ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍
Last updated
Last updated
കാലവര്‍ഷ-തുലാവര്‍ഷ തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗങ്ങള്‍ ജൂണ്‍ 1ന് മുന്‍പ് ചേരുക
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ സഹ-അധ്യക്ഷനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ദുരന്ത നിവാരണ അതോറിറ്റിയുടെ എല്ലാ യോഗങ്ങളിലും പങ്കെടുക്കുന്നു എന്ന് ഉറപ്പ് വരുത്തുക
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ സഹ-അധ്യക്ഷനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്നോട് ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത്തല കാലവര്‍ഷ-തുലാവര്‍ഷ തയാറെടുപ്പ് അവലോകനയോഗങ്ങള്‍ നടത്തുവാന്‍ അഭ്യര്‍ഥിക്കുക.
ജില്ലാ ഇ.ഓ.സികള്‍ എമര്‍ജന്‍സി മോഡില്‍ ആക്ടിവേറ്റ് ചെയ്യുകയ്യും, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ 24 x 7ഉം ബന്ധപ്പെടേണ്ട നമ്പര്‍ എല്ലാ വകുപ്പുകള്‍ക്കും, പ്രത്യേകിച്ച് ജില്ലാ തല നോഡല്‍ ഓഫീസര്‍മാര്‍ക്കും നല്കണം.
മുന്‍ വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായി തദ്ദേശ സര്‍ക്കാരുകള്‍ ദുരന്ത ലഘൂകരണ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇവയില്‍ നിന്നും ചുവടെ ചേര്‍ക്കുന്ന വിവരങ്ങള്‍ പരിശോധിച്ച് ജില്ലാ തലത്തിലും, താലൂക്ക് തലത്തിലും അവലോകനം നടത്തുകയും, പട്ടികകളും, മൊബൈല്‍ നമ്പറുകളും ജില്ലാ ഇ.ഒ.സി, താലൂക്ക് കണ്‍ട്രോള്‍ റൂം പോലീസ് സ്റ്റേഷന്‍, ഫയര്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ സൂക്ഷിക്കുകയും ചെയ്യുക.
ക്യാമ്പുകള്‍ നടത്തുവാന്‍ ഉതകുന്ന സ്ഥലങ്ങള്‍ - തദ്ദേശ സ്ഥാപനം തിരിച്ച്
ദുരന്ത ആഘാതം ഏറ്റവും ഉണ്ടാകുവാന്‍ സാധ്യതയുള്ള വിഭാഗങ്ങളും, സ്ഥലങ്ങളും സംബന്ധിച്ച വിവരങ്ങള്‍
പുറമ്പോക്കില്‍ വസിക്കുന്നവര്‍
കോളനികള്‍, പുഴയുടെയോ, നീര്‍ചാലുകളുടെയോ ഓരത്ത് താമസിക്കുന്നവര്‍
വയല്‍ കരകളില്‍ താമസിക്കുന്നവര്‍
മലയുടെ ചരിവുകളിലും ഒറ്റപ്പെട്ട പ്രദേശത്തും വസിക്കുന്നവര്‍
2018ല്‍ ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍ എന്നിവ ബാധിക്കുകയും, വസയോഗ്യമല്ല എന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ കണ്ടെത്തുകയും ചെയ്ത വീടുകളില്‍ താമസിക്കുന്ന ദുരന്ത ബാധിതര്‍
2019ല്‍ ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍/വെള്ളപ്പൊക്കം എന്നിവ ബാധിക്കുകയും, വസയോഗ്യമല്ല എന്ന് സംസ്ഥാന/ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ നിയോഗിച്ച സംഘം കണ്ടെത്തുകയും ചെയ്ത വീടുകളില്‍ താമസിക്കുന്ന ദുരന്ത ബാധിതര്‍
പുറമ്പോക്കില്‍ താമസക്കാരായിരുന്ന, വീട് പൂര്‍ണ്ണമായും തകരുകയോ, വാസയോഗ്യമല്ലാതായി തീരുകയോ ചെയ്ത കുടുംബങ്ങള്‍
ദുരിതാശ്വാസ സഹായം ഉപയോഗപ്പെടുത്തി വീടിന്‍റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തികരിച്ചിട്ടില്ലാത്ത കുടുംബങ്ങള്‍
തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കിയിട്ടുള്ള എമര്‍ജന്‍സി റെസ്പോണ്‍സ് ടീം സംബന്ധിച്ച പട്ടികയും, ടീം അംഗങ്ങളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളും
തദ്ദേശ സ്ഥാപനത്തില്‍ ലഭ്യമായ ജെ.സി.ബി, ഹിറ്റാച്ചി, ചെയ്ന്‍ ബെല്‍റ്റ് ഉള്ള ഹിറ്റാച്ചി, ബോട്ടുകള്‍, വള്ളങ്ങള്‍, ഇലക്ട്രിക് മരം മുറി യന്ത്രങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍, ഉടമയുടെ പേരും, മൊബൈല്‍ നമ്പരും സഹിതം
മുന്നറിയിപ്പിന്‍റെ വെളിച്ചത്തില്‍ നടത്തുന്ന ഒഴിപ്പിക്കല്‍ പ്രവര്‍ത്തനത്തില്‍ 4 (4) (B) (a to h) പട്ടികയില്‍പ്പെടുന്നവര്‍ക്ക് ആദ്യ പരിഗണന നല്കണം എന്ന് തദ്ദേശ സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കണം. ഈ രീതിയില്‍ മുന്‍ഗണനാ ക്രമം തദ്ദേശ സ്ഥാപനം തയ്യാറാക്കി വില്ലേജ് ഓഫീസര്‍, പോലീസ്, അഗ്നി സുരക്ഷാ വകുപ്പ് എന്നിവര്‍ക്ക് നല്‍കി എന്ന് ഉറപ്പ് വരുത്തുക.
ഇത്തരം പ്രദേശവാസികളെ സംബന്ധിച്ച് വിവരം നിലവില്‍ തദ്ദേശ സര്‍ക്കാരുകളുടെ ദുരന്ത ലഘൂകരണ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ല എങ്കില്‍, ഇലക്ഷന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെയും, അതാത് തദേശ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഉടന്‍ തയ്യാറാക്കുക.
ഒരു ജില്ലയിലോ, താലൂക്കിലോ, പ്രദേശത്തോ മുന്നറിയിപ്പിന്‍റെ വെളിച്ചത്തില്‍ ഒഴിപ്പിക്കല്‍ ആവശ്യമായി വന്നാല്‍ ആദ്യം ഒഴിപ്പിക്കേണ്ടതും, രക്ഷിക്കേണ്ടതും ഈ പട്ടിക അനുസരിച്ചായിരിക്കണം എന്ന് തദ്ദേശ സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കുക.
ഇന്ന് മഞ്ഞ അലര്‍ട്ടും നാളെ ഓറഞ്ചോ, ചുവപ്പോ ആണെങ്കില്‍, ഇന്ന് വൈകീട്ട് തന്നെ ഇത്തരത്തില്‍ ദുരന്ത സാധ്യതാ മേഖലയില്‍ വസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റുവാന്‍ തദ്ദേശ സ്ഥാപനവും, വില്ലേജ് ഓഫീസും ചേര്‍ന്ന് നടപടി സ്വീകരിച്ചു എന്ന് ഉറപ്പ് വരുത്തുക.
ഇതിനായി ഈ കുടുംബങ്ങളുടെ മൊബൈല്‍ നമ്പര്‍ പ്രത്യേകമായി തദ്ദേശ സ്ഥാപനത്തിലും, വില്ലേജ് ഓഫീസിലും സൂക്ഷിക്കുക.
ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് ആണ് എങ്കില്‍ നിര്‍ബന്ധമായും ഇവരെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കണം. ഇവയില്‍ ഏതെങ്കിലും കുടുംബം കാലവര്‍ഷ-തുലാവര്‍ഷ മാസങ്ങളില്‍ ഏതൊരു അവസരത്തിലും ക്യാമ്പിലേക്ക് മാറി താമസിക്കണം എന്ന ആവശ്യം ഉന്നയിച്ചാല്‍, അവര്‍ക്കായി ക്യാമ്പ് നടത്തണം.
തദ്ദേശ സ്ഥാപന തലത്തില്‍ ഭിന്നശേഷിക്കാരുടെ പട്ടിക മുൻകൂട്ടി തയ്യാറാക്കി തദ്ദേശ സ്ഥാപനം, താലൂക്ക് കണ്‍ട്രോള്‍ റൂം, പോലീസ് സ്റ്റേഷന്‍, ഫയര്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നല്കുവാന്‍ സാമൂഹിക നീതി വകുപ്പിന് നിര്‍ദ്ദേശം നല്‍കുക.
ജില്ലയിലെ ഡെപ്യൂട്ടി കളക്ടര്‍ (ദുരന്ത നിവാരണം) (ഡെപ്യൂട്ടി കളക്ടര്‍ ദുരന്ത നിവാരണം ഇല്ലാത്ത ജില്ലകളില്‍ എ.ഡി.എം), ജില്ല കളക്ടറെറ്റിലെ Natural Calamity Section, Hazard Analyst എന്നിവര്‍ ആയിരിക്കും ജില്ലാ അതോറിറ്റിയുടെ കാര്യാലയമായി പ്രവര്‍ത്തിക്കുക.
National Disaster Management Guidelines - Incident Response System, 2010 പ്രകാരമുള്ള ജില്ലാതല, താലൂക്ക്തല ദുരന്ത പ്രതികരണ ചുമതലകള്‍ ചുവടെ ചേര്‍ക്കുന്ന വിധം നിര്‍വചിച്ച് ഉത്തരവ് 20-5-2020ന് മുന്‍പ് പുറപ്പെടുവിക്കുക.
സംസ്ഥാന/ജില്ലാ തല Incident Response Systemന്‍റെ ചുമതല വഹിക്കേണ്ടുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. ജില്ലാ, താലൂക്ക് തലത്തില്‍ ഇതിനനുസ്രിതമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ ഉത്തരവ് പുറപ്പെടുവിക്കുക. എല്ലാ തസ്തികകളില്‍ 8 മണിക്കൂര്‍ പ്രവര്‍ത്തന ശേഷം മാറ്റുവാന്‍ ഒരു പകരം ഉദ്യോഗസ്ഥനെയും കണ്ടെത്തി Alternate IRSഉം ഉറപ്പ് വരുത്തുക. തുടര്‍ച്ചയായി ഒരു ഉദ്യോഗസ്ഥനും 12 മണിക്കൂറില്‍ അധികം പ്രവര്‍ത്തിക്കുന്നില്ല എന്ന് സേഫ്റ്റി ഓഫീസര്‍ ഉറപ്പ് വരുത്തണം. പുതിയ ആളുകള്‍ ചാര്‍ജ് എടുക്കുമ്പോള്‍ മുന്‍പ് പ്രവര്‍ത്തിച്ചവര്‍ നടത്തിയ പ്രവര്‍ത്തനം സംബന്ധിച്ച് ഒരു briefing നല്‍കണം.
അതോറിറ്റിയെ ബന്ധപ്പെടുക. IRSല്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കായി പരിശീലനം ആവശ്യാനുസരണം IRSല്‍ ഓരോരുത്തരുടേയും ഉത്തരവാദിത്തം സംബന്ധിച്ച് പരിശീലനം ആവശ്യമായ ജില്ലകള്‍ സംസ്ഥാന നല്‍കുന്നതാണ്.
എല്ലാ ജില്ലകളിലും ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രങ്ങള്‍ റവന്യു, പോലീസ് (പോലീസ് VHF റേഡിയോ സഹിതം), അഗ്നിശമന സേന എന്നീ വകുപ്പുകളുടെ പ്രതിനിധികളെ ഷിഫ്റ്റ് വ്യവസ്ഥയില്‍ ഉള്‍പെടുത്തി 24 മണിക്കുറും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് Handbook on Disaster Management – Volume 2 – Emergency Operations Centres & Emergency Support Functions Plan, Kerala (http://sdma.kerala.gov.in/publications/Handbook/SEOC,%202015.pdf)ല്‍ നിഷ്കര്‍ഷിച്ചിരിക്കുന്നത് പോലെ ഉറപ്പ് വരുത്തണം. ആലപ്പുഴ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഈ വിഷയത്തില്‍ 2013മുതല്‍ സ്വീകരിച്ചിട്ടുള്ള പ്രവര്‍ത്തികള്‍ അനുകരണീയമാണ്.
ജില്ലാ ഇ.ഓ.സിയുടെ Satellite Phone, ജില്ല ഇ.ഓ.സിയിലെ രണ്ട് മൊബൈല്‍ ഫോണ്‍, ലാന്‍ഡ് ഫോണ്‍, സംസ്ഥാന ഇ.ഓ.സിയില്‍ നിന്നും ലഭിച്ചിട്ടുള്ള ഹോട്ട് ലൈന്‍, ടോള്‍ ഫ്രീ നമ്പര്‍ (1077), പോലീസ് വയര്‍ലെസ്സ്, വനം വകുപ്പ് വയര്‍ലെസ്സ് (Palakkad, Idukki, Wayanad ജില്ലകളില്‍), ഇന്റര്‍നെറ്റ് (ഒരു വയര്‍ലെസ് ഡോങ്കിള്‍ ഇന്‍റെര്‍നെറ്റും, ഒരു ഒപ്ടിക്കല്‍ ഫൈബര്‍ ഇന്റര്‍നെറ്റും), രണ്ട് ഡസ്ക്ടോപ്പ്, രണ്ട് ടി.വി, ഡി.ടി.എച്ച് കണക്ഷനും കേബിള്‍ കണക്ഷനും (രണ്ടും ഉണ്ടാകണം), സാധാരണ റേഡിയോ, ഒരു ഹാം റേഡിയോ എന്നിവ ജില്ലാ ഇ.ഓ.സിയില്‍ ഉറപ്പ് വരുത്തുക.
ജില്ലാ ഇ.ഓ.സികള്‍ എമര്‍ജന്‍സി മോഡില്‍ ആക്ടിവേറ്റ് ചെയ്യുകയ്യും, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ 24 x 7ഉം ബന്ധപ്പെടേണ്ട നമ്പര്‍ എല്ലാ വകുപ്പുകള്‍ക്കും, പ്രത്യേകിച്ച് ജില്ലാ തല നോഡല്‍ ഓഫീസര്‍മാര്‍ക്കും നല്കണം.
