോഗിക്കേണ്ടതാണ്.
ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചാല്‍, 2018-2019 പ്രളയബാധിത മേഖലയിലെ താമസക്കാർ (പ്രത്യേകിച്ച് കുട്ടികൾ, ഗർഭിണികൾ, മുതിർന്നവർ, ദീർഘകാലരോഗബാധിതർ), കോവിഡിന്‍റെ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലെ തിരക്ക് ഒഴിവാക്കാനായി, ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ സുരക്ഷിതമായ സ്ഥലങ്ങളിലെ വീടുകളിലേക്ക് മാറി താമസിക്കുന്നത് പ്രോഹത്സാഹിപ്പിക്കുക.
തദ്ദേശ സ്ഥാപനത്തില്‍ ചുരുങ്ങിയത് നാല് എന്ന കണക്കില്‍ അടിയന്തിരഘട്ടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുവാന്‍ ആവശ്യമായ കെട്ടിടങ്ങള്‍ തദ്ദേശ സ്ഥാപനം കണ്ടെത്തുകയും ഇവയുടെ പട്ടിക വില്ലേജ് ഓഫീസര്‍ മുഖാന്തരം ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രങ്ങളില്‍ നല്‍കുകയും ചെയ്യുക.
കെട്ടിട്ടം ഒന്ന് - പൊതുവായ ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്തുവാനായി
കെട്ടിടം രണ്ട് - 60 വയസിന് മുകളില്‍ ഉള്ളവര്‍, കോവിഡ് ഇതര രോഗങ്ങള്‍ ഉള്ളവര്‍, ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയാല്‍ അവരെ പ്രത്യേകം താമസിപ്പിക്കുവാനായി
കെട്ടിടം മൂന്ന് - കോവിഡ്-19 രോഗലക്ഷണങ്ങൾ ഉള്ളവരെ മാറ്റി താമസിപ്പിക്കുവാനായി മുറിയോട് ചേര്‍ന്ന് ടോയ്‌ലറ്റ് സംവിധാനങ്ങൾ ഉള്ള കെട്ടിടങ്ങള്‍
കെട്ടിടം നാല് - ഹോം ക്വാറന്റൈനിൽ കഴിയുന്ന വ്യക്തികളെ താമസിപ്പിക്കുവാന്‍ താമസിപ്പിക്കുവാനായി മുറിയോട് ചേര്‍ന്ന് ടോയ്‌ലറ്റ് സംവിധാനങ്ങൾ ഉള്ള കെട്ടിടങ്ങള്‍. ഹോം ക്വാറന്റൈന്‍ സമയം കഴിയുന്ന മുറയ്ക്ക്, ആരോഗ്യ വകുപ്പിന്‍റെ അനുമതിയോടെ, പൊതു ക്യാമ്പുകളില്‍ (ഒന്നാം കെട്ടിടത്തില്‍) താമസിപ്പിക്കാവുന്നതാണ്.
ഇവയില്‍ കെട്ടിടം ഒന്നും, രണ്ടും ഒരേ ക്യാമ്പസില്‍ ആകുന്നതാണ് ഉചിതം. എന്നാല്‍ 'കെട്ടിടം മൂന്ന്, നാല്' എന്നിവ മറ്റൊരു ക്യാമ്പസില്‍ ആകുന്നതാണ് ഉചിതം
ക്യാമ്പില്‍ 60 വയസിന് മുകളില്‍ ഉള്ള ദീര്‍ഘസ്ഥായീരോഗങ്ങളുള്ളവര്‍ ഉണ്ടെങ്കില്‍ അത്തരത്തില്‍ ഉള്ള എല്ലാവരെയും ക്യാമ്പിലെ തന്നെ രണ്ടാം കെട്ടിടത്തില്‍ താമസിപ്പിക്കുക. ഇവരുമായി മറ്റ് പ്രായംകുറഞ്ഞ ക്യാമ്പ് അംഗങ്ങള്‍ ഇടപെടല്‍ പരമാവധി ഒഴിവാക്കുക. ഇവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനും പ്രത്യേകം സ്ഥലം ക്യാമ്പില്‍ ഒരുക്കുക.
ഹോം ക്വാറന്റൈനിൽ കഴിയുന്ന വ്യക്തികളെയും Reverse Quarantineല്‍ ഉള്ളവരെയും തദ്ദേശ സ്ഥാപനം മുൻകൂട്ടി കണ്ടെത്തിവയ്ക്കുക
ഹോം ക്വാറന്റൈനിൽ കഴിയുന്നവരെയും, കോവിഡ്-19 രോഗലക്ഷണങ്ങൾ ഉള്ളവരെയും പാര്‍പ്പിക്കുവാനുള്ള ക്യാമ്പുകളുടെ ആരോഗ്യപരമായ പരിപാലനത്തിന് ആരോഗ്യ വകുപ്പ് പ്രത്യേകം നടപടി ക്രമങ്ങള്‍ പുറത്തിറക്കുക
ഹോം ക്വാറന്റൈനിൽ കഴിയുന്ന വ്യക്തികളുടെ രക്ഷാപ്രവർത്തനത്തിന് ആരോഗ്യ പ്രവർത്തകരെക്കൂടി ഉൾപ്പെട്ട സംഘത്തെ മാത്രമേ നിയോഗിക്കാവൂ. ഇവരെ രക്ഷിക്കുവാന്‍ പോകുന്നവര്‍ നിര്‍ബന്ധമായും വ്യക്തിഗത സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം
കുടുംബമായി ക്യാമ്പില്‍ എത്തുന്നവര്‍ക്ക് ഒന്നിച്ച് താമസിക്കാനുള്ള സൗകര്യമുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. സര്‍ക്കാര്‍ സ്കൂളുകളുടെ ഒരു ക്ലാസ്മുറി 20 x 20 അടി എന്ന് കണക്കാക്കിയാല്‍ ഒരു മുറിയില്‍ പരമാവധി 8 മുതല്‍ 12 വ്യക്തികള്‍, അല്ലെങ്കില്‍ പരമാവധി 2 കുടുംബം മാത്രം താമസിക്കുന്നു എന്ന് ഉറപ്പ് വരുത്തുക.
ഓരോരുത്തർക്കും ആവശ്യമായ കിടക്കകൾ, ബെഡ്ഷീറ്റ്, സോപ്പ്, ടവൽ, എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തണം.
