ജലസേചന വകുപ്പ്

  1. തീരശോഷണ ആഘാതം ലഘൂകരിക്കുവാന്‍ ആവശ്യമായ രീതിയില്‍ ജലസേചന വകുപ്പ്‌ കടല്‍ ഭിത്തികള്‍ക്കുള്ള കേടുപാടുകള്‍ അടിയന്തിരമായി പരിശോധിച്ച്, പരിഹരിക്കുക. കടല്‍ ഭിത്തിയുടെ നിര്‍മ്മാണം, പരിപാലനം, പുനര്‍നിര്‍മ്മാണം എന്നിവയ്ക്ക് ദുരന്ത പ്രതികരണ നിധി വിനിയോഗിക്കുവാന്‍ പാടുള്ളതല്ല.

  2. തീരശോഷണം നേരിടുവാന്‍ സാധ്യതയുള്ള എല്ലാ പ്രദേശങ്ങൾ കണ്ടെത്തി മെയ് 30ന് മുന്‍പ് പ്രസ്തുത വിവരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കുക.

  3. അടിയന്തിരഘട്ടങ്ങളില്‍ തീരത്തെയും, വയല്‍ ബണ്ടുകളിലെയും, പുഴയോരത്തെയും വീടുകള്‍ക്ക് സംരക്ഷണം നല്‍കുവാന്‍ ആവശ്യമായ രീതിയില്‍ മണല്‍നിറച്ച കയര്‍ ചാക്കുകളോ, ജിയോ ട്യുബുകളോ കരുതുവാന്‍ വേണ്ടുന്ന നടപടികള്‍ ജലസേചന വകുപ്പ്‌ തദ്ദേശ സര്‍ക്കാരുമായി ചേര്‍ന്ന് നടത്തണം

  4. തീരശോഷണം, ശക്തമായ കാറ്റ്, സുനാമി, ചുഴലികാറ്റ് എന്നിവയോടനുബന്ധിച്ചുള്ള അടിയന്തിരഘട്ടത്തില്‍ മണല്‍നിറച്ച കയര്‍ ചാക്കുകളോ, ജിയോ ട്യുബുകളോ ഉപയോഗിക്കുന്നതിന് ദുരന്ത പ്രതികരണ നിധിയില്‍ നിന്നും തുക ചെലവഴിക്കാവുന്നതാണ്. ആവശ്യമാണെങ്കില്‍ മാത്രം ഇവ ഉപയോഗപ്പെടുത്തുക. ഇതിനാവശ്യമായ ഫോര്‍മാറ്റ്‌ Handbook on Disaster Management – Volume 2 – Emergency Operations Centres & Emergency Support Functions Plan, Keralaല്‍ നല്‍കിയിട്ടുണ്ട്. മുന്‍‌കൂര്‍ റേറ്റ് കോണ്‍ട്രാക്റ്റ് ക്ഷണിച്ച് അംഗീകരിക്കാത്ത ഒരു വസ്തുവകകളുടെയും വാടകയോ, ചെലവ് തുകയോ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ചെലവഴിക്കുവാന്‍ പാടുള്ളതല്ല. ഇത്തരം റേറ്റ് കോണ്‍ട്രാക്റ്റ് തഹസില്‍ദാര്‍ വേണം അന്തിമമായി അഗീകരിക്കുവാന്‍.

  5. വകുപ്പിന്‍റെ നിയന്ത്രണത്തില്‍ ഉള്ള എല്ലാ അണക്കെട്ടുകളുടെയും ചുവപ്പ് അലേര്‍ട്ട് (തുറന്നു വിടുന്നതിന് മുന്‍പുള്ള മുന്നറിയിപ്പ്), ഓറഞ്ച് അലേര്‍ട്ട്, നീല അലേര്‍ട്ട് എന്നീ ജലനിരപ്പുകളും, റുള്‍ കെര്‍വ് അനുസരിച്ച് ഏതു സാഹചര്യങ്ങളില്‍ അണക്കെട്ടുകള്‍ തുറന്നുവിടും എന്നും അണക്കെട്ടുകള്‍ നിലനില്‍ക്കുന്നതും, അണക്കെട്ടിലെ ജലം ഒഴുകി പോകുന്നതുമായ ജില്ലകളിലെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് ജൂണ്‍ 1ന് മുന്‍പ് നല്‍കി മുന്‍‌കൂര്‍ അനുമതി വാങ്ങണം. ഈ അംഗീകൃത പദ്ധതി അനുസരിച്ച് മാത്രമേ അണക്കെട്ടുകളില്‍ നിന്നും ജലം തുറന്ന് വിടുവാന്‍ പാടുള്ളൂ.

