കെ.എസ്.ഇ.ബി

  1. കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തില്‍ ഉള്ള എല്ലാ പ്രധാന അണക്കെട്ടുകളുടെയും ചുവപ്പ്, ഓറഞ്ച്, നീല എന്നീ അലേര്‍ട്ട് ജലനിരപ്പുകളും, റുള്‍ കെര്‍വ് അനുസരിച്ച് ഏതു സാഹചര്യങ്ങളില്‍ അണക്കെട്ടുകള്‍ തുറന്നുവിടും എന്നും അണക്കെട്ടുകള്‍ നിലനില്‍ക്കുന്നതും, അണക്കെട്ടിലെ ജലം ഒഴുകി പോകുന്നതുമായ ജില്ലകളിലെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് ജൂണ്‍ 1ന് മുന്‍പ് നല്‍കി മുന്‍‌കൂര്‍ അനുമതി വാങ്ങണം.

  2. കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തില്‍ ഉള്ള എല്ലാ അണക്കെട്ടുകള്‍ക്കും ചുവപ്പ്, ഓറഞ്ച്, നീല എന്നീ മൂന്നു തരം മുന്നറിയിപ്പുകള്‍ ഇല്ല. ഏതെല്ലാം അണക്കെട്ടുകള്‍ക്കാണ് ഇവ ബാധകം എന്നത് പ്രത്യേകമായി ജല ബഹിര്‍ഗമന പാതയിലുള്ള എല്ലാ ജില്ലകളിലെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളെ അറിയിക്കണം.

  3. അണക്കെട്ടുകളില്‍ നിന്നും ജലം തുറന്നു വിടേണ്ടുന്ന സാഹചര്യം ഉണ്ട് എന്ന അനുമാനത്തില്‍ എത്തുകയാണെങ്കില്‍ നീല അലേര്‍ട്ട് പുറപ്പെടുവിക്കുന്ന അവസരത്തില്‍ തുറന്നുവിടുവാന്‍ സാധ്യതയുള്ള അണക്കെട്ടിന്‍റെ ജല ബഹിര്‍ഗമന പാതയിലുള്ള എല്ലാ ജില്ലകളിലെയും അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രങ്ങളില്‍ (BSNL 1077ല്‍) നിര്‍ബന്ധമായും അറിയിപ്പ് നല്‍കേണ്ടതാണ്; 36 മണിക്കൂര്‍ മുന്‍പെങ്കിലും ഇത്തരം ഒരു പ്രാഥമിക അറിയിപ്പ് ജില്ലകള്‍ക്ക് നല്കുവാന്‍ കെ.എസ്.ഇ.ബി പരിശ്രമിക്കണം. ജല ബഹിര്‍ഗമന പാതയിലുള്ള എല്ലാ ജില്ലാ കളക്ടര്‍മാരുടെയും അനുമതിയോടെ മാത്രമേ അണക്കെട്ടുകളില്‍ നിന്നും ജലം തുറന്നു വിടാന്‍ പാടുള്ളൂ.

  4. ഒരു കാരണവശാലും വൈകിട്ട് 6 മണിക്ക് ശേഷം, പകല്‍ 6 മണിവരെ, പകല്‍ തുറക്കാതെ ഇരുന്ന അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്ന് പുതുതായി ജലം ഒഴുക്കരുത്.

  5. വേലിയേറ്റ സമയത്തെ സമുദ്ര സ്ഥിതി കൂടി INCOISന്‍റെ വെബ്സൈറ്റില്‍ (https://incois.gov.in/portal/osf/tide.jsp) നിന്നും പരിശോധിച്ചിട്ട് വേണം അണക്കെട്ടുകളില്‍ നിന്നും ജലം തുറന്നു വിടുവാന്‍.

  6. ചില ചെറിയ അണക്കെട്ടുകള്‍ക്ക് ഈ നിഷ്കര്‍ഷ പാലിക്കുവാന്‍ സാധിക്കില്ല. ആയതിനാല്‍ ഇവയുടെ പട്ടിക അനുബന്ധം 4 ആയി ചേര്‍ത്തിട്ടുണ്ട്. ഇവ തുറക്കുന്നതിന് മുന്‍പ് അണകെട്ടിന്‍റെ നടത്തിപ്പ് ചുമതലയുള്ള വകുപ്പ് അണകെട്ടിന് താഴെ ജല ബഹിര്‍ഗമന പാതയിലുള്ള എല്ലാ ജില്ലാ കളക്ടര്‍മാരുടെയും അനുമതി വാങ്ങണം.

  7. പൊതുജനങ്ങള്‍ക്ക് അണക്കെട്ട് തുറക്കുന്നതിന് മുന്‍പ് ഇ.എ.പി അനുസരിച്ചുള്ള സൈറണ്‍ മുഴക്കി അറിയിപ്പ് നല്‍കുക

  8. നീല അലേര്‍ട്ട് നല്‍കുന്ന സമയം മുതല്‍ ചുവപ്പ് അലേര്‍ട്ട് വരെ ചുരുങ്ങിയത് 24 മണിക്കൂര്‍ സമയം എങ്കിലും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുക.

  9. ഓറഞ്ച് ആലേര്‍ട്ടും, ചുവപ്പ് ആലേര്‍ട്ടും മാത്രമുള്ള അണക്കെട്ടുകളില്‍ ഓറഞ്ച് അലേര്‍ട്ട് നല്‍കുന്ന സമയം മുതല്‍ ചുവപ്പ് അലേര്‍ട്ട് വരെ ചുരുങ്ങിയത് 24 മണിക്കൂര്‍ സമയം എങ്കിലും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുക.

  10. കുടിവെള്ള വിതരണ പദ്ധതിക്കുള്ള വൈദ്യുതി കണക്ഷനുകൾ തടസ്സമില്ലാതെ ലഭ്യമാക്കേണ്ടതാണ്.

  11. മരം വീഴ്ചയോ, കാറ്റ് മൂലമോ, ഉരുള്‍പൊട്ടലിലോ വൈദ്യുതി തടസ്സമുണ്ടാകുന്ന പക്ഷം ഏറ്റവുമടുത്തുള്ള ഫീഡറിൽ നിന്നും അവശ്യ കുടിവെള്ള വിതരണം നടത്തുന്നതിന് തക്കതായ രീതിയില്‍ വൈദ്യുതി ലഭ്യമാക്കുക.

  12. മരം വീഴ്ചയോ, കാറ്റ് മൂലമോ, ഉരുള്‍പൊട്ടലിലോ വൈദ്യുതി കമ്പി പൊട്ടിവീണാല്‍ ഉടന്‍ തന്നെ ആ ഭാഗത്തേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിക്കുക. പൊതുജനങ്ങള്‍ക്ക്, കെ.എസ്.ഇ.ബി യുടെ മൊബൈല്‍ മെസേജ് സംവിധാനം വഴി വൈദ്യുതി കമ്പി പൊട്ടിവീണ ഭാഗത്തെ പറ്റിയും, പൊതുജനങ്ങള്‍ സുരക്ഷ നടപടി സ്വീകരിക്കണം എന്നും ഉള്ള അറിയിപ്പ് നല്‍കുക. ഈ വിവരം തദ്ദേശ സ്ഥാപനത്തെയും, വില്ലെജ് ഓഫീസറെയും, പോലീസ് അധികാരിയെയും അറിയിക്കുക.

  13. സ്പില്‍വേകള്‍, അണക്കെട്ടുകള്‍, ബരാജ്കള്‍ എന്നിവയുടെ ഷട്ടറുകള്‍ പ്രവര്‍ത്തനക്ഷമം ആണ് എന്ന് ഉറപ്പ് വരുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് റിപോര്‍ട്ട് മെയ് 30ന് മുന്‍പായി നല്‍കുക

Last updated