നിർബന്ധമായി എല്ലാവരും പ്രസ്പരം ഇടപഴുകാന്‍ സാധ്യതയുള്ള സമയങ്ങളിലെല്ലാം മാസ്ക് ധരിക്കണം
തുണി കൊണ്ട് ഉണ്ടാക്കിയ, പുനരുപയോഗിക്കാവുന്ന മാസ്കുകള്‍ ഉപയോഗിക്കുന്നത് പ്രോഹത്സാഹിപ്പിക്കുക
ഇത്തരം മാസ്ക് ഉപയോഗിക്കുമ്പോള്‍ പരിഗണിക്കേണ്ട നടപടികള്‍ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവ ക്യാമ്പില്‍ പ്രദര്‍ശിപ്പിക്കുക. Cloth Mask - Best practices - No. 31/F2/2020/Health dated 6th April 2020 (http://dhs.kerala.gov.in/wp-content/uploads/2020/04/mask08042020.pdf)
ക്യാമ്പിൽ കൈകൾ സോപ്പുപയോഗിച്ച് കഴുകുവാനുള്ള സൗകര്യം ഒരുക്കണം
വസ്ത്രം അണുവിമുക്തമാക്കുന്നതിനും കഴുകുന്നതിനുമുള്ള സൗകര്യം ഉറപ്പാക്കണം.
ക്യാമ്പിലേക്ക് വസ്തുക്കൾ കൊണ്ടുവരുന്നത്തിന് പരമാവധി കുറച്ചു പ്ലാസ്റ്റിക്ക് പാക്കിങ്ങുകൾ ഉപയോഗിക്കുക
ക്യാമ്പുകള്‍ നടത്താന്‍ കണ്ടെത്തുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ അതാത് വില്ലേജ് ഓഫീസര്‍ സൂക്ഷികേണ്ടതാണ്. കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ളതായിരിക്കണം എന്ന് നിര്‍ബന്ധം ഇല്ല.
സര്‍ക്കാര്‍ കെട്ടിടം അല്ലെങ്കില്‍ ഉടമസ്ഥരുമായി തഹസില്‍ദാര്‍ ഒരു റേറ്റ് കോണ്ട്രാക്റ്റ് കേന്ദ്ര സര്‍ക്കാര്‍ Ltr. No. 33-2/2015-NDM-I dated 17th April 2015 from Ministry of Home Affairs, Govt. of India പ്രകാരം നിഷ്കര്‍ഷിച്ചിരിക്കുന്നത് പോലെ ക്ഷണിച്ച് തീരുമാനമാക്കി സൂക്ഷിക്കുക. ആവശ്യമാണെങ്കില്‍ മാത്രം ഉപയോഗപ്പെടുത്തുക. ഇതിനാവശ്യമായ ഫോര്‍മാറ്റ് Handbook on Disaster Management – Volume 2 – Emergency Operations Centres & Emergency Support Functions Plan, Keralaല്‍ നല്‍കിയിട്ടുണ്ട്.
ക്യാമ്പ് നടത്തിപ്പിന്‍റെ ചെലവുകള്‍ എല്ലാം, വില്ലേജ് ഓഫീസര്‍, സ്ഥലത്തെ വാര്‍ഡ് മെംബര്‍, തദ്ദേശ സ്ഥാപന സെക്രട്ടറി എന്നിവര്‍ സാക്ഷ്യപ്പെടുത്തണം. ഇവര്‍ സാക്ഷ്യപ്പെടുത്താത്ത ചെലവുകള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിക്കരുത്.
ഒരു തദ്ദേശ സ്ഥാപനത്തില്‍ ആവശ്യത്തിന് കെട്ടിടം ഇല്ലെങ്കില്‍ അടുത്തുള്ള തദ്ദേശ സ്ഥാപനത്തില്‍ ഒരു കെട്ടിടം കണ്ടെത്തി കെട്ടിടം ഇല്ലാത്ത തദ്ദേശ സ്ഥാപനത്തില്‍ അറിയിക്കുക. ഇത്തരത്തില്‍ കണ്ടെത്തുന്ന കെട്ടിടങ്ങളുടെ വിവരം അതാത് വില്ലേജ് ഓഫീസിനു മുന്‍പിലും, തദ്ദേശ സര്‍ക്കാര്‍ ഓഫീസിന് മുന്‍പിലും, പോലീസ് സ്റ്റേഷന് മുന്‍പിലും പ്രദര്‍ശിപ്പിക്കുക. അതാത് തദ്ദേശ സ്ഥാപനത്തില്‍ കണ്ടെത്തുന്ന ക്യാമ്പ്‌കളുടെ വിവരം https://bit.ly/35TT7HW (Email ആയി ലിങ്ക് ജില്ലാ ഇ.ഓ.സിക്ക് നല്‍കിയിട്ടുണ്ട്) എന്ന ലിങ്കില്‍ നല്‍കുന്ന ഫോര്‍മാറ്റില്‍ ജില്ലാ തലത്തില്‍ ക്രോഡീകരിക്കുക. ഈ പ്രവര്‍ത്തനം 30-05-2020ന് മുന്‍പ് പൂര്‍ത്തിയാക്കണം.
ക്യാമ്പിൽ കൊതുക് ശല്യം ഉണ്ടാകാതിരിക്കുവാനുള്ള ക്രമീകരണങ്ങൾ ഒരുക്കുക
ക്യാമ്പില്‍ അഗ്നിശമനോപകരണം (Fire Extinguisher) ഉറപ്പാക്കണം.
ദുരിതാശ്വാസ ക്യാമ്പുകളായി തെരഞ്ഞെടുക്കുന്ന കെട്ടിടങ്ങളിൽ വൈദ്യുതി/ജലലഭ്യത ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. കെട്ടിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, വൈദ്യുതി, ശുചിമുറി എന്നിവ തദ്ദേശ സര്‍ക്കാര്‍, കേരള വാട്ടർ അതോറിറ്റി, KSEBL എന്നിവയുടെ സഹകരണത്തോടെ ഉറപ്പാക്കണം.
