മഴ, വെള്ളപ്പൊക്കം, കടല്‍സ്ഥിതി, കാറ്റ് എന്നിവ സംബന്ധിച്ച മുന്നറിയിപ്പുകളുടെ രീതികള്‍

കാലാവസ്ഥാ പ്രവചനത്തെ പലപ്പോഴും തമാശയായും, കളിയാക്കലിന്‍റെ ഭാഷയിലും വിമര്‍ശിക്കുന്നത് ഒരു പൊതു ശീലം ആണ്. ലോകത്തില്‍ തന്നെ കാലാവസ്ഥാ പ്രവചനത്തിന് ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു പ്രദേശമാണ് കേരളം. സാങ്കേതികമായി ഒട്ടനവധി പരിമിതികള്‍ പ്രവചനങ്ങള്‍ക്ക് ഉണ്ട്.

കേരളത്തില്‍ പ്രധാനമായും മഴ ലഭിക്കുന്നത് കാലവര്‍ഷത്തില്‍ (മൺസൂൺ) ആണ്. കേരളത്തില്‍ രണ്ട് മഴക്കാലം ഉണ്ട് - തെക്ക് പടിഞ്ഞാറന്‍ കാലവർഷവും (South West Monsoon - June to September), വടക്കുകിഴക്കൻ കാലവർഷവും (North East Monsoon - October to December).

കേരളത്തിലെ ഏറ്റവും ശക്തമായ മഴക്കാലമാണ് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്കുപടിഞ്ഞാറൻ കാലവർഷം. കേരളത്തിന് ലഭിക്കുന്ന മഴയുടെ 60 മുതൽ 75 ശതമാനം വരെ തെക്കുപടിഞ്ഞാറൻ കാലവർഷം വഴിയാണ് ലഭിക്കുന്നത്. കേരളത്തിന്‍റെ ഏറ്റവും തെക്കൻ മേഖലയിൽ 70-100 സെന്റീമീറ്റർ മഴ തെക്കുപടിഞ്ഞാറൻ കാലവർഷം വഴി ലഭിക്കുമ്പോൾ വടക്കൻ മേഖലയിൽ അത് 250-300 സെന്റീമീറ്റർ വരെയാകുന്നു. പശ്ചിമഘട്ടത്തിന്‍റെ ഉന്നതമേഖലയിൽ വർഷപാതം 400 സെന്റീമീറ്റർ കടക്കാറുമുണ്ട്. വർഷം തോറും ഏതാണ്ട് 100 ക്യുബിക് കിലോമീറ്റർ ശുദ്ധജലമാണ് കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷമായി പെയ്തിറങ്ങുന്നത്. നിർഭാഗ്യവശാൽ അതിന്‍റെ സിംഹഭാഗവും ദിവസങ്ങൾക്കുള്ളിൽ പടിഞ്ഞാറൻ സമുദ്രത്തിലേക്ക് ഒഴുകി പോകുകയാണ് ചെയ്യുന്നത്.

ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള വടക്കു കിഴക്കൻ കാലവർഷം കേരളത്തിൽ ശരാശരി 40-60 സെന്റീമീറ്റർ മഴയാണ് പെയ്യിക്കുന്നത്. തെക്കു പടിഞ്ഞാറൻ കാലാവർഷത്തിനു നേർ വിപരീതമായി കേരളത്തിന്‍റെ തെക്കൻ മേഖലയിൽ കൂടുതൽ മഴയും വടക്കൻ മേഖലകളിൽ കുറഞ്ഞ തോതിലുള്ള മഴയുമാണ് വടക്കു കിഴക്കൻ കാലവർഷത്തിന്‍റെ പ്രത്യേകത. തിരുവനന്തപുരം ജില്ലയിൽ അന്‍പത് മുതൽ അറുപത് വരെ സെന്റീമീറ്റർ മഴ പെയ്യുമ്പോൾ കാസർകോട് കണ്ണൂർ ജില്ലകളിൽ ശരാശരി മുപ്പത് മുതൽ നാല്‍പ്പത് സെന്റീമീറ്റർ മഴ വരെയേ പെയ്യുന്നുള്ളു. ചില വർഷങ്ങളിൽ വടക്കു കിഴക്കൻ കാലവർഷത്തില്‍ വളരെ കുറച്ച് മഴയെ ലഭിക്കാറുള്ളൂ. അത്തരം ഒരു വർഷമായിരുന്നു 2016. 2016ൽ കേരളത്തിൽ സാധാരണ ലഭിക്കുന്ന വടക്കു കിഴക്കൻ കാലവർഷത്തിന്‍റെ ഇരുപതു ശതമാനം പോലും ലഭിച്ചില്ല. ഉച്ചതിരിഞ്ഞ് ഉണ്ടാകാറുള്ള ഇടിയോടുകൂടിയ മഴയാണ് ഈ കാലത്തിന്‍റെ ഒരു പ്രത്യേകത.

പിന്നെയുള്ളത് വേനൽ മഴയും, ഇടക്ക് ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമൊക്കെയായി രൂപപ്പെടുന്ന ന്യൂനമർദങ്ങളും ചുഴലിക്കാറ്റും ഒക്കെ മൂലമുണ്ടാകുന്ന മഴയുമാണ്. വേനല്‍മഴക്കാലത്തും ഇടിയോടുകൂടിയ മഴ നാശം വിതയ്ക്കാറുണ്ട്.

മഴ എന്നത് കേരളത്തിൽ സാധാരണ ഒരു ജില്ല മുഴുവന്‍ ഉണ്ടാകുന്ന പ്രതിഭാസം അല്ല. ചിലപ്പോള്‍ ഒരു താലൂക്കിൽ തന്നെ മുഴുവനായും മഴ പെയ്യണമെന്നില്ല. വേനൽ മഴയുടെ കാര്യമെടുത്താൽ ഒരേ വില്ലേജിൽ തന്നെ ചിലയിടത്ത് പെയ്യാനും മറ്റ് ചിലയിടത്ത് പെയ്യാതിരിക്കുവാനും സാധ്യതയുണ്ട്.

കേരളത്തിലെ മഴ പൊതുവിൽ അന്തരീക്ഷ ശാസ്ത്രഭാഷയിൽ (meteorologically) meso-scale റേഞ്ചിൽ വരുന്നവയാണ്. 5 മുതൽ 100 km വരെ വിസ്തൃതിയിൽ ഉണ്ടാകുന്ന സിസ്റ്റങ്ങളെയാണ് meso-scale സിസ്റ്റംസ് എന്ന് വിളിക്കുന്നത്. മൺസൂണും ചുഴലിക്കാറ്റും ഒരു സിനോപ്റ്റിക്ക് system ആണ്; Meso-scaleനേക്കാൾ വിസ്‌തൃതിയുള്ള വലിയ സിസ്റ്റം. കേരളത്തിൽ കാലവര്‍ഷത്തിലും, ന്യൂനമര്‍ദ്ദ പ്രഭാവത്തിലും പെയ്യാറുള്ള മഴ പൊതുവെ meso-scale റേഞ്ചിലും അതിലും ചെറിയ micro-scale റേഞ്ചിലും ഉള്ള മഴയാണ്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ തരത്തില്‍ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ഇവയില്‍ കാലവര്‍ഷത്തില്‍ സവിശേഷ ശ്രദ്ധ വേണ്ടത് മഴ സംബന്ധിച്ച മുന്നറിയിപ്പ്, കാറ്റിന്‍റെ മുന്നറിയിപ്പ്, ഇടിയോട്കൂടിയ മഴ മുന്നറിയിപ്പ്, ന്യൂനമര്‍ദ്ദ മുന്നറിയിപ്പ് എന്നിവയാണ്.

Last updated