പൊതു ജനങ്ങള്‍ക്ക് ദുരന്ത സംബന്ധിയായ വിവരങ്ങള്‍ വിളിച്ചറിയിക്കുവാന്‍ 1077 എന്ന നമ്പര്‍ പ്രസിദ്ധീകരിക്കുക. 1077 എന്ന നമ്പറിന് ചുരുങ്ങിയത് 10 Hunting Lines നല്കുവാന്‍ BSNLനോട് ആവശ്യപ്പെടുക
ജില്ലയില്‍ ലഭ്യമായ ആകാശവാണിയുടെ ഈ നിലയങ്ങൾ ഒന്ന് ജില്ലാ ഇ.ഓ.സിയില്‍ എപ്പോഴും ശ്രദ്ധിക്കുക
Trivandrum തിരുവനന്തപുരം MW (AM Channel): 1161 kHz
Alappuzha ആലപ്പുഴ MW (AM Channel): 576 kHz
Thrissur തൃശ്ശൂര്‍ MW (AM Channel): 630 kHz
Calicut കോഴിക്കോട് MW (AM Channel): 684 kHz
ജില്ല ഇ.ഓ.സിയില്‍ നിന്നും പൊതു ജനങ്ങളെ മുന്നറിയിപ്പ് അറിയിക്കുന്നതിന് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ടുള്ള മൊബൈല്‍ നമ്പര്‍ ശേഖരം ഉപയോഗിക്കുന്നതിന് ദുരന്ത നിവാരണ നിയമം 2005, Section 30 (2) (v) പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുകയും ഇത്തരം സംവിധാനം തയ്യാറാക്കി തരുവാന്‍ എന്‍.ഐ.സിയോട് നിര്‍ദ്ദേശിക്കുകയും ചെയ്യുക. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ടുള്ള മൊബൈല്‍ നമ്പര്‍ ശേഖരമാണെങ്കില്‍ സൂക്ഷ്മായി പ്രാദേശികമായി വത്യസ്തമായി മുന്നറിയിപ്പുകള്‍ നല്‍കുവാന്‍ ഉപയോഗപ്പെടും.
എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും ദുരന്ത സാധ്യതാ ഭൂപടവും, അതാത് പ്രദേശത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍, സ്കൂളുകള്‍, ഇവയെ ബന്ധിപ്പിക്കുന്ന റോഡുകള്‍, പ്രദേശത്തെ പ്രധാന തോടുകള്‍, നദികള്‍, കായലുകള്‍, ജല സംഭരണികള്‍ പ്രധാനസ്ഥല പേരുകള്‍ ഉള്‍പ്പടെ പ്രത്യേകം ഭൂപടങ്ങള്‍ ആയി തയ്യാറാക്കി സംസ്ഥാന ഇ.ഓ.സി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കില മുഖാന്തരം നല്‍കിയിട്ടുണ്ട്. ഇവ ഉപയോഗപ്പെടുത്തി തദ്ദേശ സര്‍ക്കാരുകള്‍ ദുരന്ത ലഘൂകരണ പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപന തല ഭൂപടങ്ങളുടെ ഡിജിറ്റല്‍ ശേഖരം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ലിങ്ക് മുഖാന്തരം എല്ലാ ജില്ലകള്‍ക്കും ലഭ്യമാക്കും. ഇവ അവശ്യാനുസരണം പ്രിന്‍റ് ചെയ്ത് അഗ്നി സുരക്ഷാ വകുപ്പ്, പോലീസ്, ആരോഗ്യ വകുപ്പ് എന്നിവര്‍ക്ക് നല്‍കുക.
ജില്ലാ ഇ.ഓ.സിയിലേക്കുള്ള യു.പി.എസ്, ജെനറേറ്റര്‍, ബാറ്ററികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക. ജെനറേറ്ററിന് 2 ദിവസം പ്രവര്‍ത്തിക്കുവാന്‍ ആവശ്യമായ ഇന്ധനം അതാത് ഇ.ഓ.സി ജെനറേറ്ററിനോട് അനുബന്ധമായി കരുതുക.
മലയോര ജില്ലകളില്‍, എല്ലാ ദിവസവും ഭൂജല വകുപ്പ്, മൈനിംഗ് ആന്‍ഡ് ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പ് എന്നീ വകുപ്പുകളില്‍ ഒന്നിലെ ജിയോളജിക്കല്‍ അസിസ്റ്റന്‍റ്/മണ്ണ് സംരക്ഷണ ഉദ്യോഗസ്ഥന്‍/ അസിസ്റ്റന്‍റ് ജിയോളജിസ്റ്റില്‍ കുറയാത്ത ഉദ്യോഗസ്ഥനെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രങ്ങളിലേക്ക് 24 x 7 നിയോഗിക്കുവാന്‍ നിര്‍ദ്ദേശിക്കുക. മഴയുടെ പ്രവചനത്തെ അടിസ്ഥാനപ്പെടുത്തി അതാത് ജില്ലാ അതോറിറ്റികള്‍ക്ക് ജില്ലയിലെ ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍ സാധ്യത സംബന്ധിച്ച് അവലോകനം മേല്‍ ഉദ്യോഗസ്ഥന്‍ നടത്തി നല്കുവാന്‍ നിര്‍ദ്ദേശിക്കുക.
രണ്ട് ദിവസം അടുപ്പിച്ചു മഴ പെയ്താല്‍, ഇത്തരതില്‍ മഴ പെയ്യുന്ന വില്ലജുകളില്‍ ഉള്ള പാറമടകളില്‍ പാറ പൊട്ടിക്കുന്നത്, മഴ പെയ്യാതെ 24 മണിക്കൂര്‍ സമയം ഉണ്ടാകുന്നതു വരെ നിര്‍ത്തിവെക്കുവാന്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഉത്തരവ് ഇറക്കി എന്ന് ഉറപ്പ് വരുത്തുക. ഈ ഉത്തരവ് പോലീസ്, റവന്യൂ, തദ്ദേശ സ്ഥാപനം എന്നിവര്‍ നടപ്പില്‍ വരുത്തുന്നു എന്ന് ഉറപ്പ് വരുത്തുക.
മലയോരത്ത് നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മ്മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നിവ 2 ദിവസം തുടര്‍ച്ചയായി മഴ പെയ്ത പ്രദേശങ്ങളില്‍ അനുവദിക്കരുത് എന്ന ഉത്തരവ് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഇറക്കി എന്ന് ഉറപ്പ് വരുത്തുക. ഈ ഉത്തരവ് പോലീസ്, റവന്യൂ, തദ്ദേശ സ്ഥാപനം എന്നിവര്‍ നടപ്പില്‍ വരുത്തുന്നു എന്ന് ഉറപ്പ് വരുത്തുക.
മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നീര്‍ചാലുകളില്‍ ഉള്ള തടസങ്ങള്‍ കണ്ടെത്തുക. അവയിലെ തടസങ്ങള്‍ മാറ്റുവാന്‍ തദ്ദേശ എന്‍ജിനീയറിങ്ങ് വകുപ്പ്, പൊതു മാരാമത്ത് വകുപ്പ്, ജലസേചന വകുപ്പ് എന്നിവരെ ഉപയോഗിക്കുക.
ഓടകള്‍ പരിശോധിച്ച് അവയിലെ തടസങ്ങള്‍ മാറ്റുവാന്‍ തദ്ദേശ എന്‍ജിനീയറിങ്ങ് വകുപ്പിനെ നിയോഗിക്കുക. മഴവെള്ളത്തിന്‍റെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന എല്ലാ വസ്തുക്കളും ഓടകളില്‍നിന്നും നീര്‍ച്ചാലുകളില്‍ നിന്നും മാറ്റുക.
പ്രളയം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിക്കുന്ന വില്ലേജുകളിലെ ജല സ്രോതസുകളുടെയോ, ഈ വില്ലേജുകളില്‍ വിതരണം ചെയ്യുവാന്‍ ജലം ശേഖരിക്കുന്ന സ്രോതസുകളുടെയോ ജലം പരിശോധിക്കുന്നതിന് ജല അതോറിറ്റിക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ തുക 2245-02-102-99-Flood-Drinking water supply എന്ന ശീര്‍ഷകത്തില്‍ നിന്നും അനുവദിച്ച് നല്‍കാവുന്നതാണ്.