  6. വകുപ്പിന്‍റെ നിയന്ത്രണത്തില്‍ ഉള്ള എല്ലാ കാനാലുകളും, പുഴകളും, നീര്‍ച്ചാലുകളും തടസരഹിതമാക്കി എന്ന് മെയ്‌ മാസത്തില്‍ തന്നെ ഉറപ്പ് വരുത്തുക. പ്രധാന നീര്‍ചാലുകളും, ഓടകളും, പരിശോധിച്ച്, അവയില്‍ തടസങ്ങള്‍ ഇല്ല എന്ന് മണ്ണ് സംരക്ഷണ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവരുമായി ചേര്‍ന്ന് ഉറപ്പ് വരുത്തുക. മഴവെള്ളത്തിന്‍റെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന എല്ലാ വസ്തുക്കളും ഓടകളില്‍നിന്നും, നീര്‍ച്ചാലുകളില്‍ നിന്നും മാറ്റുക.

  7. അണക്കെട്ടുകളില്‍ നിന്നും ജലം തുറന്നു വിടേണ്ടുന്ന സാഹചര്യം ഉണ്ട് എന്ന അനുമാനത്തില്‍ എത്തുകയാണെങ്കില്‍ നീല അലേര്‍ട്ട് പുറപ്പെടുവിക്കുന്ന അവസരത്തില്‍ തുറന്നുവിടുവാന്‍ സാധ്യതയുള്ള അണക്കെട്ടിന്‍റെ ജല ബഹിര്‍ഗമന പാതയിലുള്ള എല്ലാ ജില്ലകളിലെയും അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രങ്ങളില്‍ (BSNL 1077ല്‍) നിര്‍ബന്ധമായും അറിയിപ്പ് നല്‍കേണ്ടതാണ്; 36 മണിക്കൂര്‍ മുന്‍പെങ്കിലും ഇത്തരം ഒരു പ്രാഥമിക അറിയിപ്പ് ജില്ലകള്‍ക്ക് നല്കുവാന്‍ വകുപ്പ് പരിശ്രമിക്കണം. ജല ബഹിര്‍ഗമന പാതയിലുള്ള എല്ലാ ജില്ലാ കളക്ടര്‍മാരുടെയും അനുമതിയോടെ മാത്രമേ അണക്കെട്ടുകളില്‍ നിന്നും ജലം തുറന്നു വിടാന്‍ പാടുള്ളൂ.

  8. നീല അലേര്‍ട്ട് നല്‍കുന്ന സമയം മുതല്‍ ചുവപ്പ് അലേര്‍ട്ട് വരെ ചുരുങ്ങിയത് 24 മണിക്കൂര്‍ സമയം എങ്കിലും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുക.

  9. ഓറഞ്ച് ആലേര്‍ട്ടും, ചുവപ്പ് ആലേര്‍ട്ടും മാത്രമുള്ള അണക്കെട്ടുകളില്‍ ഓറഞ്ച് അലേര്‍ട്ട് നല്‍കുന്ന സമയം മുതല്‍ ചുവപ്പ് അലേര്‍ട്ട് വരെ ചുരുങ്ങിയത് 24 മണിക്കൂര്‍ സമയം എങ്കിലും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുക.

  10. എല്ലാ അണക്കെട്ടുകള്‍ക്കും ചുവപ്പ്, ഓറഞ്ച്, നീല എന്നീ മൂന്നു തരം മുന്നറിയിപ്പുകള്‍ ഇല്ല. ഏതെല്ലാം അണക്കെട്ടുകള്‍ക്കാണ് ഇവ ബാധകം എന്നത് പ്രത്യേകമായി ജല ബഹിര്‍ഗമന പാതയിലുള്ള എല്ലാ ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളെ അറിയിക്കണം.

