കേരള വാട്ടർ അതോറിറ്റി
1. മഴക്കാലത്ത് ജലത്തിൻറെ ഗുണനിലവാരം പരിശോധിച്ച് (ഭൗതിക, രാസ, ജൈവ) വേണ്ട പരിഹാര നടപടികൾ കൈക്കൊണ്ട് ഗുണനിലവാര സൂചികക്ക് അനുസൃതവും അനുവദനീയമായ പരിധികൾക്കുള്ളിലും ആണ് എന്ന് ഉറപ്പ് വരുത്തേണ്ടുന്ന ഉത്തരവാദിത്വം കേരള വാട്ടർ അതോറിറ്റിക്കാണ്.
2. മൺസൂൺ കാലാവസ്ഥായിൽ ഒഴുകിയെത്തുന്ന വെള്ളത്തിൽ പ്രധാനമായും കലക്കൽ, ജൈവ മാലിന്യങ്ങൾ എന്നിവ ഉള്ളതുമൂലം ശുദ്ധീകരണശാലയുടെ പ്രവർത്തനക്ഷമതയെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ സ്രോതസ്സിലെ ഇൻടേക്കിൽ ആവശ്യമായ മുൻകരുതലുകൾ കൈക്കൊള്ളേണ്ടതാണ്. മുൻകരുതൽ നടപടികൾ കൈക്കൊണ്ട ശേഷവും കലക്കലിന്‍റെ തോത് അനുവദനീയമായ അളവിൽ നിന്നും കൂടുതൽ ആണെങ്കിൽ പ്ലാന്റിൽ ജല ഗുണനിലവാര സൂചികകളുടെ സൂക്ഷ്മമായ അവലോകനം ഉറപ്പാക്കേണ്ടതാണ്.
3. ക്ലോറിനേഷൻ നടത്തി അവക്ഷിപ്ത ക്ലോറിൻറെ (Residual Chlorine) തോത് എല്ലാ ഔട്ട്ലെറ്റ് പോയിന്റുകളിലും ആവശ്യമായ അളവിൽ ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. ജലജന്യ രോഗങ്ങൾ പടരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ സൂപ്പർ ക്ലോറിനേഷൻ അവലംബിക്കേണ്ടതാണ്.
4. ജല വിതരണം നടത്തുന്ന പൈപ്പ്ലൈനുകളിൽ മതിയായ മർദ്ദമില്ലാതെ വരികയോ ജലചോർച്ച കണ്ടെത്തുകയോ ചെയ്യുന്ന പക്ഷം പ്രത്യേക മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്.
5. ഓടകൾ, ഓവുകൾ, അഴുക്കുചാലുകൾ തുടങ്ങിയവക്ക് സമീപം കടന്നുപോകുകയോ കുറുകെ കൂടി കടന്നുപോകുകയോ ചെയ്യുന്ന പൈപ്പ്ലൈനുകൾ പ്രത്യേകമായി നിരീക്ഷണത്തിന് വിധേയമാക്കുകയും വിതരണ ശൃഖലയുടെ അധോമുഖഭാഗത്ത് വെള്ളത്തിൻറെ ഗുണ നിലവാരം ഉറപ്പാക്കുകയും യാതൊരു കാരണവശാലും മാലിന്യങ്ങൾ കലരുന്നില്ല എന്നുറപ്പ് വരുത്തേണ്ടതുമാണ്.
6. ജലസംഭരണികൾ കഴുകി വൃത്തിയാക്കുകയും ജലത്തിൻറെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്.
7. ജലവിതരണ സംവിധാനങ്ങൾ വെള്ളം കയറി തകരാറിലാകുകയാണെങ്കിൽ അടിയന്തിര സാഹചര്യങ്ങളിൽ കുടിക്കുവാനാവശ്യമായ ജലം വിതരണം ചെയ്യുവാനായി ഒരുങ്ങിയിരിക്കേണ്ടതും അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ തയ്യാറാക്കി സൂക്ഷിക്കേണ്ടതുമാണ്.
8. മഴക്കാലത്ത് ആരോഗ്യം/തദ്ദേശസ്വയംഭരണം/റവന്യൂ എന്നീ വകുപ്പുകളിലെ പ്രതിനിധികള്‍ നൽകുന്ന ജലത്തിൻറെ ഗുണനിലവാരം സൗജന്യമായോ സർക്കാർ നിർദേശിക്കുന്ന തുകയ്ക്കൊ തിട്ടപ്പെടുത്തി നൽകേണ്ടതാണ്. പ്രളയം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിക്കുന്ന വില്ലേജുകളിലെ ജല സ്രോതസുകളുടെയോ, ഈ വില്ലേജുകളില്‍ വിതരണം ചെയ്യുവാന്‍ ജലം ശേഖരിക്കുന്ന സ്രോതസുകളുടെയോ ജലം പരിശോധിക്കുന്നതിന് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ തുക അനുവദിച്ച് നല്കുവാന്‍ അതാത് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ സമീപിക്കാവുന്നതാണ്.
9. വാട്ടര്‍ അതോറിറ്റിയുടെ നിയന്ത്രണത്തില്‍ ഉള്ള എല്ലാ പ്രധാന അണക്കെട്ടുകളുടെയും ചുവപ്പ്, ഓറഞ്ച്, നീല എന്നീ അലര്‍ട്ട് ജലനിരപ്പുകളും, റുള്‍ കെര്‍വ് അനുസരിച്ച് ഏതു സാഹചര്യങ്ങളില്‍ അണക്കെട്ടുകള്‍ തുറന്നുവിടും എന്നും അണക്കെട്ടുകള്‍ നിലനില്‍ക്കുന്നതും, അണക്കെട്ടിലെ ജലം ഒഴുകി പോകുന്നതുമായ ജില്ലകളിലെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് ജൂണ്‍ 1ന് മുന്‍പ് നല്‍കി മുന്‍കൂര്‍ അനുമതി വാങ്ങണം.
10. അണക്കെട്ടുകളില്‍ നിന്നും ജലം തുറന്നു വിടേണ്ടുന്ന സാഹചര്യം ഉണ്ട് എന്ന അനുമാനത്തില്‍ എത്തുകയാണെങ്കില്‍ നീല അലേര്‍ട്ട് പുറപ്പെടുവിക്കുന്ന അവസരത്തില്‍ തുറന്നുവിടുവാന്‍ സാധ്യതയുള്ള അണക്കെട്ടിന്‍റെ ജല ബഹിര്‍ഗമന പാതയിലുള്ള എല്ലാ ജില്ലകളിലെയും അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രങ്ങളില്‍ (BSNL 1077ല്‍) നിര്‍ബന്ധമായും അറിയിപ്പ് നല്‍കേണ്ടതാണ്; 36 മണിക്കൂര്‍ മുന്‍പെങ്കിലും ഇത്തരം ഒരു പ്രാഥമിക അറിയിപ്പ് ജില്ലകള്‍ക്ക് നല്കുവാന്‍ വകുപ്പ് പരിശ്രമിക്കണം. ജല ബഹിര്‍ഗമന പാതയിലുള്ള എല്ലാ ജില്ലാ കളക്ടര്‍മാരുടെയും അനുമതിയോടെ മാത്രമേ അണക്കെട്ടുകളില്‍ നിന്നും ജലം തുറന്നു വിടാന്‍ പാടുള്ളൂ.
11. ഒരു കാരണവശാലും വൈകിട്ട് 6 മണിക്ക് ശേഷം, പകല്‍ 6 മണിവരെ അണക്കെട്ടില്‍ നിന്നും പുതുതായി ജലം തുറന്ന് വിടരുത്.
12. വേലിയേറ്റ സമയത്തെ സമുദ്ര സ്ഥിതി കൂടി INCOISന്‍റെ വെബ്സൈറ്റില്‍ (https://incois.gov.in/portal/osf/tide.jsp) നിന്നും പരിശോധിച്ചിട്ട് വേണം അണക്കെട്ടുകളില്‍ നിന്നും ജലം തുറന്നു വിടുവാന്‍.
13. നീല അലേര്‍ട്ട് നല്‍കുന്ന സമയം മുതല്‍ ചുവപ്പ് അലേര്‍ട്ട് വരെ ചുരുങ്ങിയത് 24 മണിക്കൂര്‍ സമയം എങ്കിലും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുക.
14. ഓറഞ്ച് ആലേര്‍ട്ടും, ചുവപ്പ് ആലേര്‍ട്ടും മാത്രമുള്ള അണക്കെട്ടുകളില്‍ ഓറഞ്ച് അലേര്‍ട്ട് നല്‍കുന്ന സമയം മുതല്‍ ചുവപ്പ് അലേര്‍ട്ട് വരെ ചുരുങ്ങിയത് 24 മണിക്കൂര്‍ സമയം എങ്കിലും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുക.
15. വകുപ്പ് തയ്യാറാക്കിയ അടിയന്തിരഘട്ട പ്രവര്‍ത്തന പദ്ധതി (ഇ.എ.പി) പ്രകാരം പൊതുജനങ്ങളും തദ്ദേശ സര്‍ക്കാരുകളും അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ ഉള്‍പ്പെടുത്തി മലയാളത്തില്‍ ഒരു ലഘുലേഖയില്‍ ഓരോ അണകെട്ടും സംബന്ധിച്ച് പ്രസിദ്ധീകരിക്കുക. ഈ ലഘുലേഖയില്‍ ജനങ്ങള്‍ക്ക് എങ്ങനെയാണ് മുന്നറിയിപ്പ് നല്‍കേണ്ടത്, ആരാണ് മുന്നറിയിപ്പ് നല്‍കേണ്ടത്, എങ്ങനെയാണ് അവരെ അടിയന്തിരഘട്ടത്തില്‍ മാറ്റേണ്ടത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പ്രതിപാദിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന ആളുകളുടെ വിവരങ്ങൾ, അവര്‍ക്കുള്ള സുരക്ഷിത സ്ഥലങ്ങൾ, ഗതാഗതമാർഗങ്ങൾ, ഒഴിപ്പിക്കൽ വഴികൾ തുടങ്ങിയവയുടെ വിശദാംശങ്ങളും പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തണം.
16. ചില ചെറിയ അണക്കെട്ടുകള്‍ക്ക് ഈ നിഷ്കര്‍ഷ പാലിക്കുവാന്‍ സാധിക്കില്ല. ആയതിനാല്‍ ഇവയുടെ പട്ടിക അനുബന്ധം 4 ആയി ചേര്‍ത്തിട്ടുണ്ട്. ഇവ തുറക്കുന്നതിന് മുന്‍പ് അണകെട്ടിന്‍റെ നടത്തിപ്പ് ചുമതലയുള്ള വകുപ്പ് അണകെട്ടിന് താഴെ ജല ബഹിര്‍ഗമന പാതയിലുള്ള എല്ലാ ജില്ലാ കളക്ടര്‍മാരുടെയും അനുമതി വാങ്ങണം.
Last updated