കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ്

ശക്തമായ കാറ്റിന്‍റെ പ്രത്യേക സാധ്യത ഉണ്ടെങ്കില്‍, ഇതിനായി പ്രത്യേകം മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കാറുണ്ട്. പ്രതീക്ഷിക്കുന്ന കാറ്റിന്‍റെ തീവ്രത സംബന്ധിച്ച് അതാത് ദിവസത്തെ പൊതു കാലാവസ്ഥാ അവലോകനത്തില്‍ ഉള്‍പ്പെടുത്തി നല്‍കും.

കാറ്റിന്‍റെ വേഗത കടലില്‍ ശക്തമാകുന്ന അവസരത്തില്‍, ചില തീര പ്രദേശങ്ങളിലും, കടല്‍ മേഖലകളിലും മത്സ്യ ബന്ധനം ഒഴിവാക്കുവാന്‍ പ്രത്യേക നിര്‍ദ്ദേശം കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിക്കാറുണ്ട്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടവും, ജീവ ഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. നമ്മുടെ പുരയിടങ്ങളില്‍ ധാരാളമായി വളരുന്ന വടവൃക്ഷങ്ങള്‍ മഴക്കാലത്തിന് മുന്നോടിയായി കോതി ഒതുക്കുന്ന പ്രക്രിയ മുന്‍കാലങ്ങളില്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വനത്തില്‍ വളരുന്ന രീതിയില്‍ മനുഷ്യവാസ മേഖലയിലും മരം വളര്‍ത്തുകയും, ഇവ കോതി ഒതുക്കുന്ന പ്രക്രിയ നടത്താത്തത് മൂലം ഇവയുടെ ശിഖരങ്ങളും, മരം തന്നേയും കാറ്റത്ത്‌ മറിഞ്ഞ് വീണ് ഒട്ടനവധി നാശനഷ്ടവും, ജീവ ഹാനിയും ഉണ്ടാക്കുന്നുണ്ട്. കൂടാതെ, പരസ്യ ഹോര്‍ഡിങ്ങുകള്‍, കാലപ്പഴക്കം ചെന്ന പോസ്റ്റുകള്‍ എന്നിവയും, കഴുക്കോലില്‍ നന്നായി ഉറപ്പിക്കാത്ത ഷീറ്റ് മേഞ്ഞ മേല്‍ക്കൂരയും ശക്തമായ കാറ്റത്ത്‌ പറന്നുപോയി ഉടമസ്ഥര്‍ക്കും, പ്രധാനമായും വഴിപോക്കര്‍ക്കും, അയല്‍ക്കാര്‍ക്കും ജീവഹാനിയും, നാശ നഷ്ടവും ഉണ്ടാക്കുന്നു.

കാറ്റില്‍ മരം വീണ് ഉണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുവാന്‍, മഴക്കാലത്തിന് മുന്നോടിയായി മരം കോതി ഒതുക്കുന്ന പ്രക്രിയ പുനരാരംഭിക്കേണ്ടതുണ്ട്. വനത്തില്‍ വളരുന്ന മരങ്ങളെപോലെ മനുഷ്യവാസ മേഖലയില്‍ മരം വളരുവാന്‍ അനുവദിച്ചുകൂട എന്നും, മനുഷവാസ മേഖലയില്‍ മരങ്ങള്‍ മനുഷ്യന് ജീവഹാനിയും, നാശനഷ്ടവും ഉണ്ടാക്കാത്ത രീതിയില്‍ പരിപാലിക്കപ്പെടണം എന്നും ഉള്ള പൊതു ബോധം വളരേണ്ടതുണ്ട്. ഇതിനായി തദേശ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കേണ്ടതുണ്ട്‌.

പരസ്യ ഹോര്‍ഡിങ്ങുകള്‍, കാലപ്പഴക്കം ചെന്ന പോസ്റ്റുകള്‍ എന്നിവയും, കഴുക്കോലില്‍ നന്നായി ഉറപ്പിക്കാത്ത ഷീറ്റ് മേഞ്ഞ മേല്‍ക്കൂരയും ബലപ്പെടുത്തുന്ന പ്രക്രിയ അതാത് കമ്പനികള്‍/വ്യക്തികള്‍/വീട്ടുടമകള്‍ നടത്തുവാന്‍ നിര്‍ദ്ദേശിക്കുന്നതിന് തദേശ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണം.

Last updated