  11. ഒരു കാരണവശാലും വൈകിട്ട് 6 മണിക്ക് ശേഷം, പകല്‍ 6 മണിവരെ, പകല്‍ തുറക്കാതെ ഇരുന്ന അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്ന് പുതുതായി ജലം ഒഴുക്കരുത്.

  12. വേലിയേറ്റ സമയത്തെ സമുദ്ര സ്ഥിതി കൂടി INCOISന്‍റെ വെബ്സൈറ്റില്‍ (https://incois.gov.in/portal/osf/tide.jsp) നിന്നും പരിശോധിച്ചിട്ട് വേണം അണക്കെട്ടുകളില്‍ നിന്നും ജലം തുറന്നു വിടുവാന്‍ അനുവാദം നല്കുവാന്‍. ജില്ല ഇ.ഓ.സി യില്‍ നിയോഗിച്ചിടുള്ള ജലസേചന വകുപ്പ് എഞ്ചിനീയര്‍ മേല്‍ അനുമാനം നടത്തി അണക്കെട്ടിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥനുമായി ചര്‍ച്ച ചെയ്ത് ശുപാര്‍ശ നല്‍കേണ്ടതാണ്.

  13. അപ്രതീക്ഷിത മഴയില്‍ രാത്രിയും തുറന്ന് വിടേണ്ടി വരുന്ന അണകെട്ടുകളുടെ പേരുകള്‍ അനുബന്ധം 4 ആയി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം അണക്കെട്ടുകളില്‍ നിന്നും ജലം തുറന്ന് വിടുന്നതിന് മുന്‍പ് ജില്ല ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കുക, അനുമതി വാങ്ങുക.

  14. ജലസേചന വകുപ്പുകളിലെ അസിസ്റ്റന്‍റെ എക്സിക്യൂട്ടീവ് എഞ്ചിനീയറില്‍ കുറയാത്ത ഉദ്യോഗസ്ഥനെ ഷിഫ്റ്റ്‌ അടിസ്ഥാനത്തില്‍ ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രങ്ങളിലേക്ക് 24 x 7 നിയോഗിക്കുക.

  15. ജില്ല ഇ.ഓ.സിയില്‍ നിയോഗിച്ചിട്ടുള്ള ജലസേചന വകുപ്പ് എഞ്ചിനീയര്‍ അതാത് അണകെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കുവാന്‍ ഉദ്ദേശിക്കുന്ന ജലത്തിന് അനുസരിച്ച് ഓരോ പ്രദേശത്തും എത്ര കണ്ട് ജലം ഉയരും എന്നത് വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരുമായി ചര്ച്ച ചെയ്ത് ജില്ലാ ഇ.ഒ.സിയ്ക്ക് അനുമാനിച്ച് നല്‍കേണ്ടതാണ്. ജലം നദിയുടെ കരകവിഞ്ഞ് ഒഴുകുമോ എന്ന് കൂട്ടായി പരിശോധിക്കുകയും ചെയ്യുക.

  16. നദീ ജലം മറ്റ് ജില്ലകളില്‍ ചെന്ന് എത്തും എങ്കില്‍ പ്രസ്തുത ജില്ലയിലെ ജില്ലാ ഇ.ഒ.സിയെ അറിയിക്കുക

  17. കേന്ദ്ര ജല കമ്മിഷന്‍ (CWC) നല്‍കുന്ന പ്രളയ മുന്നറിയിപ്പ് (ഇവ ഇവിടെ നിരീക്ഷിക്കാം http://india-water.gov.in/) നിരീക്ഷിച്ച് ജില്ലയിലെ ഏതെല്ലാം ഭാഗത്ത് പ്രളയ സാധ്യതയുണ്ട് എന്ന് സംസ്ഥാന, ജില്ലാ ഇ.ഒ.സികള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവരെ അറിയിക്കുന്നതിന് ജില്ലയിലെ എല്ലാ ജല സേചന ഉദ്യോഗസ്ഥരും, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാനുള്ള ചുമതലയും മേല്‍ ഉദ്യോഗസ്ഥന് ആയിരിക്കും.