Handbook on Disaster Management – Volume 2 – Emergency Operations Centres & Emergency Support Functions Plan, Kerala (http://sdma.kerala.gov.in/wp-content/uploads/EOCESFP2015-Edition-2.pdf)ല്‍ നിഷ്കര്‍ഷിച്ചിരിക്കുന്നത് പോലെ എല്ലാ ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രങ്ങളും രണ്ട് സ്ഥിരം മൊബൈല്‍ ഫോണും നമ്പറുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തുക. ഈ നമ്പര്‍ ഏതെങ്കിലും വ്യതിയുടെതോ, ഉദ്യോഗസ്ഥന്‍റെയോ ആയിരിക്കരുത്. ഈ മൊബൈല്‍ ഫോണ്‍ നമ്പറില്‍ WhatsApp ഉണ്ടാകേണ്ടതാണ്. ദുരന്ത സംബന്ധിയായി ജില്ലയെ സംബന്ധിച്ച് ലഭിക്കുന്ന മുന്നറിയിപ്പുകള്‍ ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രങ്ങളിലെ ഇമെയില്‍, WhatsApp, ജില്ലാ കളക്ടറുടെ ഔദ്യോഗിക മൊബൈല്‍ നമ്പര്‍ എന്നിവയില്‍ ആയിരിക്കും പ്രധാനമായി സംസ്ഥാന അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രത്തില്‍ നിന്നും അറിയിക്കുക. ജില്ലാതലത്തില്‍ ആവശ്യമായ വകുപ്പുകള്‍ക്കും, ജനപ്രതിനിധികള്‍ക്കും അറിയിപ്പുകള്‍ നല്‍കേണ്ടുന്ന ചുമതല ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രത്തിനായിരിക്കും.
സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റുവാന്‍ ദുരന്ത നിവാരണ നിയമം 2005, Section 30 (2) (v) പ്രകാരം പൊതുജനങ്ങള്‍ക്ക് പത്ര-മാധ്യമങ്ങള്‍ വഴി നിര്‍ദ്ദേശം നല്‍കുക. ഈ നിര്‍ദ്ദേശം അനുസരിക്കാത്ത വ്യക്തികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കുമായിരിക്കും അവരവരുടെ ഭൂമിയിലുള്ള മരം വീണ് ഉണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്ട പരിഹാരം നല്‍കുവാന്‍ ബാധ്യത എന്നത് പരസ്യപ്പെടുത്തുക.
പരസ്യ ഹോര്‍ഡിങ്ങുകളുടെ ശക്തി/ബലം പരിശോധിക്കുവാനും, ഇവ കാറ്റത്ത് മറിഞ്ഞു വീണ് നഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്നില്ല എന്നും ഉറപ്പ് വരുത്തണം എന്നും ജില്ലയില്‍ ഇത്തരം ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ള എല്ലാ പരസ്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കുവാന്‍ തദേശ സ്ഥാപനങ്ങളോട് നിര്‍ദ്ദേശിക്കുക.
എല്ലാ വകുപ്പുകളും അവരവരില്‍ നിക്ഷിപ്തമായ ദുരന്ത പ്രതികരണ ചുമതലകള്‍ Handbook on Disaster Management – Volume 2 – Emergency Operations Centres & Emergency Support Functions Plan, Kerala available at (http://sdma.kerala.gov.in/wp-content/uploads/EOCESFP2015-Edition-2.pdf)ല്‍ നിന്നും മനസ്സിലാക്കുകയും ആവശ്യമായ വകുപ്പുതല തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്തു എന്ന് ഉറപ്പ് വരുത്തുക.
കേരളത്തില്‍, ജില്ല തിരിച്ച് ദുരന്ത പ്രതികരണത്തിന് ഉപയോഗിക്കാവുന്ന ഒട്ടനവധി ഉപകരണങ്ങളുടെ പട്ടിക Indian Disaster Resource Network http://sdma.kerala.gov.in/idrn/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഈ പട്ടിക എല്ലാ ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രങ്ങളിലും, താലൂക്ക് ഓഫീസിലും പ്രിന്‍റ് ചെയ്ത് സൂക്ഷിക്കുക. കൂടുതല്‍ വിവരം പ്രാദേശികമായി ശേഘരിച്ച് ഈ വെബ്സൈറ്റില്‍ അപ്പ്‌ലോഡ് ചെയ്യുക.
ജില്ലകളില്‍ ഉള്ള ജെ.സി.ബി, ഹിറ്റാച്ചി, ചെയ്ന്‍ ബെല്‍റ്റ് ഉള്ള ഹിറ്റാച്ചി എന്നിവ ഗതാഗത വകുപ്പ് മുന്‍കൂട്ടി കണ്ടെത്തി ഉടമകളുമായി വിനിയോഗ ധാരണയില്‍ എത്തി എന്ന് ഉറപ്പ് വരുത്തുക
ദുരിതാശ്വാസ-ദുരന്ത പ്രതികരണ പ്രവര്‍ത്തനത്തിന് ജില്ലയില്‍ ലഭ്യമായ ഏതോരു വാഹനവും ഉപയോഗിക്കാം. ഉപയോഗിക്കുന്ന സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇവ ഉപയോഗിച്ച് ദുരിതാശ്വാസ-ദുരന്ത പ്രതികരണ പ്രവര്‍ത്തനത്തിനാണ് എന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് ബോധ്യപ്പെട്ടാല്‍ ഇവയുടെ ഇന്ധനം, ദുരിതാശ്വാസ-ദുരന്ത പ്രതികരണ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന അവസരത്തില്‍ ഉണ്ടായിട്ടുള്ള അറ്റകൂറ്റപ്പണി എന്നിവയുടെ ചെലവ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും വഹിക്കാവുന്നതാണ്. ഉപയോഗപ്പെടുത്തുമ്പോള്‍ ഇതിന് ആവശ്യമായി വരുന്ന തുക GO (Rt) No. 587/2019/DMD dated 5-9-2019 പ്രകാരം വഹിക്കാവുന്നതാണ്.
എല്ലാ താലൂക്കിലും അഗ്നിശമന സേനയുടെയോ, പോലീസിന്‍റെയോ ഒരു Tower light എങ്കിലും ഉണ്ട് എന്ന് ഉറപ്പു വരുത്തുക. ഇതിനായി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പ്രസ്തുത സേനകള്‍ക്ക് നല്‍കുക. അത്യാവശ്യഘട്ടത്തില്‍ ഇവ മറ്റ് സ്ഥലങ്ങളില്‍ ലഭ്യമാക്കുവാന്‍ ആവശ്യമായ സൗകര്യം ഒരുക്കുക.