വൈദ്യുതി തടസ്സമുണ്ടാകുന്ന അവസരങ്ങളിൽ ഉപയോഗിക്കാൻ ജനറേറ്റര്‍/ഇന്‍വെര്‍ട്ടര്‍ വടകയ്ക്ക് എടുത്ത് സൂക്ഷിക്കുക. ഉടമസ്ഥരുമായി ഒരു റേറ്റ് കോണ്ട്രാക്റ്റ് കേന്ദ്ര സര്‍ക്കാര്‍ Ltr. No. 33-2/2015-NDM-I dated 17th April 2015 from Ministry of Home Affairs, Govt. of India പ്രകാരം നിഷ്കര്‍ഷിച്ചിരിക്കുന്നത് പോലെ ക്ഷണിച്ച് തീരുമാനമാക്കി സൂക്ഷിക്കുക. ആവശ്യമാണെങ്കില്‍ മാത്രം ഉപയോഗപ്പെടുത്തുക. ഇതിനാവശ്യമായ ഫോര്‍മാറ്റ് Handbook on Disaster Management – Volume 2 – Emergency Operations Centres & Emergency Support Functions Plan, Keralaല്‍ നല്‍കിയിട്ടുണ്ട്.
ക്യാമ്പുകളിലെ വിനോദ വിവര വിനിമയ സൗകര്യങ്ങൾ ലഭ്യമാക്കുന്ന ചുമതല തദ്ദേശ വകുപ്പിനായിരിക്കും
ക്യാമ്പുകളിൽ പൊതുവായോ കൈമാറ്റം ചെയ്തോ ദിനപത്രം, പുസ്തകം, മാസിക എന്നിവയ ഉപയോഗിക്കുന്നത് കോവിഡ്-19 പകരുന്നതിന് സാധ്യത വർദ്ധിപ്പിച്ചേക്കാം. ആയതിനാൽ അവ ഒഴിവാക്കുക.
ടി.വി/സിനിമ/വാര്‍ത്ത കാണുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്താവുന്നതാണ്.
വ്യായാമം ചെയ്യുന്നതിനുള്ള പ്രേരണയും സൗകര്യവും ലഭ്യമാക്കണം.
മൊബൈൽ ചാർജിങ്, റീചാർജ്ജിങ് സൗകര്യം ലഭ്യമാക്കണം.
ആരോഗ്യ വകുപ്പ് പുറത്തിറക്കുന്ന കോവിഡ്-19 സംബന്ധിയായ വിവിധ വീഡിയോകള്‍ ക്യാമ്പില്‍ പ്രദര്‍ശിപ്പിക്കുക
ക്യാമ്പുകളുടെ നടത്തിപ്പ്
ക്യാമ്പുകളിലെ വിവരശേഖരണത്തിനായി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഒരു മൊബൈല്‍ ആപ്ലികേഷന്‍ തയ്യാറാക്കി വിശദമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കും.
ക്യാമ്പുകളുടെ ദൈനംദിന നടത്തിപ്പ് ചുമതല റവന്യൂ, തദ്ദേശ സ്ഥാപനം എന്നിവര്‍ ചേര്‍ന്ന് നടത്തണം.
എല്ലാ ക്യാമ്പുകളിലും ചുമതലക്കാരായി മൂന്ന് ഉദ്യോഗസ്ഥരെ തഹസില്‍ദാര്‍ നിയോഗിക്കണം. ഷിഫ്റ്റ് വ്യവസ്ഥയില്‍ ഇവരുടെ സേവനം എല്ലാദിവസവും 8 മണിക്കൂര്‍ വീതം ക്യാമ്പില്‍ ലഭ്യമായിരിക്കണം.
ഇലക്ഷന്‍ സമയത്തെ രീതിയില്‍ എട്ട് ക്യാമ്പുകള്‍ക്ക് ഒരു സെക്ടര്‍ ഓഫീസര്‍ എന്ന നിലയില്‍ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. ജില്ലാ കളക്ടര്‍ക്ക് ഏതൊരു വകുപ്പിലെയും ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താം. ഈ ഉദ്യോഗസ്ഥന് ഒരു വാഹനം വാടകയ്ക്ക് നല്‍കുകയും, ദിവസവും ഒരു തവണ എങ്കിലും ഇദ്ദേഹം ക്യാമ്പുകള്‍ സന്ദര്‍ശിച്ച് വൈകിട്ട് 3 മണിക്കുള്ളില്‍ ക്യാമ്പ് റജിസ്റ്ററില്‍ ഒപ്പ് വയ്ക്കണം.
എല്ലാ ക്യാമ്പുകളിലും ക്യാമ്പ് പരിപാലന കമ്മിറ്റി രൂപീകരിക്കുക. കമ്മിറ്റി അംഗങ്ങള്‍ - വാര്‍ഡ് മെമ്പര്‍, ക്യാമ്പിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍, ക്യാമ്പിലെ ഒരു വനിതാ പ്രതിനിധി, ക്യാമ്പിലെ ഒരു പുരുഷ പ്രതിനിധി.
ക്യാമ്പിന് പുറത്തുള്ള ആരും കമ്മിറ്റിയില്‍ അംഗം ആക്കുവാന്‍ പാടുള്ളതല്ല.