  18. പൊതുജനങ്ങള്‍ക്ക് അണക്കെട്ട് തുറക്കുന്നതിന് മുന്‍പ് ഇ.എ.പി അനുസരിച്ചുള്ള സൈറണ്‍ മുഴക്കി അറിയിപ്പ് നല്‍കുക

  19. ആലപ്പുഴ ജില്ലയില്‍ ജലസേചന വകുപ്പിന്‍റെ നിയന്ത്രണത്തില്‍ സൂക്ഷിച്ചിരിക്കുന്ന അതിശക്തമായ പമ്പുകള്‍ പരിശോധിച്ച് അവ പ്രവര്‍ത്തന ക്ഷമമം ആണ് എന്ന് 10-6-2020ന് മുന്‍പ് ഉറപ്പ് വരുത്തുകയും, ഇവ അടിയന്തിരമായി വിവിധ സ്ഥലങ്ങളില്‍ വിന്യസിക്കുവാന്‍ ആവശ്യമായ ക്രെയിന്‍, വാഹനങ്ങള്‍ എന്നിവയ്ക്ക് മെയ്‌ മാസത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ Ltr. No. 33-2/2015-NDM-I dated 17th April 2015 from Ministry of Home Affairs, Govt. of India പ്രകാരം നിഷ്കര്‍ഷിച്ചിരിക്കുന്നത് പോലെ റേറ്റ് കോണ്‍ട്രാക്റ്റ് ക്ഷണിച്ച് തീരുമാനമാക്കി സൂക്ഷിക്കുക. ആവശ്യമാണെങ്കില്‍ മാത്രം ഉപയോഗപ്പെടുത്തുക. ഇതിനാവശ്യമായ ഫോര്‍മാറ്റ്‌ Handbook on Disaster Management – Volume 2 – Emergency Operations Centres & Emergency Support Functions Plan, Keralaല്‍ നല്‍കിയിട്ടുണ്ട്. ഈ പ്രവര്‍ത്തികള്‍ക്ക് ചെലവാകുന്ന തുക GO (Ms) No. 194/2015/DMD dated 20-05-2015, item 4 – Clearance of Affected Areas പ്രകാരം 2245-02-101-94-Flood-Other itemsല്‍ നിന്നും വഹിക്കാവുന്നതാണ്. ഇവ വിന്യസിക്കുന്നതിനും, മറ്റ് ജില്ലകളിലേക്ക് മാറ്റുന്നതിനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതി വാങ്ങണം.

  20. തണ്ണീര്‍മുക്കം ബണ്ടിലൂടെയുള്ള ജല ബഹിര്‍ഗമനം സുഗമമാണ് എന്ന് ഉറപ്പുവരുത്തുക

  21. തദ്ദേശ സ്ഥാപന തലത്തില്‍ വെള്ളപ്പൊക്ക നിവാരണ പദ്ധതികള്‍ (Flood Management Plan) തയ്യാറാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കുക. വകുപ്പിന്‍റെ പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങളുടെ ദുരന്ത ലഘൂകരണ പദ്ധതിയുമായി ചേര്‍ന്ന് പോകുന്നതാണ് എന്ന് ഉറപ്പ് വരുത്തുക

  22. പൊഴി മുഖങ്ങളില്‍ അടിഞ്ഞിട്ടുള്ള മണ്ണ് മെയ് 30ന് മുന്‍പായി മാറ്റുക. ജല ബഹിര്‍ഗമനം സുഗമമാക്കുവാനായി നിരന്തരം ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.

  23. സ്പില്‍വേകള്‍, അണക്കെട്ടുകള്‍, ബരാജ്കള്‍ എന്നിവയുടെ ഷട്ടറുകള്‍ പ്രവര്‍ത്തനക്ഷമം ആണ് എന്ന് ഉറപ്പ് വരുത്തി ജില്ലാ ദുരന്ത നിവര്‍ണ അതോറിറ്റിയ്ക്ക് റിപോര്‍ട്ട് മെയ് 30ന് മുന്‍പായി നല്‍കുക

Last updated