മഴ മുന്നറിയിപ്പ് - നിറങ്ങളുടെ അടിസ്ഥാനത്തില്‍

നാല് നിറത്തിലുള്ള മഴ അലെർട്ടുകളാണ് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിക്കാറുള്ളത്. മുന്‍പ് സൂചിപ്പിച്ചത് പോലെ മഴ പെയ്യാനുള്ള സാധ്യത, പ്രവചനത്തിലെ മഴയുടെ അളവ്, തീക്ഷ്ണത, പ്രവചനത്തിലെ മഴ സാധ്യതാ സ്ഥലങ്ങളെ സംബന്ധിച്ച വിവരം എന്നിവ പരിശോധിക്കണം. ഇവയുടെ അടിസ്ഥാനത്തില്‍ ജില്ലാ തലത്തില്‍ പ്രതീക്ഷിക്കാവുന്ന മഴയുടെ കാഠിന്യം സംബന്ധിച്ച് പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് സൂചന നല്‍കുന്നു. ഇത് പ്രവചിക്കപ്പെടുന്ന മഴക്ക് അനുസരിച്ചുള്ള 'ദുരന്ത തയ്യാറെടുപ്പ് നടപടികൾ' തീരുമാനിക്കാനുള്ളതാണ്.

  • പച്ച (Green) - ജാഗ്രത പാലിക്കേണ്ട സാഹചര്യം നിലവിലില്ല

  • മഞ്ഞ (Yellow) - കാലാവസ്ഥായെ കരുതലോടെ നിരീക്ഷിക്കണം. സാഹചര്യങ്ങൾക്കനുസരിച്ച് അപ്ഡേറ്റ് ചെയ്യപ്പെടണം. ഭയപ്പെടേണ്ട സാഹചര്യമില്ല. അപകട സാധ്യത അപ്ഡേറ്റ് ചെയ്യപ്പെടുന്നതനുസരിച്ച് മുന്നൊരുക്കങ്ങൾ നടത്താം.

  • ഓറഞ്ച് (Orange) - അതീവ ജാഗ്രത മുന്നറിയിപ്പ്. സുരക്ഷാ തയ്യാറെടുപ്പുകൾ തുടങ്ങണം. മാറ്റി താമസിപ്പിക്കൽ ഉൾപ്പെടെ അധികൃതർ ആരംഭിക്കേണ്ടതോ അതിന് വേണ്ട മുന്നൊരുക്കങ്ങൾ പൂർത്തിയാക്കേണ്ടതോ ആയ ഘട്ടം. അപകട സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ എമർജൻസി കിറ്റ് (അനുബന്ധം 7) ഉൾപ്പെടെ തയ്യാറാക്കി അവസാനഘട്ട തയ്യാറെടുപ്പും പൂർത്തീകരിച്ച് തയ്യാറായി നിൽക്കണം. രക്ഷാ സേനകളോട് തയ്യാറെടുക്കാൻ ആവശ്യപ്പെടും. ക്യാമ്പുകൾ തയ്യാറാക്കുക.

  • ചുവപ്പ് (Red) - കർശന സുരക്ഷ നടപടി സ്വീകരിക്കേണ്ട ഘട്ടം. ദുരന്ത സാധ്യതാ മേഖലയില്‍ നിന്നും എല്ലാവരെയും സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറ്റി താമസിപ്പിക്കുക. മാറി താമസിക്കാൻ തയ്യാറാവാത്തവരെ ആവശ്യമെങ്കിൽ നിർബന്ധിതമായി ബലപ്രയോഗത്തിലൂടെ മാറ്റി താമസിപ്പിക്കേണ്ടതാണ്. രക്ഷാ സേനയെ വിന്യസിപ്പിക്കുക, ക്യാമ്പുകൾ ആരംഭിക്കുക തുടങ്ങിയ എല്ലാ വിധ നടപടിക്രമങ്ങളും പൂർത്തീകരിക്കേണ്ട അപകടസൂചന സന്ദേശമാണിത്.

ഇതിൽ ചുവപ്പ് അലർട്ട് ഒഴികെയുള്ള അലർട്ടുകളെ പൊതുവില്‍ ഭീതിയോടെ കാണേണ്ടതില്ല. എന്നിരുന്നാലും മഞ്ഞ, ഓറഞ്ച് അലര്‍ട്ട്കൾ പ്രഖ്യാപിച്ചു കഴിഞ്ഞാൽ കരുതലും ജാഗ്രതയും പ്രധാനമാണ്.

സംസ്ഥാന അടിയന്തരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രം (എസ്.ഇ.ഓ.സി) ഈ അറിയിപ്പുകളെ ചുരുക്കി, ചിത്രവും, പട്ടികയുമായി പൊതുജനങ്ങള്‍ക്കും, എല്ലാ ജില്ലാ അതോറിറ്റികള്‍ക്കും ലഭ്യമാക്കുന്നുണ്ട്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന അടിയന്തരഘട്ട കാര്യ നിര്‍വ്വഹണ കേന്ദ്രം ചുരുക്കിപുറപ്പെടുവിക്കുന്ന രണ്ട് ഭാഷയില്‍ ഉള്ള പട്ടികയും, ഭൂപടവും

Last updated