ക്യാമ്പ് നടത്തിപ്പ് കമ്മിറ്റി എല്ലാ ദിവസവും ഒരു തവണ എങ്കിലും യോഗം ചേര്‍ന്ന് ക്യാമ്പ് നടത്തിപ്പ് വിലയിരുത്തി വിവരങ്ങള്‍ ക്യാമ്പ് നടത്തിപ്പിന് ചുമതലയുള്ള വില്ലേജ് ഓഫീസര്‍ക്ക് നല്‍കേണ്ടതാണ്. വിലയിരുത്തേണ്ട വിഷയങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
ദുരിതാശ്വാസ ക്യാമ്പ് നടത്തിപ്പ് കമ്മിറ്റി ദൈനംദിനം വിലയിരുത്തേണ്ട വിഷയങ്ങള്‍
ക്യാമ്പിന്‍റെ പേര്, വില്ലേജ്
റിപ്പോര്‍ട്ട് തീയതി, സമയം
Sl. No
വിഷയം
സാഹചര്യം
1
ഭക്ഷണ ലഭ്യത
നാളത്തെ ആവശ്യത്തിന് ഉണ്ട്/ നാളത്തെ ആവശ്യത്തിന് ഇല്ല
2
ആര്‍ക്കെങ്കിലും അസുഖം ഉണ്ടോ
ഉണ്ട്/ഇല്ല
3
വൈദ്യുതി/ജനറേറ്റര്‍
ഉണ്ട്/ഇല്ല
4
പ്രവര്‍ത്തിക്കുന്ന എത്ര ശുചിമുറികള്‍ ഉണ്ട്
5
ഡോക്ടറുടെ സേവനം ലഭ്യമാണോ
ഉണ്ട്/ഇല്ല
6
സ്ത്രീകള്‍ എത്ര
7
ഗര്‍ഭിണികള്‍ എത്ര
8
പുരുഷന്മാര്‍ എത്ര
9
കുട്ടികള്‍ എത്ര
10
അംഗപരിമിതര്‍ എത്ര
11
ഭിന്നശേഷിക്കാര്‍ എത്ര
12
ശുദ്ധ ജല ലഭ്യത ക്യാമ്പില്‍ ഉണ്ടോ
ഉണ്ട്/ഇല്ല
13
പനി, ചുമ, ശ്വാസതടസ്സം, വയറിളക്കം, തൊണ്ട വേദന ഉള്ള എത്ര വ്യക്തികള്‍ ഉണ്ട്
14
പനി, ചുമ, ശ്വാസതടസ്സം, വയറിളക്കം, തൊണ്ട വേദന ഉള്ളവരെ ഡോക്ടര്‍ പരിശോധിച്ചോ
15
60 വയസിനുമേല്‍ പ്രായമുള്ളവര്‍
16
ദീര്‍ഘസ്ഥായി രോഗങ്ങളുള്ളവര്‍
ക്യാമ്പുകളില്‍ ഭക്ഷണവും മറ്റ് അത്യാവശ്യ വസ്തുക്കളും എത്തിക്കുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളും, സന്നദ്ധ സംഘടനകളും, മത സ്ഥാപനങ്ങളും, വ്യക്തികളും ക്യാമ്പിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കൈവശം മാത്രം ഇവ നല്‍കേണ്ടതാണ്. ലഭിക്കുന്ന വസ്തുക്കളുടെ വിതരണം ക്യാമ്പ് പരിപാലന കമ്മിറ്റിയുടെ ഉത്തരവാദിത്തവുമാണ്. സര്‍ക്കാര്‍ സംവിധാനത്തിലൂടെ അല്ലാതെ ലഭിക്കുന്ന സഹായങ്ങള്‍ക്ക് പ്രത്യേകം രജിസ്റ്റര്‍ സൂക്ഷിക്കുക.
ക്യാമ്പുകളില്‍ സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ സംഘടനകള്‍, മത സ്ഥാപനങ്ങള്‍ എന്നിവര്‍ നേരിട്ട് വസ്തുവകകളും, ആഹാര സാധനങ്ങളും വിതരണം ചെയ്യുന്നില്ല എന്ന് ക്യാമ്പിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കര്‍ശനമായി ഉറപ്പ് വരുത്തണം.
ക്യാമ്പുകളില്‍ രാഷ്ട്രീയ, ജാതി, മത പരിഗണനകള്‍ ഉണ്ടാകുവാന്‍ പാടുള്ളതല്ല.
ക്യാമ്പുകളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും, സന്നദ്ധ സംഘടനകളുടെയും, രാഷ്ട്രീയ സംഘടനകളും, മത സ്ഥാപനങ്ങളും അവരുടെ അടയാളങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ക്യാമ്പിന്‍റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണം.
ക്യാമ്പുകളിലെ ആരോഗ്യ പരിപാലനം
ക്യാമ്പുകളിലെ ആരോഗ്യ പരിപാലനം ആരോഗ്യ വകുപ്പിന്‍റെ ചുമതല ആയിരിക്കും
ആരോഗ്യപരമായ കാര്യങ്ങളിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ദിശയുടെ ടോൾ ഫ്രീ നമ്പർ 1056 അല്ലെങ്കിൽ 0471-2552056 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവർത്തകർ ദിനവും ക്യാമ്പിലുള്ള എല്ലാവരേയും നിരീക്ഷിക്കുകയും കോവിഡ്-19 രോഗലക്ഷണങ്ങൾ (പനി, ചുമ, ശ്വാസതടസ്സം, വയറിളക്കം, തൊണ്ട വേദന മുതലായവ) ഉണ്ടെങ്കിൽ പി.എച്ച്.സി ഡോക്ടറോട് റിപ്പോർട്ട് ചെയ്യുക.
ബോധവത്കരണത്തിലൂടെ രോഗലക്ഷണങ്ങൾ സ്വയം റിപ്പോർട്ട് ചെയ്യാൻ ആളുകളെ പ്രാപ്തരാക്കുക.
രോഗ ലക്ഷണം ഉള്ളവരെ, അവരെ താമസിപ്പിക്കുവാനായി തിരഞ്ഞെടുത്ത (കെട്ടിടം മൂന്ന്) കെട്ടിടത്തിലേക്ക് പെട്ടന്ന് തന്നെ മാറ്റുക
രോഗലക്ഷണങ്ങൾ ഉള്ളവരുടെ കോവിഡ്-19 പരിശോധന ധ്രുതഗതിയിലാക്കുക
പരിശോധനാഫലം പോസിറ്റീവ് ആകുന്ന വ്യക്തികളെ കോവിഡ് 19 ട്രീറ്റ്‌മെന്റ് സെന്ററിലേക്കു മാറ്റാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക
കോവിഡ്-19 ലക്ഷണങ്ങൾ കാണിക്കുന്ന സന്നദ്ധ പ്രവർത്തകർ/ആരോഗ്യ പ്രവർത്തകർ ഉടനടി സ്വയം ഐസൊലേറ്റ് ചെയ്യുകയും പരിശോധനയക്ക് വിധേയമാകുകയും വേണം.
കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളവരുടെയും, ഹോം ക്വറന്‍റിനില്‍ ഉള്ളവരുടെയും ലഗേജ്, വസ്ത്രങ്ങള്‍ എന്നിവ അവര്‍ തന്നെ കൈകാര്യം ചെയ്യേണ്ടതാണ്. ആരോഗ്യ കാരണങ്ങളാല്‍ അതിന് സാധിക്കാതെ വന്നാല്‍ വ്യക്തി സുരക്ഷാ ഉറപ്പ് വരുത്തി കൈയ്യുറ, മാസ്ക്ക് എന്നിവ ധരിച്ച് ശാരീരിക അകലം പാലിച്ച് കൊണ്ട് ഇവരെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സഹായിക്കാവുന്നതാണ്.