ദൈനംദിന ദുരന്ത നാശനഷ്ട വിവരങ്ങള്‍, ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രങ്ങള്‍ ദിവസവും 3 മണിക്ക് മുന്‍പായി ചുവടെ ചേര്‍ക്കുന്ന ഫോര്‍മാറ്റ് 1ല്‍ സംസ്ഥാന അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രത്തിന് seoc.gok@gmail.com എന്ന ഇമെയിലില്‍ ലഭ്യമാക്കേണ്ടതാണ്. അതാത് ആഴ്ചയിലെ ക്രോഡീകരിച്ച റിപ്പോര്‍ട്ട് ഫോര്‍മാറ്റ് 2 പ്രകാരം എല്ലാ മാസവും അവസാന പ്രവൃത്തി ദിവസം seoc.gok@gmail.com എന്ന ഇമെയിലില്‍ ലഭ്യമാകേണ്ടതാണ്. എല്ലാ വകുപ്പുകളുടെയും വിവരം കൃത്യമായി അതതു ദിവസം നല്‍കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്നും പ്രതികരണ പ്രവര്‍ത്തങ്ങള്‍ക്ക് അംഗീകാരം ഉള്ള ദുരന്തങ്ങള്‍ ഉണ്ടാകുന്ന അവസരങ്ങളില്‍ നാവിക സേന, വായൂ സേന, കര സേന, ദേശീയ ദുരന്ത പ്രതികരണ സേന (NDRF), എന്നിവയെ ഉപയോഗപ്പെടുത്തുവാന്‍ സംസ്ഥാന അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രത്തെ ബന്ധപ്പെടുക. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍റെ ആവശ്യം ഇമെയില്‍/SMS/Telephone/Fax ആയി seoc.gok@gmail.com, ഫാക്സ്: 0471-2364424. Mobile: 9446568222ല്‍ അറിയിക്കുക. ഇവ ലോഗ് ചെയ്യപ്പെടണം എന്നതിനാല്‍ SMS അല്ലെങ്കില്‍ ഫോണ്‍കാള്‍ എന്നിവ ജില്ല കളക്ടറുടെ ഔദ്യോഗിക ഫോണില്‍ നിന്നോ, ജില്ലാ ഇ.ഓസിയുടെ ഫോണില്‍ നിന്നോ മാത്രം ചെയ്യുക.
ദേശീയ ദുരന്ത പ്രതികരണ സേനയെ (NDRF) തൃശ്ശൂരില്‍നിന്നോ, മറ്റ് സ്ഥലങ്ങളില്‍ നിന്നോ വിന്യസിക്കുന്ന അവസരത്തില്‍ ഇവരുടെ (48 അംഗങ്ങള്‍) ഭക്ഷണം, താമസം എന്നിവ അതാത് ജില്ലകള്‍ വഹിക്കേണ്ടതാണ്. ഇവരുടെ യാത്രാ ചെലവ് തൃശൂര്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വഹിക്കും. ആരക്കോണത്തുനിന്നും നേരിട്ടു വിന്യസിക്കപെട്ടാലും ഇവരുടെ (ഒരു ടീമില്‍ 48 അംഗങ്ങള്‍) ഭക്ഷണം, താമസം എന്നിവ അതാത് ജില്ലകള്‍ വഹിക്കേണ്ടതാണ്. ആവശ്യമാണെങ്കില്‍ യാത്രാ വാഹനവും നല്‍കണം. ഇവര്‍ തിരികെ പോകുന്ന അവസരത്തില്‍ ആവശ്യമാണെങ്കില്‍ ഇവരുടെ വാഹനങ്ങളില്‍ ആവശ്യമായ ഇന്ധനം നിറച്ച് നല്‍കേണ്ടതാണ്. ഇവയ്ക്ക് ആവശ്യമായി വരുന്ന തുക GO (Ms) No. 194/2015/DMD dated 20-05-2015, item 2 – Search and Rescue Operations പ്രകാരം 2245-02-112-99-Flood-Evacuation of Population എന്ന ഹെഡ്ല്‍ നിന്നും വഹിക്കാവുന്നതാണ്.
ദേശീയ ദുരന്ത പ്രതികരണ സേന (NDRF)യെ ജില്ലയില്‍ വിന്യസിക്കുമ്പോള്‍ ഇവരുടെ താമസത്തിനായുള്ള കെട്ടിടം, (ചുരുങ്ങിയത് 100 പേരെ ഉള്‍ക്കൊള്ളാവുന്നതും, ഭക്ഷണം പാകം ചെയ്യാവുന്നതുമായ കെട്ടിടം) ജില്ലയില്‍ ഒന്ന് എന്ന നിലയില്‍ കണ്ടെത്തി മെയ് 30ന് മുന്‍പ് seoc.gok@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക. ഇത്തരത്തില്‍ കണ്ടെത്തുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ സ്ഥലത്തെ വില്ലേജ് ഓഫീസര്‍ സൂക്ഷിക്കുക. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ലഭ്യമല്ല എങ്കില്‍ സ്വകാര്യ കെട്ടിടങ്ങളും ഉപയോഗിക്കാം. സ്വകാര്യ കെട്ടിടങ്ങളാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇതിനായി ദുരന്ത പ്രതികരണ നിധിയില്‍ നിന്നും തുക ചെലവഴിച്ച് ദുരന്ത സമയത്ത് വസ്തുവകകള്‍ വാടകയ്ക്ക് എടുക്കുവാന്‍ നിഷ്കര്‍ഷിച്ചിട്ടുള്ള Rate Contract പ്രക്രിയ പൂര്‍ത്തിയാക്കുക.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്നും പ്രതികരണ പ്രവര്‍ത്തങ്ങള്‍ക്ക് അംഗീകാരം ഉള്ള ദുരന്തങ്ങള്‍ ഉണ്ടാകുന്ന അവസരങ്ങളില്‍ അഗ്നിശമന സേന, നാവിക സേന, വായൂ സേന, കര സേന, ദേശീയ ദുരന്ത പ്രതികരണ സേന (NDRF), എന്നിവയെ ഉപയോഗപ്പെടുത്തുമ്പോള്‍ ഇതിന് ആവശ്യമായി വരുന്ന തുക GO (Ms) No. 194/2015/DMD dated 20-05-2015, item 2 – Search and Rescue Operations പ്രകാരം 2245-02-112-99-Flood-Evacuation of Population എന്ന ഹെഡ്ല്‍ നിന്നും വഹിക്കാവുന്നതാണ്.
വിജ്ഞാപനം ചെയ്തിട്ടുള്ള അംഗീകൃത ദുരന്തങ്ങള്‍ ഉണ്ടാകുന്ന അവസരങ്ങളില്‍ പ്രതികരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന തുകയുടെ പരിമിതികള്‍ GO (Ms) No. 194/2015/DMD dated 20-05-2015 പ്രകാരം നിശ്ചയിച്ചിട്ടുണ്ട്. ദുരന്ത പ്രതികരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ അനുവദനീയമായ പരിധി അധികരിക്കാതിരിക്കുവാന്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റി പ്രത്യേകം ശ്രദ്ധിക്കുക. മേല്‍ സൂചിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍, സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലെ അതാത് ഹെഡ് ഓഫ് അക്കൌണ്ടില്‍ സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുള്ള തുക അധികരിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലെ ഏതെങ്കിലും ഹെഡ് ഓഫ് അക്കൌണ്ടില്‍ പഴയ പ്രവര്‍ത്തികള്‍ക്ക് കൊടുത്തു തീര്‍ക്കുവാന്‍ പണം അവശ്യമുണ്ടെങ്കില്‍, അതാത് കാലഘട്ടത്തില്‍ നിലനിന്നിരുന്ന സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡം അനുസരിച്ച് പരിശോധിച്ച്, സര്‍ക്കാരിലേക്ക് ആവശ്യമുള്ള പണം ലഭ്യമാക്കുവാന്‍ ശുപാര്‍ശ ചെയ്യുക.
അംഗീകൃത ദുരന്തത്തില്‍ തകര്‍ച്ച നേരിട്ട വീടുകളുടെ കെട്ടിട തകര്‍ച്ചയുടെ തോത് മാത്രം ശതമാന നിരക്കില്‍ GO (Ms) No. 25/2019/DMD dated 23-08-2019 പ്രകാരം കണക്കാക്കേണ്ടതുണ്ട്. ഈ പ്രവര്‍ത്തനത്തിനായി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഒരു മൊബൈല്‍ ആപ്ലികേഷന്‍ തയ്യാറാക്കി വിശദമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കും.
