പ്രവചനത്തിലെ മഴയുടെ അളവും, തീക്ഷ്ണതയും

24 മണിക്കൂറിനുള്ളില്‍ രേഖപെടുത്തുന്ന മഴയുടെ അളവിനനുസരിച്ച് (rainfall amount in 24 hours) കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം മഴയുടെ ലഭ്യതയെ 6 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

  • നൂല്‍ മഴ (Very light rainfall): മഴ മാപിനിയിൽ 0.1 mm മുതൽ 2.4 mm വരെ

  • ചാറ്റൽ മഴ (Light rainfall): 2.5 mm മുതൽ 15.5 mm വരെ

  • മിതമായ മഴ (Moderate): 15.6 mm മുതൽ 64.4 mm വരെ

  • ശക്തമായ മഴ (Heavy rainfall): 64.5 mm മുതൽ 115.5 mm വരെ

  • അതിശക്തമായ മഴ (Very heavy rainfall): 115.6 mm മുതൽ 204.4 mm വരെ

  • അതിതീവ്ര മഴ (Extremely heavy rainfall): 204.4 mmല്‍ കൂടുതല്‍ മഴ

മണിക്കൂറില്‍ എത്ര മഴ പെയ്തു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് മഴയുടെ തീക്ഷ്ണത (Rainfall Intensity) നിര്‍ണയിക്കുന്നത്. മിതമായ മഴ പ്രവചിക്കപ്പെടുന്ന സ്ഥലത്ത് 50 mm മഴ ഒരു മണിക്കൂര്‍ സമയം കൊണ്ടാണ് പെയ്യുന്നതെങ്കിൽ അത് തീക്ഷ്ണത (high intensity rainfall) കൂടിയ മഴ ആയിരിക്കും. എന്നാല്‍ 50 mm മഴ 24 മണിക്കൂര്‍ സമയം കൊണ്ടാണ് പെയ്യുന്നതെങ്കിൽ അത് തീക്ഷ്ണത (low intensity rainfall) കുറഞ്ഞ മഴ ആയിരിക്കും. ഈ വിവരം പ്രാദേശികമായി ലഭിക്കുന്നതിന് ആവശ്യമായ അളവില്‍ ഓട്ടോമാറ്റിക്ക് കാലാവസ്ഥാ ഉപകരണങ്ങള്‍ കേരളത്തില്‍ ഇപ്പോഴും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പക്കല്‍ ലഭ്യമല്ല. ഇത്തരത്തില്‍ ഉള്ള 100 ഉപകരണം കേരളത്തില്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തി വരുന്നു.

പൊതുവില്‍ നമുക്ക് അനുഭവപ്പെടുന്ന മഴയുടെ തീക്ഷ്ണത നോക്കി ശക്തമായ മഴയാണെന്ന് പറയുന്നതും പ്രവചനത്തിലെ ശക്തമായ മഴയും രണ്ടാണ്. പ്രവചനത്തിലെ ശക്തമായ മഴ 24 മണിക്കൂറിനുള്ളില്‍ രേഖപെടുത്തുന്ന മഴയുടെ അളവിനനുസരിച്ചും, അനുഭവപ്പെടുന്ന മഴ മഴയുടെ തീക്ഷ്ണതയും ആണ്. മഴ പ്രവചനങ്ങളില്‍ ആശയകുഴപ്പം ഉണ്ടാക്കുന്ന കാര്യമാണിത്.

മിന്നല്‍ പ്രളയം ഉറപ്പിക്കാവുന്ന തരത്തിലുള്ള മഴയാണ് അതിതീവ്ര മഴയും, തീക്ഷ്ണത കൂടിയ മഴയും. 2018ല്‍ കേരളത്തില്‍ പ്രളയത്തിന് കാരണമായ ദിവസങ്ങളിൽ പലയിടങ്ങളിലും 300 mm മുതൽ 400 mm വരെ മഴയായിരുന്നു 24 മണിക്കൂറില്‍ പെയ്തത്. തീക്ഷ്ണത നിര്‍ണയിക്കാന്‍ ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍, എത്ര സമയം കൊണ്ടാണ് ഇത്ര അധികം മഴ പെയ്തത് എന്ന് കൃത്യമായ വിവരം ലഭ്യമല്ല.

Last updated