ക്യാമ്പിലെ അന്തേവാസികൾക്ക് മാനസിക സംഘര്‍ഷം ഒഴിവാക്കുവാനായി Counsilling സംവിധാനം ഒരുക്കേണ്ടതാണ്
നിലവിൽ സ്ഥിരമായി മരുന്ന് കഴിക്കുന്നവർക്ക് അവയുടെ ലഭ്യത ഉറപ്പുവരുത്തുക.
ഹെൽത്ത് ഇൻസ്പെക്ടറിന്‍റെ നേതൃത്വത്തിൽ പെരിഫെറൽ ആരോഗ്യ സ്ഥാപനങ്ങൾ ക്യാമ്പില്‍ സംയോജിത കൊതുക് നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടതാണ്
ക്യാമ്പിലെ ശുചീകരണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആഴ്ചതോറും എലിപ്പനിക്കെതിരെയുള്ള രോഗപ്രതിരോധഗുളിക doxycycline - 200 mg നല്‍കണമോ എന്നു അതാത് പി.എച്ച്.സി ഡോക്ടര്‍ തീരുമാനിക്കുകയും ആവശ്യമെങ്കില്‍ നല്‍കുകയും ചെയ്യുക.
ശുചിത്വ-മാലിന്യ പരിപാലനം
കുറഞ്ഞത് 30 പേർക്ക് 1 ടോയ്‌ലറ്റ് ഉറപ്പ് വരുത്തുക
ടോയ്‌ലറ്റ് ഉപയോഗത്തിന് മുൻപും പിൻപും കൈകളുടെ ശുചിത്വം ഉറപ്പു വരുത്തുവാനായി ശുചിമുറികളില്‍ സോപ്പ് ലായനി കുപ്പികളില്‍ തൂക്കി ഇടുക. ലായനി തീര്‍ന്ന് പോകുന്ന അവസ്ഥ ഒഴിവാക്കുവാന്‍ ദിവസം 4 വട്ടം സന്നദ്ധ പ്രവര്‍ത്തകര്‍ പരിശോധിക്കുക.
ശുചീകരണ വസ്തുക്കളും (ലോഷന്‍, ഫീനോള്‍, ക്ലോറിന്‍, ബ്ലീച്ചിങ് പൌഡര്‍, ചൂലുകള്‍, തറ തുടയ്ക്കുവാന്‍ ആവശ്യമായ തുണി/മോപ്പ്, സോഡിയം ഹൈപ്പോ ക്ലോറൈഡ്), ശുചീകരണം നടത്തുന്നവര്‍ക്ക് ആവശ്യമായ വ്യക്തി സുരക്ഷാ സാമഗ്രികളും (കയ്യുറ, ഗംബൂട്ട്) ദിവസവും ആവശ്യത്തിന് ലഭ്യമാക്കണം
1% ബ്ലീച് ലായനി (1 ലിറ്റര്‍ വെള്ളത്തില്‍ 30 ഗ്രാം പുതിയ ബ്ലീച്ചിങ് പൌഡര്‍) ഉപയോഗിച്ച് ദിവസത്തിൽ രണ്ട് പ്രാവശ്യം നിലം വൃത്തിയാക്കുക. അതിസ്പർശന പ്രതലങ്ങൾ (ടോയ്‌ലറ്റ്, വാതിൽപിടി, ടേബിളുകൾ) 1% ബ്ലീച് ലായനി ഉപയോഗിച്ചു ദിവസവും ചുരുങ്ങിയത് 4 തവണ വൃത്തിയാക്കുക
ശുചിമുറികള്‍ ദിവസവും രണ്ട് തവണ ഫീനോള്‍ അല്ലെങ്കില്‍ ബ്ലീച്ചിങ് പൌഡര്‍ ഉപയോഗിച്ച് വൃത്തിയാക്കണം
ക്യാമ്പ്കളിലെ എല്ലാ മുറികളുടെയും പ്രവേശന കവാടത്തില്‍ ഹാന്‍ഡ് സാനിട്ടൈസര്‍ ഉറപ്പാക്കുക
ക്യാമ്പുകളിലെ ശുചിത്വ-മാലിന്യ പരിപാലന ചുമതല തദ്ദേശ വകുപ്പിനായിരിക്കും
ക്യാമ്പുകളും, പരിസരവും ദിവസവും ശുചീകരിക്കുക
ഗ്ലൗസ്, ബൂട്സ് മുതലായവ ഉപയോഗിച്ചു മാത്രം ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക
ആവശ്യത്തിന് ശുചിമുറികള്‍ ഇല്ലാത്ത ക്യാമ്പ്കളില്‍ തല്‍കാലിക കെമിക്കല്‍ ശുചിമുറികള്‍, ബയോ-ശുചിമുറികള്‍ എന്നിവ ആവശ്യമെങ്കില്‍ മുന്‍കൂട്ടി ഉറപ്പ് വരുത്തുക. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനത്തിന് വിധേയമായി 2245-02-101-94-Flood-Other items എന്ന ഹെഡ്ല്‍ നിന്നും ഇതിനായി തുക വഹിക്കാവുന്നതാണ്.
ശുചിമുറികളില്‍ ആവശ്യമായ ബക്കറ്റ്, മഗ്ഗ് എന്നിവയുടെയും ലഭ്യത ഉറപ്പാക്കണം.
സ്ത്രീകളുടെ മുറികളില്‍ സാനിട്ടറി നാപ്ക്കിന്‍ ഉറപ്പാക്കുക. ഇവയുടെ ഉപയോഗ ശേഷമുള്ള ശാസ്ത്രീയ ശേഖരണവും സംസ്ക്കരണവും ഉറപ്പാക്കുക
ക്യാമ്പ്കളില്‍ ജൈവ മാലിന്യവും, അജൈവ മാലിന്യവും ശേഖരിക്കുന്നതിന് പ്രത്യേകം അടപ്പുള്ള ബിന്നുകളും, മാലിന്യ ശേഖരണ ബാഗുകളും ലേബല്‍ ചെയ്തു ലഭ്യമാക്കുക
ശേഖരിക്കുന്ന ഭക്ഷണ അവശിഷ്ട്ടം കബോസ്റ്റ് ചെയ്യുന്നതിനുള്ള ക്രമീകരണം ഉറപ്പാക്കുക
മാലിന്യം സംസ്കരിക്കുന്നതിന് തദ്ദേശ സ്ഥാപനം ആവശ്യമായ നടപടി സ്വീകരിക്കുക
ക്യാമ്പുകളുടെ ശുചീകരണ പ്രവർത്തനങ്ങളിലും മറ്റും സഹായിക്കുന്ന സന്നദ്ധപ്രവർത്തകരുടെ ബോധവത്കരണ ക്ലാസ്സുകള്‍ മുൻകൂട്ടി നിശ്ചയിക്കുകയും തദ്ദേശ സ്ഥാപനം നടപ്പിലാക്കുകയും ചെയ്യുക.
