കേരളത്തിലെ പ്രധാന മഴക്കാല ദുരന്ത സാദ്ധ്യതകള്‍

  • ദീര്‍ഘകാല ശരാശരിയോ അതിലധികമോ മഴ ലഭിക്കുവാനുള്ള സാധ്യത ഉണ്ട് എന്നത് പരിഗണിച്ച്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ വെള്ളപൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, ശക്തമായ കാറ്റ്, തീരശോഷണം എന്നിവ നേരിടുവാന്‍ തയ്യാറാകേണ്ടതുണ്ട്. അടുത്തകാലത്തായി മഴയുടെ തീക്ഷ്ണത (rainfall intensity: amount of rainfall in 1 hr) സാധാരണയില്‍ അധികമാണ് എന്ന് കാലാവസ്ഥാ വിദഗ്‌ദ്ധര്‍ വിലയിരുത്തുന്നു. ലഭിക്കും എന്ന് പ്രതീക്ഷിക്കുന്ന മഴ ചുരുങ്ങിയ സമയത്തിലും, ദിവസങ്ങളിലും ലഭിക്കുന്ന അവസ്ഥയാണ് പൊതുവില്‍ കാണുന്നത്. തീക്ഷ്ണത കൂടിയ മഴ പെയ്താല്‍ മണ്ണിലേക്ക് ആഴ്ന്നിറങ്ങുവാനുള്ള സമയം ജലത്തിന് ലഭിക്കില്ല എന്നതിനാല്‍ അത് പെട്ടന്ന് നീര്‍ച്ചാലുകളിലും, പുഴകളിലും ചെന്നെത്തുകയും വെള്ളപ്പൊക്കത്തിനും, മിന്നല്‍ പ്രളയത്തിനും കാരണമാകും.

  • മേല്‍മണ്ണ് 2018ലെ പ്രളയത്തില്‍ ഗണ്യമായ അളവില്‍ നഷ്ടപെട്ടതിനാല്‍, ലഭിക്കുന്ന മഴയുടെ നല്ലൊരുപങ്കും ഒഴുകി പോകുവാന്‍ സാധ്യതയുണ്ട്. ഇത് നദികളിലെയും, ചാലുകളിലേയും ജലനിരപ്പ് പെട്ടന്ന് ഉയരുവാന്‍ കാരണമാകും.

  • 2020ല്‍ വേനല്‍ മഴയുടെ കാലത്ത് ശരാശരിയില്‍ അധികം മഴ ലഭിച്ചതിനാല്‍ മേല്‍ മണ്ണ് ഇപ്പോഴേ കുതിര്‍ന്ന അവസ്ഥയില്‍ ആണ്. ആയതിനാല്‍ കാലവര്‍ഷത്തിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ മണ്ണിടിച്ചിലും, വെള്ളക്കെട്ടുകളും രൂപപ്പെടുവാന്‍ സാധ്യതയുണ്ട്.

  • മല മേഖലയിലെ ചെറിയ ചാലുകളില്‍ മല വെള്ളപ്പാച്ചില്‍ സാധ്യതയും ഉണ്ട്

  • നദികളിലും പുഴകളിലും 2018, 2019 പ്രളയം നിക്ഷേപിച്ച എക്കല്‍, ചെളി, മണല്‍, പാറ എന്നിവ നീക്കം ചെയ്യേണ്ടത് അത്യാവശ്യം ആണ്. ഇവ നദികളിലും പുഴകളിലും ഉള്ളതിനാല്‍ ഇവയുടെ ജലവാഹക ശേഷി കുറഞ്ഞിട്ടുള്ളതായി അനുമാനിക്കാം.

  • വെള്ളപൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാകുവാന്‍ സാധ്യതയുള്ള വില്ലേജുകളുടെ വിവരം ജില്ലാ ദുരന്ത ലഘൂകരണ പദ്ധതിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഈ വിവരം http://sdma.kerala.gov.in/maps/ എന്ന ലിങ്കില്‍ ലഭ്യമാണ്

  • ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍ പ്രവചന സാങ്കേതിക വിദ്യ നിലവില്‍ വിജയകരമായി പരീക്ഷിക്കപെട്ടിട്ടില്ല; ശ്രമങ്ങള്‍ ജി.എസ്.ഐ നടത്തി വരുന്നു.

  • ആലപ്പുഴ, തൃശൂര്‍, കോട്ടയം എന്നീ ജില്ലകള്‍ വെള്ളപ്പൊക്ക പ്രതിരോധത്തിന് പ്രത്യേകമായി തയ്യാറെടുക്കേണ്ടതുണ്ട്.

  • കാലവര്‍ഷ-തുലാവര്‍ഷ കാലത്ത് അണകെട്ടുകളുടെ ഷട്ടര്‍ തുറക്കുവാന്‍ സാധ്യതയുണ്ട്.

  • കുഴലീകൃത മണ്ണൊലിപ്പ് കാണപ്പെട്ടിട്ടുള്ള പ്രദേശങ്ങളില്‍ കുട്ടികള്‍ ഇവ മൂലം ഉണ്ടായിട്ടുള്ള തുരങ്കങ്ങളില്‍ അകപ്പെടാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ ഇടിഞ്ഞ് ഇറങ്ങുന്നത് ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

  • ക്വാറികള്‍, മലയോര മേഖലയിലെ ചെറു അരുവികളും, കയങ്ങളും, കടല്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ ഒട്ടനവധി മുങ്ങി മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുണ്ട്. മഴക്കാലത്ത് ഇവയിലെ ദുരന്ത സാധ്യത ഗണ്യമായി വര്‍ധിക്കുന്നു.

  • ഇവ പരിഗണിച്ച് ഈ കാലവര്‍ഷ-തുലാവര്‍ഷ സമയത്ത് ചുവടെ ചേര്‍ക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം എന്ന് ജില്ലാ അതോറിറ്റികളോടും, വിവിധ വകുപ്പുകളോടും നിര്‍ദ്ദേശിക്കുന്നു.

Last updated