അതാത് ആഴ്ചയില്‍ അനുവദിക്കുന്ന വ്യക്തിഗതമായ ദുരിതാശ്വാസം സംബന്ധിച്ച വിവരവും, ക്യാമ്പുകളുടെ വിവരവും, നാശനഷ്ടം സംബന്ധിച്ച വിവരവും ക്രോഡീകരിച്ച് ജില്ലയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതാണ്. ഇതില്‍ വീഴ്ച വരുത്തരുത്. അതാത് താലുക്ക് ഓഫീസില്‍ ഈ വിവരം പ്രത്യേകം സൂക്ഷിക്കേണ്ടതാണ്. ഇതിനായി ജില്ല കളക്ടര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. കൃഷി നഷ്ടവുമായി ബന്ധപെട്ട വിവരം അതാത് കൃഷി ഓഫീസില്‍ സൂക്ഷിക്കേണ്ടതാണ്. വ്യക്തിഗതമായി ദുരിതാശ്വാസം ലഭിച്ചവരുടെ പേരുവിവരം ₹10 രൂപ അടച്ച് ആവശ്യപെടുന്നവര്‍ക്ക് ലഭ്യമാക്കണം.
ജില്ലയിലെ എല്ലാ സ്കൂളുടെയും, ആശുപത്രികളുടെയും fitness തദ്ദേശ-സ്വയംഭരണ പൊതുമരാമത്ത് (LSG Engineering) എഞ്ചിനീയര്‍, പൊതുമരമത്ത് വകുപ്പ് (PWD) എഞ്ചിനീയര്‍ അല്ലെങ്കില്‍ സര്‍ട്ടിഫൈഡ് സ്ട്രച്ചറല്‍ എഞ്ചിനീയര്‍ എന്നിവരില്‍ ഒരാളെ കൊണ്ട് അതാത് തദ്ദേശ സ്ഥാപനങ്ങള്‍പരിശോധിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക. Fitness ഇല്ലാത്ത കെട്ടിടങ്ങള്‍ സ്കൂള്‍, ആശുപത്രി എന്നിവ നടത്തുവാന്‍ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക. ദുരന്ത നിവാരണ നിയമം, Section 30 (2) (xxiii) പ്രകാരം ഇതിനുള്ള നിര്‍ദ്ദേശം പുറപ്പെടുവിക്കുക. പ്രസ്തുത നിര്‍ദ്ദേശം അനുസരിക്കാത്തവര്‍ ദുരന്ത നിവാരണ നിയമം, Section 51 (b) പ്രകാരം ശിക്ഷയ്ക്ക് വിധേയരാകും എന്നത് വ്യക്തമാക്കുക.
ജില്ലയിലെ എല്ലാ ആശുപത്രികളുടെയും സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് അതാത് തദേശ സ്ഥാപനങ്ങള്‍ പരിശോധിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക. ഇതിനായി അഗ്നി സുരക്ഷാ വകുപ്പിന് ആവശ്യമായ നിര്‍ദ്ദേശം നല്‍കുക. അഗ്നി സുരക്ഷാ വകുപ്പിന്‍റെ എന്‍.ഓ.സി ഇല്ലാത്ത കെട്ടിടങ്ങള്‍ ആശുപത്രി നടത്തുവാന്‍ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക. ദുരന്ത നിവാരണ നിയമം, Section 30 (2) (xxiii) പ്രകാരം ഇതിനുള്ള നിര്‍ദ്ദേശം പുറപ്പെടുവിക്കുക. പ്രസ്തുത നിര്‍ദ്ദേശം അനുസരിക്കാത്തവര്‍ ദുരന്ത നിവാരണ നിയമം, Section 51 (b) പ്രകാരം ശിക്ഷയ്ക്ക് വിധേയരാകും എന്നത് വ്യക്തമാക്കുക.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ 6അം യോഗം കൈക്കൊണ്ട തീരുമാനം അനുസരിച്ച് Ltr. No. DM/372/2019/SDMA dated 22-02-2019 പ്രകാരം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുള്ള സ്കൂള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ എല്ലാ സ്കൂളിലും നടപ്പാക്കി എന്ന് ഉറപ്പ് വരുത്തുക.
ജില്ലാ തലത്തില്‍ വിവിധ വകുപ്പുകള്‍ക്കായി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ദുരന്ത നിവാരണ നിയമത്തിന്‍റെ സെക്ഷന്‍ 30 (2) (v) പ്രകാരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ നിര്‍ദ്ദേശമായി പുറപ്പെടുവിക്കുക. നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത ഉദ്യോഗസ്ഥര്‍ ദുരന്ത നിവാരണ നിയമത്തിന്‍റെ സെക്ഷന്‍ 51 അനുസരിച്ച് ശിക്ഷിക്കപ്പെടും എന്നതും, ഈ ശിക്ഷ വിധിക്കുവാന്‍ ജില്ലാ അതോറിറ്റിക്ക് അധികാരം ഉണ്ട് എന്നതും വ്യക്തമാക്കുക.
ദുരന്ത നിവാരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഓകള്‍ പ്രവര്‍ത്തനാനുമതിക്കായി ജില്ലാ അതോറിറ്റിയെ സമീപിക്കുന്ന സാഹചര്യത്തില്‍ ഓരോ എന്‍.ജി.ഓയുടെയും അവരവരുടെ പ്രവര്‍ത്തനമേഖലയിലെ പ്രവര്‍ത്തി പരിചയം, കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളുടെ രജിസ്ട്രേഷന്‍ ഉണ്ടോ, ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നിവ പരിശോധിക്കുക. ദുരന്ത നിവാരണ മേഖലയില്‍ പ്രവര്‍ത്തനം അനുവദിക്കാവുന്ന എന്‍.ജി.ഓ ആണെന്ന് ജില്ലാ അതോറിറ്റി നിര്‍ണയിക്കുന്നവരെ ചേര്‍ത്ത് ഇന്‍റര്‍ ഏജെന്‍സി ഗ്രൂപ്പുകള്‍ നിര്‍ണയിച്ച് ദുരന്ത നിവാരണ നിയമം 2005, Section 30 (2) (xix) പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുക
ദുരന്ത മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് മുന്നിട്ട് വരുന്ന അംഗീകൃത സന്നദ്ധ സംഘടനകള്‍, സുമനസ്ക്കര്‍ എന്നിവരെ ദുരന്ത പ്രതികരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആക്കുക, അവര്‍ക്ക് നേതൃത്വം നല്‍കുക. ദുരന്ത ശേഷം, ദുരിതാശ്വാസ വിതരണത്തിനും, ദുരന്ത ബാധിത മേഖലകള്‍ വൃത്തിയാക്കുന്നതിനും ഇവരുടെ സേവനം വിനിയോഗിക്കാവുന്നതാണ്.
രക്ഷാപ്രവര്‍ത്തനത്തിനായി അഗ്നി സുരക്ഷാ വകുപ്പിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ സിവില്‍ ഡിഫെന്‍സ്, ആപ്ദാ മിത്ര (കോട്ടയം ജില്ലയില്‍ മാത്രം) എന്നീ സന്നദ്ധ സേവകര്‍ വിദഗ്‌ദ്ധ പരിശീലനം ലഭിച്ചവരായി ലഭ്യമാണ്. ഇവരുടെ സേവനം അഗ്നി സുരക്ഷാ വകുപ്പിലൂടെ അവശ്യാനുസരണം വിനിയോഗിക്കുക.
മഴവെള്ള സംഭരണം ഉറപ്പുവരുത്തുവാന്‍ എല്ലാ വകുപ്പുകളോടും നടപടികള്‍ സ്വീകരിക്കുവാന്‍ നിര്‍ദ്ദേശിക്കുക. തിരുവനന്തപുരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഈ വിഷയത്തില്‍ പുറപ്പെടുവിച്ച Proceedings No. H2/E/162507/19 (1) dated 1-03-2019 എന്ന ഉത്തരവ് സവിശേഷ ശ്രദ്ധയ്ക്കായി 4അം അനുബന്ധമായി ചേര്‍ക്കുന്നു.
എല്ലാ വകുപ്പുകള്‍ക്കും GO (Ms) No. 194/2015/DMD dated 20-05-2015, GO (Ms) No. 343/2015/DMD dated 23-07-2015, GO (Rt) No. 149/2017/DMD dated 18-01-2017, GO (Ms) No. 9/2019/DMD dated 9-03-2019 എന്നീ ഉത്തരവുകളുടെ കോപ്പി നല്‍കുകയും, ഓരോ ദുരന്തത്തിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും മാനദണ്ഡപ്രകാരം അനുവദനീയമായ തുക എത്ര എന്നും വ്യക്തമായി മനസ്സിലാക്കുവാന്‍ നിര്‍ദ്ദേശം നല്‍കുക.
മറ്റ് സംസ്ഥാനങ്ങളില്‍നിന്നും ദുരിതാശ്വാസ സഹായം എത്തിയാല്‍ അവ എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നും ഏറ്റെടുത്ത് ജില്ലാ തലത്തിലും, താലൂക്ക് തലത്തിലും വിതരണം ചെയ്യുവാന്‍ ആവശ്യമായ സംവിധാനം സൃഷ്ടിക്കുക. ജില്ലാ തല ദുരിതാശ്വാസ ശേഖരണ-വിതരണ കേന്ദ്രവും, താലൂക്ക് തല ദുരിതാശ്വാസ ശേഖരണ-വിതരണ കേന്ദ്രവും ആക്കുവാന്‍ ഉതകുന്ന കെട്ടിടങ്ങള്‍ കണ്ടെത്തി ഇവ അടിയന്തിരഘട്ടത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ പ്രസ്തുത കെട്ടിടങ്ങളുടെ ഉടമസ്ഥരുമായി ധാരണയില്‍ എത്തുകയും, വാടക റേറ്റ് കൊണ്ട്രാക്റ്റ് പ്രകാരം നിര്‍ണയിക്കുകയും ചെയ്യുക.
ഓരോ തലത്തിലെയും ശേഖരണ-വിതരണ കേന്ദ്രത്തിന്‍റെ ചുമതല ജില്ലാ കളക്ടര്‍ നിര്‍ണയിക്കുന്ന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കായിരിക്കും. ഇതിനായി ദുരന്ത നിവാരണ നിയമം അനുസരിച്ച് ഉത്തരവ് പുറപ്പെടുവിക്കുക.
സംഭരണ കേന്ദ്രങ്ങളുടെ വിവരവും ഓരോ കേന്ദ്രത്തിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍റെ പേരും, മൊബൈല്‍ നമ്പറും ജില്ലയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുക.
രാജ്യാന്തര സഹായം ലഭ്യമാകുന്ന അവസരത്തില്‍ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഇത്തരം സഹായം ജില്ലാ കളക്ടര്‍ മാത്രമേ സ്വീകരിക്കാവൂ. ഇവ എത്തിക്കുന്ന വ്യക്തികള്‍/സ്ഥാപനങ്ങള്‍/സംഘടനകള്‍ എന്തെല്ലാം വസ്തുക്കള്‍ ആണ് സഹായമായി ലഭിക്കുന്നത് എന്നും, ഇവ വിതരണം ചെയ്യുവാന്‍ വ്യക്തികള്‍/സ്ഥാപനങ്ങള്‍/സംഘടനകള്‍ താല്പര്യപ്പെടുന്ന സ്ഥലം ഏതെന്നും കാണിച്ച് ഇവ വന്നെത്തുന്ന എയര്‍പോര്‍ട്ട് ഉള്‍പ്പെടുന്ന ജില്ലയിലെ ജില്ലാ കളക്ടര്‍ക്ക് വെള്ള പേപ്പറില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയും, വ്യക്തികള്‍/സ്ഥാപനങ്ങള്‍/സംഘടനകള്‍ താല്പര്യപ്പെടുന്ന സ്ഥലത്തെ ദുരിതാശ്വാസ ആവശ്യകതയും പരിഗണിച്ച് എവിടെ വിതരണം ചെയ്യണം എന്ന് ജില്ലാ കളക്ടര്‍ തീരുമാനിക്കുക.
ദുരന്ത ബാധിതര്‍ക്ക് പരാതി പരിഹാരത്തിനായി GO (Rt) No. 627/2018/DMD dated 22-11-2018 പ്രകാരം നിര്‍ദ്ദേശിച്ചിട്ടുള്ള സംവിധാനം നടപ്പാക്കുക.
ജില്ലകളില്‍ ഉള്ള ബോട്ടുകളുടെയും, വള്ളങ്ങളുടെയും വിവരങ്ങള്‍, ഉടമകളുടെ പേരും, ബോട്ട് ലഭ്യമായ സ്ഥലവും, മൊബൈല്‍ നമ്പറും സഹിതം പട്ടികപ്പെടുത്തി മെയ് 30ന് മുന്‍പ് ലഭ്യമാക്കുവാന്‍ ജല ഗതാഗത വകുപ്പിനോടും, ടൂറിസം വകുപ്പിനോടും ആവശ്യപ്പെടുക
തദ്ദേശ സ്ഥാപനങ്ങളുടെ പട്ടികയുമായി താരതമ്യപ്പെടുത്തി ബോട്ടുകളുടെയും, വള്ളങ്ങളുടെയും സമഗ്രമായ ഒരു പട്ടിക തയ്യാറാക്കി, ജില്ല ഇ.ഒ.സിയില്‍ ലഭ്യമാക്കുക
കുട്ടനാടന്‍ മേഖലയിലും മറ്റും പ്രളയ സാഹചര്യത്തില്‍ ഒറ്റപ്പെട്ട് പോകുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് ദൈനംദിന കൃത്യങ്ങള്‍ നിര്‍വഹിക്കുവാന്‍ സ്വന്തം ശുചിമുറികള്‍ ഉപയോഗിക്കുവാന്‍ സാധിക്കില്ല. ഇത്തരം സാഹചര്യത്തില്‍ ബയോ/കെമിക്കല്‍ ശുചിമുറികള്‍ ഉള്ള ബോട്ടുകള്‍ ഓരോ കരകളിലും എത്തിച്ച് ജനങ്ങള്‍ക്ക് സൗകര്യം ചെയ്ത് നല്‍കേണ്ടതുണ്ട്. ഇതിനായി ബോട്ട് ഉടമകളുമായി ചര്‍ച്ച നടത്തുകയും കേന്ദ്ര സര്‍ക്കാര്‍ Ltr. No. 33-2/2015-NDM-I dated 17th April 2015 from Ministry of Home Affairs, Govt. of India പ്രകാരം നിഷ്കര്‍ഷിച്ചിരിക്കുന്നത് പോലെ റേറ്റ് കോണ്‍ട്രാക്റ്റ് ക്ഷണിച്ച് തീരുമാനമാക്കി സൂക്ഷിക്കുവാന്‍ ജലഗതാഗത വകുപ്പിന് നിര്‍ദ്ദേശം നല്‍കുക.