വസ്ത്രം കഴുകാനായി പ്രത്യേകം സമയം ക്രമീകരിക്കേണ്ടതാണ്
ഭക്ഷണ ക്രമീകരണം
തദ്ദേശ സ്ഥാപനത്തിന്‍റെയും, സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെ, ക്യാമ്പില്‍ ഭക്ഷണം ലഭ്യമായി എന്ന് ഉറപ്പ് വരുത്തേണ്ടത് വില്ലേജ് ഓഫീസറും, ക്യാമ്പ് പരിപാലന കമ്മിറ്റിയും ആയിരിക്കും
ഭക്ഷണം കഴിക്കുവാന്‍ തിക്കും തിരക്കും ഒഴിവാക്കുവാന്‍ പല സ്ഥലങ്ങളില്‍ ആയി പരമാവധി 20 പേരില്‍ കൂടാതെ ഭക്ഷണം കഴിക്കുവാന്‍ ക്രമീകരണം ചെയ്യുക
ഭക്ഷണം കഴിക്കുന്നതിനുള്ള പ്ലേറ്റ്, ഗ്ലാസ് എന്നിവ ഓരോരുത്തർക്കും പ്രത്യേകം നല്‍കുവാനും, ക്യാമ്പില്‍ താമസിക്കുന്ന സമയത്തോളം ഓരോരുത്തരും അവരവരുടെ തന്നെ പ്ലേറ്റ്, ഗ്ലാസ്സ് എന്നിവ ഉപയോഗിക്കുന്നു എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം
ഭക്ഷണം കൈകാര്യം (പാചകം, വിതരണം etc.) ചെയ്യുന്നവർ ഉപയോഗിച്ച പാത്രങ്ങളിലോ ഭക്ഷണാവശിഷ്ടങ്ങളിലോ നേരിട്ട് സ്പർശിക്കരുത്. ഭക്ഷണവും ഭക്ഷണാവശിഷ്ടങ്ങളും കൈകാര്യം ചെയ്യുമ്പോൾ എല്ലായ്പ്പോഴും കയ്യുറകളും മാസ്കും ധരിക്കേണ്ടതാണ്.
ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള സന്നദ്ധ പ്രവർത്തകരുടെ സേവനം ഉറപ്പാക്കണം. സന്നദ്ധ പ്രവർത്തകരും കയ്യുറകളും മാസ്കും ധരിക്കേണ്ടതാണ്.
ഓരോ കുടുംബത്തിനും മുറിയില്‍ കുടിവെള്ളത്തിനായി പ്രത്യേകം ജഗ്ഗ് ഉണ്ടെന്ന് ഉറപ്പാക്കണം.
ഭക്ഷണം കഴിക്കുന്ന പാത്രം, ഗ്ലാസ് എന്നിവ സ്വയം കഴുകി വൃത്തിയാക്കി സൂക്ഷിക്കുന്നതിന് നിർദ്ദേശം നൽകണം.
ക്യാമ്പുകളില്‍ ആവശ്യമായ എല്ലാ ഭക്ഷ്യ-ധാന്യങ്ങളും, പച്ചക്കറിയും, മത്സ്യവും, മാംസവും, എണ്ണയും, മണ്ണെണ്ണയും, പാചക വാതകവും സപ്ലൈകോ, കണ്‍സ്യുമര്‍ ഫെഡ്, ഹോര്‍ട്ടി കോര്‍പ്പ്, മത്സ്യ ഫെഡ്, കെപ്കോ എന്നുവയില്‍ നിന്നും വാങ്ങുവാന്‍ കരാര്‍ ഉണ്ടാക്കുക. ഇവയുടെ ലഭ്യത ക്യാമ്പുകള്‍ക്ക് ഉറപ്പുവരുത്തുവാന്‍ ഈ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂട്ടി നിര്‍ദ്ദേശം നല്‍കുകയും, കേന്ദ്ര സര്‍ക്കാര്‍ Ltr. No. 33-2/2015-NDM-I dated 17th April 2015 from Ministry of Home Affairs, Govt. of India പ്രകാരം നിഷ്കര്‍ഷിച്ചിരിക്കുന്നത് പോലെ റേറ്റ് കോണ്‍ട്രാക്റ്റ് ക്ഷണിച്ച് തീരുമാനമാക്കി സൂക്ഷിക്കുകയും ചെയ്യുക. ആവശ്യമാണെങ്കില്‍ മാത്രം ഉപയോഗപ്പെടുത്തുക. ഇതിനാവശ്യമായ ഫോര്‍മാറ്റ് Handbook on Disaster Management – Volume 2 – Emergency Operations Centres & Emergency Support Functions Plan, Keralaല്‍ നല്‍കിയിട്ടുണ്ട്.
പ്രൈവറ്റ് ആയി ഇത്തരം അവശ്യസാധനങ്ങള്‍ വാങ്ങേണ്ടുന്ന സ്ഥിതി സംജാതമായാല്‍ ഇവ മേല്‍ സൂചിപിച്ച സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ലഭ്യമല്ല എന്ന് വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണ്.
ക്യാമ്പുകളിലെ അടുക്കളയില്‍ മണ്ണെണ്ണയോ, പാചക വാതകകമോ ഉപയോഗിക്കുവാന്‍ ശ്രമിക്കുക. വിറക് ആവശ്യമാണെങ്കില്‍ റേറ്റ് കോണ്‍ട്രാക്റ്റ് ക്ഷണിച്ച് അഗീകരിച്ച വ്യക്തിയില്‍ നിന്നുമാത്രം സംഭരിക്കുക.
