സന്നദ്ധ സംഘടനകളുടെ ഔദ്യോഗിക കൂട്ടായ്മകള്‍ (Inter Agency Group)

  1. ദുരന്തനിവാരണ - ലഘൂകരണ മേഖലകളിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ ജില്ലാതലങ്ങളിൽ ഉള്ള കൂട്ടായ്മയായ ഇന്‍റര്‍ ഏജൻസി ഗ്രൂപ്പുകളെ വിവിധ സേവന മേഖലകളിലെ പ്രാവീണ്യം കണക്കിലെടുത്ത് ദുരന്തപൂർവ്വ, ദുരന്താനന്തര പ്രവർത്തനങ്ങളിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്ക് ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്താവുന്നതാണ്.

  2. ദുരന്തപൂർവ്വ ഘട്ടത്തിൽ ഇന്‍റര്‍ ഏജൻസി ഗ്രൂപ്പിനെ ദുരന്ത ലഘൂകരണ, ദുരന്ത തയ്യാറെടുപ്പ് സംബന്ധമായ പ്രവൃത്തികളിലും, സാമൂഹിക ബോധവൽക്കരണ പ്രവർത്തനങ്ങളിലും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

  3. ദുരന്ത പ്രതികരണത്തിൽ ജില്ലാതല ഇന്‍റര്‍ ഏജൻസി ഗ്രൂപ്പിനെ വിവിധ സന്നദ്ധ സംഘടനകളുടെ സേവനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന് ഉപയോഗിക്കാവുന്നതാണ്. ഈ വിധത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ വിഭവങ്ങളുടെ ദുരുപയോഗം ലഘൂകരിക്കുന്നതിനും, വിഭവങ്ങളുടെ കാര്യക്ഷമവും നീതിപൂർവ്വവുമായ വിതരണം ഉറപ്പുവരുത്തുന്നതിനും സാധിക്കുന്നു.

  4. ദുരിതാശ്വാസ ക്യാമ്പുകളിലും, മറ്റു താത്കാലിക താമസ കേന്ദ്രങ്ങളിലും വിവിധ സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ സന്നദ്ധ പ്രവർത്തകരെ ലഭ്യമാക്കുന്നതിനും, അവരുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ഇന്‍റര്‍ ഏജൻസി ഗ്രൂപ്പിനെ ജില്ലാ ഭരണകൂടത്തിന് ഉപയോഗപ്പെടുത്താവുന്നതാണ്.

  5. ദുരന്താനന്തര പ്രവർത്തനത്തിന്‍റെ ഭാഗമായ ആരോഗ്യ, ശുചീകരണ, അനുബന്ധ മേഖലകളിലെ ജോലികൾക്ക് ഇന്‍റര്‍ ഏജൻസി ഗ്രൂപ്പ് അംഗങ്ങളായ സന്നദ്ധ സംഘടനകളെ ജില്ലാ ഭരണകൂടത്തിന് ഉപയോഗപ്പെടുത്താവുന്നതാണ്.

  6. ദുരന്ത പൂർവ്വ ഘട്ടത്തിൽ തയ്യാറെടുപ്പുകളുടെ ഭാഗമായി ഇന്‍റര്‍ ഏജൻസി ഗ്രൂപ്പ് അംഗങ്ങളായ സന്നദ്ധ സംഘടനകളുടെ കൈവശമുള്ള വിഭവങ്ങളുടെ (ഉദാ: മനുഷ്യവിഭവശേഷി, ഉപകരണങ്ങൾ, മറ്റുള്ളവ) കണക്ക് ശേഖരിക്കുകയും, അവയെ ബന്ധപ്പെടേണ്ട കോൺടാക്റ്റ് നമ്പറുകൾ ശേഖരിക്കുകയും അവ അവശ്യ സന്ദർഭങ്ങളിൽ ഉപയോഗപ്പെടുത്താവുന്നതുമാണ്.

  7. ഇന്‍റര്‍ ഏജൻസി ഗ്രൂപ്പ് എന്നത് വിവിധ സന്നദ്ധ സംഘടനകളുടെ പ്രവർത്തന ഏകോപന കൂട്ടായ്മ ആയതിനാൽ, ഏതെങ്കിലും ഒരു സംഘടനയുടെ പ്രത്യക്ഷമായ അവതരണത്തിനുള്ള വേദിയായി ഉപയോഗപ്പെടുത്തുവാന്‍ പാടുള്ളതല്ല.

  8. ജില്ലാ തലത്തില്‍, പ്രവര്‍ത്തന വൈദഗ്ധ്യം പരിഗണിച്ച് ജില്ല ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് ഇന്‍റര്‍ ഏജൻസി ഗ്രൂപ്പ് വിപുലപ്പെടുത്താവുന്നതാണ്.

Last updated