ബയോ ശുചിമുറികള്‍, കെമിക്കല്‍ ശുചിമുറികള്‍ എന്നിവയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ Ltr. No. 33-2/2015-NDM-I dated 17th April 2015 from Ministry of Home Affairs, Govt. of India പ്രകാരം നിഷ്കര്‍ഷിച്ചിരിക്കുന്നത് പോലെ റേറ്റ് കോണ്‍ട്രാക്റ്റ് ക്ഷണിച്ച് തീരുമാനമാക്കി സൂക്ഷിക്കുക. ആവശ്യമാണെങ്കില്‍ മാത്രം ഉപയോഗപ്പെടുത്തുക. ഇതിനാവശ്യമായ ഫോര്‍മാറ്റ് Handbook on Disaster Management – Volume 2 – Emergency Operations Centres & Emergency Support Functions Plan, Keralaല്‍ നല്‍കിയിട്ടുണ്ട്.
കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും, തൃശൂര്‍ കോള്‍ നിലങ്ങളുടെ പരിസരത്തും ആവശ്യമെങ്കില്‍ മുന്‍കൂട്ടി ബയോ ശുചിമുറികള്‍, കെമിക്കല്‍ ശുചിമുറികള്‍ എന്നിവ വിന്യസിക്കുക. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനത്തിന് വിധേയമായി 2245-02-101-94-Flood-Other items എന്ന ഹെഡ്ല്‍ നിന്നും ഇതിനായി തുക വഹിക്കാവുന്നതാണ്.
മുന്‍കൂര്‍ റേറ്റ് കോണ്‍ട്രാക്റ്റ് ക്ഷണിച്ച് അംഗീകരിക്കാത്ത വസ്തുവകകളുടെയും വാടകയോ, ചെലവോ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ചെലവഴിക്കുന്നത് ഒഴിവാക്കുക.
ബണ്ട് സംരക്ഷണം, കടല്‍ തീരത്തെവീട് സംരക്ഷണം എന്നിവ ആവശ്യമായി വരികയാണെങ്കില്‍, തദ്ദേശ സ്ഥാപനത്തിനും, ജലസേചന വകുപ്പിനും, കൃഷി വകുപ്പിനും സ്വന്തമായി ഈ പ്രവര്‍ത്തിക്ക് പണം ലഭ്യമല്ല എങ്കില്‍ മണല്‍നിറച്ച കയര്‍ ചാക്കുകളോ, ജിയോ ട്യുബുകളോ ഇടുന്ന പ്രവര്‍ത്തികള്‍ക്ക് ഒരു പഞ്ചായത്തില്‍ പരമാവധി രണ്ട് ലക്ഷം രൂപ, മുനിസിപ്പാലിറ്റിയില്‍ മൂന്ന് ലക്ഷം രൂപ, കോര്‍പ്പറേഷനില്‍ അഞ്ച് ലക്ഷം രൂപ വരെ 2245-02-101-94-Flood-Other itemsല്‍ നിന്നും വഹിക്കാവുന്നതാണ്. പ്രവര്‍ത്തികള്‍ക്ക് തഹസില്‍ദാര്‍ മുന്‍കൂര്‍ അനുമതി നല്‍കിയിട്ടുണ്ടോ എന്നത് പരിശോധിച്ച് മാത്രം ബില്ലുകള്‍ അനുവദിക്കുക.
മഴക്കാലത്ത് നടത്തുന്ന എല്ലാ ദുരന്ത പ്രതികരണ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് 15-2-2021ന് മുന്‍പായി പരിഗണിച്ച് അംഗീകരിച്ച്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ലഭ്യമാക്കണം. ഈ പ്രവര്‍ത്തിക്കായി വിവര-പൊതുജന സമ്പര്‍ക്ക വകുപ്പ് വകുപ്പിനെ ചുമതലപ്പെടുത്തുക.
ആലപ്പുഴ ജില്ലയില്‍ ജലസേചന വകുപ്പിന്‍റെ നിയന്ത്രണത്തില്‍ സൂക്ഷിച്ചിരിക്കുന്ന അതിശക്തമായ പമ്പുകള്‍ പ്രവര്‍ത്തനക്ഷമം ആണ് എന്ന് ജലസേചന വകുപ്പ് ഉറപ്പ് വരുത്തി എന്നും ഇവ അടിയന്തിരമായി വിവിധ സ്ഥലങ്ങളില്‍ വിന്യസിക്കുവാന്‍ ആവശ്യമായ എണ്ണം ക്രെയിന്‍, വാഹനങ്ങള്‍ എന്നിവയ്ക്ക് മെയ് മാസത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ Ltr. No. 33-2/2015-NDM-I dated 17th April 2015 from Ministry of Home Affairs, Govt. of India പ്രകാരം നിഷ്കര്‍ഷിച്ചിരിക്കുന്നത് പോലെ റേറ്റ് കോണ്‍ട്രാക്റ്റ് ജലസേചന വകുപ്പ് ക്ഷണിച്ച് തീരുമാനമാക്കി സൂക്ഷിച്ചു എന്നും ഉറപ്പ് വരുത്തുക. ഇവ ജില്ലയില്‍ വിന്യസിക്കേണ്ട ആവശ്യം വന്നാല്‍ കൃഷി വകുപ്പും, ജലസേചന വകുപ്പും, പൊതുമരാമത്ത് വകുപ്പുമായി ആലോചിച്ച് മുന്‍ഗണന നിശ്ചയിച്ച് തീരുമാനം കൈക്കൊള്ളുക. മറ്റ് ജില്ലകളിലേക്ക് മാറ്റുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രത്യേക അനുമതി വാങ്ങണം.
ജില്ലയിലെ വ്യവസായ സ്ഥാപനങ്ങളില്‍ ശേഖരിച്ചിട്ടുള്ള അപകടകരമായ രാസപദാര്‍ത്ഥങ്ങള്‍ ഏതെല്ലാം, എത്ര വീതം എന്നത് പട്ടികപ്പെടുത്തി ആരോഗ്യ വകുപ്പിനും, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്ക് ജൂണ്‍ 1ന് മുന്‍പ് നല്‍കുവാന്‍ വ്യവസായ വകുപ്പിനോട് ആവശ്യപ്പെടുക. ഈ രാസപദാര്‍ത്ഥങ്ങള്‍ ജലത്തിലോ, മണ്ണിലോ, വായുവിലോ കലര്‍ന്ന് മനുഷ ജീവനും, മൃഗങ്ങളുടെ ജീവനും അപകടകരം ആയാല്‍ അവ പ്രതിരോധിക്കുന്ന രീതികള്‍, മരുന്നുകള്‍ എന്നിവ ഏതെല്ലാം എന്ന് ആരോഗ്യ വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ് എന്നിവര്‍ ചേര്‍ന്ന് പ്രസിദ്ധീകരിക്കുക.
ദുരന്ത സാഹചര്യത്തില്‍, ദുരന്ത ബാധിത പ്രദേശത്ത് തകര്‍ച്ച നേരിട്ട ഒപ്റ്റിക്കല്‍ ഫൈബര്‍ ലൈനുകള്‍, ടവറുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതിന് Deputy Director General, Technology, Dept. of Telecom, Kerala LSA, Ernakulam അനുമതി നല്‍കുന്ന Telecommuications Service Providers, Mobile Companies എന്നിവര്‍ക്ക് അനുമതി നല്‍കുക.