കൊതുകിന്‍റെ പ്രജനനം, ജല മലിനീകരണം എന്നിവ തടയുന്നതിനായി ജലം നിറച്ച പാത്രങ്ങൾ നന്നായി അടച്ചു സൂക്ഷിക്കുക. ജലസംഭരണികൾ ഉപയോഗിക്കുന്നതിനു മുൻപ് വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണം
ശുദ്ധജലലഭ്യത ഉറപ്പാക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. തിളപ്പിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ വെള്ളം സൂപ്പർ ക്ലോറിനേറ്റ് ചെയ്ത് ഉപയോഗിക്കുക. ശുദ്ധജലലഭ്യത ഉറപ്പാക്കുവാനായി തഹസില്‍ദാരുടെ അംഗീകാരത്തോടെ ക്യാമ്പില്‍ ടാങ്കറില്‍ ജലം ലഭ്യമാക്കാവുന്നതാണ്
വെള്ളം സൂപ്പർ ക്ലോറിനേറ്റ് ചെയ്യേണ്ട വിധം:
1000 ലിറ്റർ വെള്ളത്തിൽ 5 ഗ്രാം (1 ടീസ്പൂൺ) ബ്ലീച്ചിങ്ങ് പൗഡർ എന്ന ക്രമത്തിൽ ആവശ്യമായ ബ്ലീച്ചിങ്ങ് പൗഡർ ഒരു ബക്കറ്റിൽ എടുക്കുക. ഇതിൽ അല്പം വെള്ളം ചേർത്ത് കുഴമ്പു പരുവത്തിലാക്കുക. നന്നായി കുഴമ്പ് ആയ ശേഷം ബക്കറ്റിൻറെ മുക്കാൽ ഭാഗം വെള്ളം ഒഴിച്ച് ഇളക്കുക.ശേഷം ബക്കറ്റ് 10 മിനിറ്റ് അനക്കാതെ വെക്കുക. മുകളിലെ തെളിഞ്ഞ ക്ലോറിൻ ലായനി ജലസംഭരണിയിലേക്കു പകരുക. സൂപ്പർക്ലോറിനേറ് ചെയ്ത വെള്ളം 1 മണിക്കൂറിന് ശേഷം ഉപയോഗിക്കുക
20 ലിറ്റർ വെള്ളത്തിന് 500 mg ക്ലോറിൻ ടാബ്‌ലറ്റ് ഒരെണ്ണം മതിയാകും.
200 ലിറ്റർ വെള്ളത്തിന് 5 gm ക്ലോറിൻ ടാബ്‌ലറ്റ് ഒരെണ്ണം മതിയാകും
ക്യാമ്പില്‍ കഴിയുന്നവർക്കുള്ള നിര്‍ദ്ദേശം
സന്ദർശകരെ ഒഴിവാക്കുക
ക്യാമ്പിൽ കഴിയുന്ന മറ്റുള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കുക - ശാരീരിക അകലം പാലിക്കുക
സാധന സാമഗ്രികളും, വസ്ത്രങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും പരസ്പരം പങ്കിടാതിരിക്കുക
ഒരു മുറിയിലെ അംഗങ്ങളും, മറ്റ് മുറികളിലെ അംഗങ്ങളും തമ്മില്‍ ഉള്ള ഇടപെടല്‍ ഏറ്റവും കുറവായിരിക്കണം എന്ന് ക്യാമ്പില്‍ വസിക്കുന്നവരെ ബോധവത്ക്കരിക്കുക
പരിസരം മലിനമാകാതെ വൃത്തിയായി സൂക്ഷിക്കുക
മാലിന്യം തരംതിരിച്ച് പ്രത്യേകമായി ലഭ്യമാക്കിയിട്ടുള്ള വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുമെന്ന് ഉറപ്പാക്കുക
ദിവസവും കഴുകി വൃത്തിയാക്കിയ വസ്ത്രം ഉപയോഗിക്കുക
ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ യഥാസമയം ക്യാമ്പ് പരിപാലന കമ്മിറ്റിയെ അറിയിക്കുക
അലക്ഷ്യമായി തുപ്പാതിരിക്കുക
മുഴുവൻ സമയവും സുരക്ഷിതമായി തുണികൊണ്ടുള്ള മാസ്ക് ധരിക്കുക. ഒരു മാസ്ക് വൃത്തിയാക്കാതെ 6 മണിക്കൂറിൽ കൂടുതൽ തുടര്‍ച്ചയായി ഉപയോഗിക്കരുത്.
സോപ്പ്/സോപ്പ്പൊടി ഉപയോഗിച്ചു മാസ്കുകൾ ദിവസവും കഴുകി വെയിലിൽ ഉണക്കി/ഇസ്തിരി ഇട്ടതിന് ശേഷം മാത്രം ഉപയോഗിക്കുക
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക്ക് മാറ്റരുത്. മാസ്ക് ഇല്ലെങ്കില്‍ തൂവാല കൊണ്ട് മുഖം മറയ്ക്കുക. അതിന് ശേഷം കൈകള്‍ സോപ്പും, വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുചിയക്കേണ്ടതാണ്.
സാമൂഹിക അകലം പാലിക്കുക.
ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നതും ശീലമാക്കുക.
ഒറ്റത്തവണ ഉപയോഗിക്കുന്ന കയ്യുറയും, മാസ്ക്കും ഒരു കരണവശാലും അലക്ഷ്യമായി വലിച്ചെറിയരുത്. അവ കത്തിച്ച് കളയുകയോ, ബ്ലീച്ചിങ് പൗഡർ ലായനിയിൽ മുക്കിവെച്ചതിന് ശേഷം കുഴിച്ചിടുകയോ ചെയ്യാം.
കൈകൾ വൃത്തിയാക്കുന്നത് അണുബാധയിൽ നിന്ന് രക്ഷിക്കുന്നതിനുള്ള ഒരു അടിയന്തര മാർഗ്ഗമാണ്. സോപ്പും, വെള്ളവും ഉപയോഗിച്ച് കൈ കഴുകുക. നിങ്ങളുടെ കൈകൾ വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഈ കാര്യങ്ങൾ ചെയ്യുക:
കൈകൾ ശുദ്ധവും, ഒഴുക്കുള്ളതുമായ വെള്ളം (ചൂടുള്ള അല്ലെങ്കിൽ തണുത്ത) ഉപയോഗിച്ച് സോപ്പ് പുരട്ടി കഴുകുക.
