കേന്ദ്ര കാലാവസ്ഥാ വകുപ്പ് (India Meteorological Department)
2020 ഏപ്രിൽ 15 ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) പുറപ്പെടുവിച്ച ദീർഘകാല മഴ സാധ്യതാ പ്രവചനത്തിൽ രാജ്യത്ത് ഈ വർഷം പ്രതീക്ഷിക്കുന്നത് 'സാധാരണ' (normal) മഴയാണ്. ദീർഘകാല ശരാശരിയുടെ 100% (+/-5% മോഡൽ പിഴവുകൾക്കുള്ള സാധ്യതയോടെ) മഴയാണ് 2020 ലെ തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ (ഇടവപ്പാതി) ഇന്ത്യയിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. (കാലാവസ്ഥാ വകുപ്പിൻറെ 2018 ലെ ദീർഘകാല പ്രവചനം 97%വും 2019ൽ 96%വുമായിരുന്നു).
മൺസൂണിനെ സ്വാധീനിക്കുന്ന നിർണ്ണായക ഘടകങ്ങളായ പസിഫിക്ക് സമുദ്രത്തിലെ എൽ-നിനോ പ്രതിഭാസവും ഇന്ത്യൻ മഹാസമുദ്രത്തിലെ 'ഇന്ത്യൻ ഓഷ്യൻ ഡൈപോൾ' പ്രതിഭാസവും നിലവിൽ 'ന്യൂട്രൽ' അവസ്ഥയിലാണ് ഉള്ളതെന്നും ഇത് അനുകൂല സാഹചര്യത്തിൻറെ സൂചനയാണെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. സീസണിൻറെ രണ്ടാം പകുതിയിൽ നേർത്തതെങ്കിലും ലാ-നീന പ്രതിഭാസം പസഫിക്ക് മഹാസമുദ്രത്തിൽ ഉടലെടുക്കാനിടയുണ്ടെന്നും ചില കാലാവസ്ഥാ മോഡലുകൾ സൂചിപ്പിക്കുന്നു.
സാധാരണയിൽ കവിഞ്ഞുള്ള മഴ (above normal) സാധ്യത 21% വും അധിക മഴക്കുള്ള (Excess, >110%) സാധ്യത കേവലം 9% മാത്രമാണെന്നുമാണ് IMD ദീർഘകാല പ്രവചനത്തിലൂടെ വ്യക്തമാക്കുന്നത്.
മെയ് അവസാന വാരത്തിലോ ജൂൺ ആദ്യവാരത്തിലോ ആയി IMD അവരുടെ രണ്ടാമത്തെ ദീർഘകാല പ്രവചനം പുറത്തിറക്കുന്നതാണ്. ഇന്ത്യയെ വിവിധ മേഖലകളായി തിരിച്ചുള്ള പ്രവചനം കൂടി സാധാരണ രണ്ടാമത്തെ ദീർഘകാല പ്രവചനത്തിൽ ഉണ്ടാകാറുണ്ട്. അത് കൂടി ലഭ്യമാകുമ്പോൾ മാത്രമേ കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യക്ക് ലഭിക്കാൻ സാധ്യതയുള്ള മഴയുടെ അളവിനെ കുറിച്ച് ഒരു വ്യക്തതയുണ്ടാവുകയുള്ളൂ.
ജൂൺ മുതൽ സെപ്തംബർ വരെയുള്ള തെക്ക് പടിഞ്ഞാറൻ മൺസൂണിൽ ഇന്ത്യയിലാകെ ലഭിക്കാനിടയുള്ള ആകെ മഴയുടെ അളവിനെ സംബന്ധിച്ചുള്ളതാണ് ഈ പ്രവചനം. ഇന്ത്യയുടെ തെക്ക് പടിഞ്ഞാറൻ മൺസൂൺ മഴയുടെ ദീർഘകാല ശരാശരി എന്നത് 880 മില്ലി മീറ്റർ മഴയാണ്. ഈ പ്രവചനത്തിൽ നിന്ന് വലിയ അപകടങ്ങൾ സൃഷ്ടിക്കാറുള്ള അതിതീവ്ര മഴ ദിനങ്ങൾ രാജ്യത്തുണ്ടാകുമെന്നോ സംസ്ഥാനത്ത് ഇടവപ്പാതി ഏത് രീതിയിലായിരിക്കുമെന്നോ പൊതുവെ മനസ്സിലാക്കാൻ സാധിക്കുകയില്ല. നിലവിൽ എല്ലാ ദിവസവും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിക്കുന്ന 5 ദിവസത്തെ ജില്ലാതല മഴ പ്രവചനത്തിൽ മാത്രമാണ് ഇത്തരം വിവരങ്ങൾ നമുക്ക് ലഭ്യമാകുന്നത്.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ 2020 ദീർഘകാല മൺസൂൺ പ്രവചനം ഈ ലിങ്കിൽ ലഭ്യമാണ്.
ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ അന്തർദേശീയ, സ്വകാര്യ ഏജൻസികളും 2020 മൺസൂൺ മഴയുടെ ദീർഘകാല പ്രവചനം നടത്തിയിട്ടുണ്ട്. ലഭ്യമായ ചില വിവരങ്ങൾ അനുബന്ധമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Last updated