കൈകൾ സോപ്പ്, ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കന്റ് നേരം ഉരച്ച് കഴുകുക. നിങ്ങളുടെ കൈയുടെ പുറം വശം വിരലുകളുടെ ഇടഭാഗം, നഖങ്ങളുടെ ഉൾഭാഗം, തള്ളവിരല്‍, എന്നിവയും ഉരച്ച് കഴുകുക.
ഉണങ്ങിയ ഒരു തൂവാല കൊണ്ട് കൈ തുടയ്ക്കുക സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് അണുക്കളുടെ അളവ് കുറയ്ക്കുന്നതിനുള്ള മികച്ച മാർഗമാണ്.
സോപ്പും ജലവും ലഭ്യമല്ലെങ്കിൽ, സാനിറ്റൈസറുകൾ ഉപയോഗിക്കുക. കൈ പ്രത്യക്ഷമായി വൃത്തികേടായിരിക്കുന്ന സമയത്ത് സാനിറ്റൈസറുകൾ ഫലപ്രദമല്ല.
കൈകൾ കഴുകേണ്ടത് എപ്പോഴെല്ലാം?
ഭക്ഷണം ഉണ്ടാക്കുന്നതിനുമുമ്പും ശേഷവും
ഭക്ഷണം കഴിക്കുന്നതിനുമുമ്പ്
ടോയ്ലറ്റ് ഉപയോഗിച്ചതിനുശേഷം
ടോയ്ലറ്റ് ഉപയോഗിച്ച ഒരു കുഞ്ഞിനെ വൃത്തിയാക്കിയ ശേഷം
രോഗം പിടിപെട്ട ഒരാളെ ശുശ്രൂഷിക്കുന്നതിന് മുമ്പും ശേഷവും
നിങ്ങൾ ചുമയ്ക്കുകയോ, അല്ലെങ്കിൽ തുമ്മുകയോ ചെയ്ത ശേഷം
മൃഗങ്ങളെ അല്ലെങ്കിൽ മൃഗ മാലിന്യങ്ങൾ സ്പര്‍ശിച്ചതിനുശേഷം
ചപ്പുചവറിൽ സ്പർശിച്ച ശേഷം
മുറിവുകൾ പരിപാലിക്കുന്നതിനു മുമ്പും ശേഷവും
ദന്തശുചിത്വം - ശുദ്ധവും സുരക്ഷിതവുമായ ജലം ഉപയോഗിച്ച് മാത്രമേ പല്ല് തേക്കാവൂ. ടാപ്പ് വാട്ടർ സുരക്ഷിതമാണോ എന്ന് ഉറപ്പ് വരുത്തുക.
കുളിക്കുന്ന വിധം - പ്രകൃതി ദുരന്ത ശേഷം ശുദ്ധമായ വെള്ളത്തിൽ മാത്രം കുളിക്കുക. ആവശ്യമെങ്കില്‍ കുടിവെള്ളമായി ഉപയോഗിക്കാൻ കഴിയാത്ത, തെളിഞ്ഞതല്ലാത്ത വെള്ളം ക്ലോറിനേറ്റ് ചെയ്തതിന് ശേഷം കുളിക്കാനായി ഉപയോഗിക്കാം. എന്നാൽ ഈ വെള്ളം വായിലൂടെ ഉള്ളിൽ പോകാതിരിക്കാനും കണ്ണ് കഴുകാതിരിക്കാനും ശ്രദ്ധിക്കണം.
മുറിവ് സംരക്ഷിക്കുന്ന വിധം - വെള്ളപ്പൊക്കം, മറ്റ് പ്രകൃതി ദുരന്തങ്ങൾ എന്നിവയ്ക്കുശേഷം മുറിവേൽക്കാനുള്ള സാധ്യത കൂടുതലാണ്. അടിയന്തിരമായ പ്രഥമശുശ്രൂഷ ചെറിയ മുറിവുകൾ സൌഖ്യമാക്കുകയും അണുബാധ തടയാനും സഹായിക്കും.
ശരീരത്തിലെ മുറിവുകള്‍ മലിനജലവുമായി സംബര്‍ക്കത്തില്‍ വരുന്നത് എലിപ്പനിക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇതരത്തിലുള്ള സംബര്‍ക്കം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഡോക്സിസൈക്ക്ലിന്‍ പ്രതിരോധ മരുന്ന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കേണ്ടതാണ്.
ചുവടെ ചേര്‍ക്കുന്ന സാഹചര്യങ്ങളില്‍ വൈദ്യ സഹായം തേടുക
മുറിവുകൾക്ക് ചുവപ്പ്, വീക്കം എന്നിവ ഉണ്ടാവുകയാണെങ്കിൽ
മുറിവിൽ എന്തെങ്കിലും ബാഹ്യ വസ്തു (മണ്ണ്, തടി, ലോഹം അല്ലെങ്കിൽ മറ്റ് വസ്തുക്കൾ) ഉണ്ടെങ്കിൽ
മുറിവ് അപകടസാധ്യതയുള്ള അണുബാധയ്ക്ക് വിധേയം എങ്കിൽ
പഴയ മുറിവ് രോഗബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നു എങ്കിൽ
മുറിവുകൾ വൃത്തിയാക്കുകയും മൂടിയിരിക്കുകയും ചെയ്യണം
തുറന്ന മുറിവ് ഉണ്ടെങ്കിൽ, കഴിയുന്നതും മലിനജലമായി ബന്ധപ്പെടാതിരിക്കുക.
അണുബാധയുടെ സാധ്യത കുറയ്ക്കാൻ ഒരു വാട്ടർപ്രൂഫ് ബാൻഡേജ് ഉപയോഗിച്ച് തുറന്ന മുറിവുകൾ മൂടുക.
സോപ്പ്, ശുദ്ധജലം എന്നിവ ഉപയോഗിച്ച് തുറന്ന മുറിവുകൾ നന്നായി കഴുകുക.
ടെറ്റനസ് കുത്തിവയ്പ്പിന്‍റെ ആവശ്യകതയുണ്ടോ എന്ന് ആരോഗ്യപ്രവര്‍ത്തകരോട് ആരായേണ്ടതാണ്
മുറിവ് കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍/സന്നദ്ധ പ്രവര്‍ത്തകര്‍ ശുശ്രൂഷയ്ക്ക് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം