തദ്ദേശ സ്വയംഭരണ സര്‍ക്കാരുകള്‍

  1. ഒഴിപ്പിക്കല്‍, രക്ഷാ പ്രവര്‍ത്തനം എന്നിവ അതാത് തദ്ദേശ സ്ഥാപന മേഖലയില്‍ ഏകോപിപ്പിക്കുന്ന ചുമതല തദ്ദേശ സ്ഥാപനത്തിനായിരിക്കും

  2. എല്ലാ തദേശ സ്ഥാപനങ്ങള്‍ക്കും അടിയന്തിര ദുരന്ത പ്രതികരണത്തിനായി സ്വന്തം ഫണ്ടില്‍ നിന്നും ഒരു തുക നീക്കി വയ്ക്കുവാന്‍ അനുവദിക്കുന്നത് തദ്ദേശ സ്വയംഭരണ വകുപ്പ് പരിഗണിക്കണം.

  3. ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പിനുള്ള അനുബന്ധം 3ലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ക്യാമ്പ് നടത്തിപ്പ് ലാന്‍ഡ് റവന്യൂ വകുപ്പിനൊപ്പം ഏകോപിപ്പിക്കുക.

  4. ക്യാമ്പ് നടത്തിപ്പിനായി വില്ലേജ് ഓഫീസറുടെ കൂടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനം ഒരു ചാർജ് ഓഫീസറെ നിയോഗിക്കേണ്ടതാണ്.

  5. ദുരന്ത ലഘൂകരണ പദ്ധതികളില്‍ നിന്നും ചുവടെ ചേര്‍ക്കുന്ന വിവരങ്ങള്‍ പരിശോധിച്ച് ഇവയുടെ പട്ടികകളും, മൊബൈല്‍ നമ്പറുകളും താലൂക്ക് കണ്‍ട്രോള്‍ റൂം, വില്ലേജ് ഓഫീസ്, പോലീസ് സ്റ്റേഷന്‍, ഫയര്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നല്‍കുക.

    1. ക്യാമ്പുകള്‍ നടത്തുവാന്‍ ഉതകുന്ന സ്ഥലങ്ങള്‍ - പഞ്ചായത്ത് തിരിച്ച്

    2. ദുരന്ത ആഘാതം ഏറ്റവും ഉണ്ടാകുവാന്‍ സാധ്യതയുള്ള വിഭാഗങ്ങളും, സ്ഥലങ്ങളും സംബന്ധിച്ച വിവരങ്ങള്‍

      1. പുറമ്പോക്കില്‍ വസിക്കുന്നവര്‍

      2. കോളനികള്‍, പുഴയുടെയോ, നീര്‍ചാലുകളുടെയോ ഓരത്ത് താമസിക്കുന്നവര്‍

      3. വയല്‍ കരകളില്‍ താമസിക്കുന്നവര്‍

      4. മലയുടെ ചരിവുകളിലും ഒറ്റപ്പെട്ട പ്രദേശത്തും വസിക്കുന്നവര്‍

      5. 2018ല്‍ ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍/വെള്ളപ്പൊക്കം എന്നിവ ബാധിക്കുകയും, വാസയോഗ്യമല്ല എന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവര്‍ കണ്ടെത്തുകയും ചെയ്ത വീടുകളില്‍ താമസിക്കുന്ന ദുരന്ത ബാധിതര്‍

      6. 2019ല്‍ ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍/വെള്ളപ്പൊക്കം എന്നിവ ബാധിക്കുകയും, വാസയോഗ്യമല്ല എന്ന് സംസ്ഥാന/ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ നിയോഗിച്ച സംഘം കണ്ടെത്തുകയും ചെയ്ത വീടുകളില്‍ താമസിക്കുന്ന ദുരന്ത ബാധിതര്‍

      7. പുറമ്പോക്കില്‍ താമസക്കാരായിരുന്ന വീട് പൂര്‍ണ്ണമായും തകരുകയോ, വാസയോഗ്യമല്ലാതായി തീരുകയോ ചെയ്ത കുടുംബങ്ങള്‍

      8. ദുരിതാശ്വാസ സഹായം ഉപയോഗപ്പെടുത്തി വീടിന്‍റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തികരിച്ചിട്ടില്ലാത്ത കുടുംബങ്ങള്‍

    3. തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കിയിട്ടുള്ള എമര്‍ജന്‍സി റെസ്പോണ്‍സ് ടീം സംബന്ധിച്ച പട്ടികയും, ടീം അംഗങ്ങളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളും

    4. തദ്ദേശ സ്ഥാപനത്തില്‍ ലഭ്യമായ ജെ.സി.ബി, ഹിറ്റാച്ചി, ചെയ്ന്‍ ബെല്‍റ്റ് ഉള്ള ഹിറ്റാച്ചി, ബോട്ടുകള്‍, എലക്ട്രിക് മരം മുറി യന്ത്രങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍, ഉടമയുടെ പേരും, മൊബൈല്‍ നമ്പരും സഹിതം

  6. മുന്നറിയിപ്പിന്‍റെ വെളിച്ചത്തില്‍ നടത്തുന്ന ഒഴിപ്പിക്കല്‍ പ്രവര്‍ത്തനത്തില്‍ 5.4 (5) (B) (a to h) പട്ടികയില്‍പ്പെടുന്നവര്‍ക്ക് ആദ്യ പരിഗണന നല്കണം. ഈ രീതിയില്‍ മുന്‍ഗണനാ ക്രമം തദ്ദേശ സ്ഥാപനം നിര്‍ണയിക്കുക.

    1. ഇത്തരം പ്രദേശവാസികളെ സംബന്ധിച്ച് വിവരം നിലവില്‍ തദ്ദേശ സര്‍ക്കാരുകളുടെ ദുരന്ത ലഘൂകരണ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ല എങ്കില്‍, ഇലക്ഷന്‍ ബൂത്ത്‌ ലെവല്‍ ഓഫീസര്‍മാരുടെയും, സന്നദ്ധ പ്രവര്‍ത്തകരുടെയും, പോലീസിന്‍റെയും സഹായത്തോടെ ഉടന്‍ തയ്യാറാക്കുക.

    2. ഒരു ജില്ലയിലോ, താലൂക്കിലോ, പ്രദേശത്തോ മുന്നറിയിപ്പിന്‍റെ വെളിച്ചത്തില്‍ ഒഴിപ്പിക്കല്‍ ആവശ്യമായി വന്നാല്‍ ആദ്യം ഒഴിപ്പിക്കേണ്ടതും, രക്ഷിക്കേണ്ടതും ഈ പട്ടിക അനുസരിച്ചായിരിക്കണം

    3. ഇന്ന് മഞ്ഞ ആലേര്‍ട്ടും നാളെ ഓറഞ്ചോ, ചുവപ്പോ ആണെങ്കില്‍, ഇന്ന് വൈകീട്ട് തന്നെ ഇത്തരത്തില്‍ ദുരന്ത സാധ്യതാ മേഖലയില്‍ വസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റുവാന്‍ തദ്ദേശ സ്ഥാപനവും, വില്ലേജ് ഓഫീസും ചേര്‍ന്ന് നടപടി സ്വീകരിച്ചു എന്ന് ഉറപ്പ് വരുത്തുക.

    4. ജില്ലയില്‍ മഴയുടെ ഓറഞ്ച് അലേര്‍ട്ട് ആണ് എങ്കില്‍ നിര്‍ബന്ധമായും 5.4 (5) (B) (a to h) പട്ടികയില്‍പ്പെടുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കണം.

    5. ഇവയില്‍ ഏതെങ്കിലും കുടുംബം കാലവര്‍ഷ-തുലാവര്‍ഷ മാസങ്ങളില്‍ ഏതൊരു അവസരത്തിലും ക്യാമ്പിലേക്ക് മാറി താമസിക്കണം എന്ന ആവശ്യം ഉന്നയിച്ചാല്‍, അവര്‍ക്കായി റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് ക്യാമ്പ് നടത്തണം

    6. തദ്ദേശ സ്ഥാപനത്തിലൂടെ ഒഴുകുന്ന നദികളില്‍ ജല നിരപ്പ് സംബന്ധിച്ച ഓറഞ്ച് അലേര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ തന്നെ നിര്‍ബന്ധമായും 5.4 (5) (B) (a to h) പട്ടികയില്‍പ്പെടുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കണം

    7. മഴയുടെ ചുവന്ന അലേര്‍ട്ട് ജില്ലയില്‍ വന്നാല്‍ ഉടന്‍ തന്നെ 2018, 2019 പ്രളയകാലത്ത് പ്രളയവും ഉരുള്‍പൊട്ടലും ബാധിച്ചവരെയും, 5.4 (5) (B) (a to h) പട്ടികയില്‍പ്പെടുന്നവരെയും ഒഴിപ്പിക്കുവാന്‍ പോലീസിനോടും, അഗ്നി രക്ഷാ വകുപ്പിനോടും, റവന്യൂ വകുപ്പിനോടും ഒപ്പം പ്രവര്‍ത്തിക്കുക; തദ്ദേശ സ്ഥാപനതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.

    8. ഇതിനായി ഈ കുടുംബങ്ങളുടെ മൊബൈല്‍ നമ്പര്‍ പ്രത്യേകമായി തദ്ദേശ സ്ഥാപനത്തില്‍ സൂക്ഷിക്കുക; വില്ലേജ് ഓഫീസ്, പോലീസ് സ്റ്റേഷന്‍, അഗ്നി സുരക്ഷാ വകുപ്പ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മേല്‍ പട്ടിക ലഭ്യമാക്കുക.

  7. ഒഴിപ്പിക്കല്‍, രക്ഷാ പ്രവര്‍ത്തനം എന്നീ സാഹചര്യത്തില്‍ ഗര്‍ഭിണികള്‍, കുട്ടികള്‍, അംഗപരിമിതര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ആദ്യ പരിഗണന നല്‍കുക

  8. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കുക. ഈ കണ്‍ട്രോള്‍ റൂം അതാത് തദ്ദേശ സ്ഥാപനത്തിലെ വിവിധ ദുരന്ത പ്രതികരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ഉപകാരപ്രദം ആയിരിക്കും

  9. തദ്ദേശ സര്‍ക്കാരുകളുടെ ദുരന്ത ലഘൂകരണ പദ്ധതിയില്‍ കണ്ടെത്തിയിട്ടുള്ള ക്യാമ്പുകള്‍ക്കായുള്ള കെട്ടിടങ്ങള്‍ ഉപയോഗയുക്തമാണ് എന്ന് ഉറപ്പ് വരുത്തുക

  10. വഴി അരികുകളിലും, കടത്തിണ്ണകളില്‍, ബസ്‌ സ്റ്റാന്‍റ്കളിലും അന്തിഉറങ്ങുന്ന ആളുകള്‍ക്ക് മഴക്കാലം ദുരന്ത പൂര്‍ണമാണ്. ഇത് ഒഴിവാക്കുവാനും, ഇവര്‍ക്ക് ഈ മഴക്കാലത്ത് രാത്രികാലങ്ങളില്‍ ഉറങ്ങാനും, അത്താഴം നല്‍കുവാനും ഉള്ള സംവിധാനം തദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സാമൂഹിക നീതി വകുപ്പിന്‍റെ സഹകരണത്തോടെ ഒരുക്കേണ്ടതാണ്.

  11. മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നീര്‍ചാലുകളില്‍ ഉള്ള തടസങ്ങള്‍ കണ്ടെത്തുക. അവയിലെ തടസങ്ങള്‍ മാറ്റുവാന്‍ തദ്ദേശ എന്‍ജിനീയറിങ്ങ് വകുപ്പ്, പൊതു മാരാമത്ത് വകുപ്പ്, ജലസേചന വകുപ്പ് എന്നിവരെ ഉപയോഗിക്കുക

  12. ഓടകള്‍ പരിശോധിച്ച് അവയിലെ തടസങ്ങള്‍ മാറ്റുവാന്‍ തദ്ദേശ എന്‍ജിനീയറിങ്ങ് വകുപ്പിനെ നിയോഗിക്കുക. മഴവെള്ളത്തിന്‍റെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന എല്ലാ വസ്തുക്കളും ഓടകളില്‍നിന്നും നീര്‍ച്ചാലുകളില്‍ നിന്നും മാറ്റുക.

  13. സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റുവാന്‍ ദുരന്ത നിവാരണ നിയമം 2005, Section 30 (2) (v) പ്രകാരം പൊതുജനങ്ങള്‍ക്ക്‌ പത്ര-മാധ്യമങ്ങള്‍ വഴി നിര്‍ദ്ദേശം നല്‍കുക. ഈ നിര്‍ദ്ദേശം അനുസരിക്കാത്ത വ്യക്തികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കുമായിരിക്കും അവരവരുടെ ഭൂമിയിലുള്ള മരം വീണ് ഉണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്ട പരിഹാരം നല്‍കുവാന്‍ ബാധ്യത എന്നത് പരസ്യപ്പെടുത്തുക.

  14. ഹരിത കേരളം, തൊഴിലുറപ്പ് എന്നീ പദ്ധതികള്‍ ഉപയോഗിച്ച് ജല സംരക്ഷണത്തിന് കുളങ്ങളും, തോടുകളും, മറ്റ് ജലാശയങ്ങള്‍, കിണറുകള്‍ എന്നിവയെല്ലാം ശുദ്ധമാക്കുവാനും പരമാവധി ജല സംഭരണം ഉറപ്പുവരുത്തുവാനും നടപടികള്‍ സ്വീകരിക്കുക.

  15. പുഴകടവുകളിലും, ബീച്ചുകളിലും, അപകടകരമായ കയം/നീര്‍ച്ചുഴി ഉള്ള പ്രദേശങ്ങളിലും അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുക

  16. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ കാലവര്‍ഷ-തുലാവര്‍ഷ കാലത്ത് വാഹനങ്ങള്‍ നിര്‍ത്തരുത് എന്ന അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുക

  17. മലയോര മേഖലയിലെ പാലം, culvert എന്നിവയുടെ അടിയിലുള്ള തടസങ്ങള്‍ നീക്കംചെയ്ത് ജല ബഹിര്‍ഗമനം സുഗമമാക്കുവാന്‍ നടപടി സ്വീകരിക്കുക

  18. എല്ലാ സ്ക്കൂളുകളിലെയും കെട്ടിടങ്ങളുടെ ഉറപ്പ് തദേശ-സ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗം എഞ്ചിനീയറെകൊണ്ട് പ്രാഥമിക പരിശോധന നടത്തി സുരക്ഷിതമല്ലാത്ത കെട്ടിടങ്ങള്‍ കണ്ടെത്തുവാന്‍ നടപടി എടുക്കുക. ഇത്തരത്തില്‍ കണ്ടെത്തുന്ന കെട്ടിടങ്ങള്‍ അദ്ധ്യയനം നടത്തുവാന്‍ യോഗ്യമാക്കുവാന്‍ വേണ്ടുന്ന നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളേണ്ടതാണ്. അയോഗ്യത ഉള്ള കെട്ടിടങ്ങളില്‍ ഒരു കാരണവശാലും അദ്ധ്യയനം നടത്തുവാന്‍ പാടുള്ളതല്ല.

  19. എല്ലാ ആശുപത്രികളുടെയും കെട്ടിടങ്ങളുടെ ഉറപ്പ് തദേശ-സ്വയംഭരണ എഞ്ചിനീയറിംഗ് എഞ്ചിനീയറെകൊണ്ട് പ്രാഥമിക പരിശോധന നടത്തി സുരക്ഷിതമല്ലാത്ത കെട്ടിടങ്ങള്‍ കണ്ടെത്തുവാന്‍ നടപടി എടുക്കുക. ഇത്തരത്തില്‍ കണ്ടെത്തുന്ന കെട്ടിടങ്ങള്‍ക്ക് ആവശ്യമായ ബലപ്പെടുത്തല്‍ നടത്തുവാന്‍ വേണ്ടുന്ന നടപടികള്‍ ആരോഗ്യ വകുപ്പ് കൈക്കൊള്ളെണ്ടതാണ്. അയോഗ്യത ഉള്ള കെട്ടിടങ്ങളില്‍ ഒരു കാരണവശാലും രോഗികളെയോ, ഉദ്യോഗസ്ഥരെയോ പ്രവേശിപ്പിക്കുവാന്‍ പാടുള്ളതല്ല.

  20. പൊതു സ്ഥലങ്ങളില്‍ വളരുന്ന ഉയര്‍ന്ന മരങ്ങളിലും, പൊതു കെട്ടിടങ്ങളിലും വളരുന്ന തീനിച്ച, കടന്നല്‍ എന്നിവയുടെ കുത്തേറ്റ് ആളുകള്‍ മരണപെടുന്ന സാഹചര്യം ഉണ്ടായതായി കണ്ടുവരുന്നു. ഇത്തരം പൊതുശല്യം ആക്കാവുന്ന ജീവികളെ നിയന്ത്രിക്കുവാന്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളുക.

  21. ദുരന്ത ശേഷം, ദുരന്ത ബാധിതര്‍ വീട് തകര്‍ന്ന അതേ സ്ഥലത്താണ് വീട് പുനര്‍നിര്‍മിക്കുന്നതെങ്കില്‍ തദേശ സ്ഥാപനം വീട് നിര്‍മാണത്തിന് ഒരു ദിവസത്തിനുള്ളില്‍ അനുമതി നല്‍കേണ്ടതാണ് [GO (Ms) No. 7/2018/DMD dated 21-06-2018]

  22. അംഗീകൃത ദുരന്തത്തില്‍ തകര്‍ച്ച നേരിട്ട വീടുകളുടെ കെട്ടിട തകര്‍ച്ചയുടെ തോത് മാത്രം ശതമാന നിരക്കില്‍ GO (Ms) No. 25/2019/DMD dated 23-08-2019 പ്രകാരം കണക്കാക്കേണ്ടതുണ്ട്. ഈ പ്രവര്‍ത്തനത്തിനായി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ തയ്യാറാക്കുന്ന മൊബൈല്‍ ആപ്ലികേഷനിലെ വിവര ശേഖരണത്തില്‍ തദ്ദേശ സ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗവും, ഭരണ വിഭാഗവും, ലാന്‍ഡ് റവന്യൂ ഉദ്യോഗസ്ഥനും ചേര്‍ന്നാണ് നാശനഷ്ട്ട തോത് കണക്കാക്കാകി നല്‍കേണ്ടത്.

    1. വീടിന്‍റെയോ, ഗൃഹോപകരണങ്ങളുടെയോ വാല്യു കണക്കാക്കേണ്ടതില്ല. തകര്‍ച്ച നേരിട്ട കെട്ടിടത്തിന് തകര്‍ച്ചയുടെ ശതമാന നിരക്കിലെ തോതിന് അനുസരിച്ച് മാത്രമേ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും തുക അനുവദിക്കുവാന്‍ സാധിക്കുകയുള്ളൂ. വീടിന്‍റെയോ, ഗ്രഹോപകരണങ്ങളുടെയോ വാല്യു ദുരിതാശ്വാസ സഹായം നല്‍കുന്നതിന് മാനദണ്ഡം അല്ല.

  23. പരസ്യ ഹോഡിങ്ങുകളുടെയും, കാലപ്പഴക്കം ചെന്ന പോസ്സ്റ്റുകളുടെയും ശക്തി പരിശോധിക്കുവാനും, ഇവ കാറ്റത്ത്‌ മറിഞ്ഞു വീണ് നഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്നില്ല എന്നും ഉറപ്പ് വരുത്തണം എന്ന് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ള എല്ലാ പരസ്യ സ്ഥാപനങ്ങള്‍ക്കും, കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കുക.

  24. എല്ലാ പഞ്ചായത്തിലും ദുരന്ത സാഹചര്യത്തിലും ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക. ഇതിനായി ജല അതോറിറ്റിയുടെ സഹായവും, ജലനിധിയുടെ സഹായവും തേടുക.

  25. ആലപ്പുഴ ജില്ലയില്‍ കുട്ടനാട് മേഖലയില്‍ പ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉയരം കുറഞ്ഞ നടപാലങ്ങളും, കള്‍വര്‍ട്ടുകളും തടസം സൃഷ്ടിച്ചിരുന്നു. ഇവയില്‍ പ്രധാന തടസം സൃഷ്ടിച്ചവ റവന്യു വകുപ്പും, തദേശസ്വയംഭരണ പൊതുമരാമത്ത് വകുപ്പുമായി ആലോചിച്ച് മഴക്കാലത്തെക്കെങ്കിലും മാറ്റുക.

  26. കെട്ടിനില്‍ക്കുന്ന ജലവും പരിസരങ്ങളും ശുചീകരിക്കുന്നതിനും, കൊതുക് നിവരണത്തിനും, കുടിവെള്ള സ്രോതസുകള്‍ അണുവിമുതമാക്കുന്നതിനും ആവശ്യമായ സാധനങ്ങളും ഉപകരണങ്ങളും നേരത്തെതന്നെ തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം ചെലവില്‍ വാങ്ങി സൂക്ഷിയ്ക്കുന്നു എന്ന് ഉറപ്പ് വരുത്തുക.

  27. മഴക്കാലത്ത് ജലനിരപ്പ് ഉയരുന്നതനുസരിച്ച് പ്രളയം ബാധിക്കുവാൻ സാധ്യതയുള്ള കുടിവെള്ള പദ്ധതികളുടെ സംക്ഷിപ്ത വിവരം കേരള വാട്ടർ അതോറിറ്റി/ജലനിധിയുമായി ബന്ധപ്പെട്ട് ശേഖരിച്ച് സൂക്ഷിക്കേണ്ടതും ഒരു പ്രദേശത്തേക്ക് കുടിവെള്ളം മുടങ്ങിയാൽ അവിടേക്ക് കുടിവെള്ളമെത്തിക്കുവാൻ സാധിക്കുന്ന തൊട്ടടുത്തുള്ള മറ്റൊരു പദ്ധതി മുൻകൂട്ടി കണ്ടെത്തി വെക്കേണ്ടതുമാണ്.

  28. ശുദ്ധീകരിച്ച ജലം വിതരണം ചെയ്യുവാൻ പറ്റിയ പദ്ധതികളൊന്നും സമീപപ്രദേശത്തില്ലായെങ്കിൽ സുരക്ഷിതമായ ജലം ലഭ്യമായതോ അടിയന്തര സാഹചര്യത്തിൽ ശുദ്ധീകരിച്ച് വിതരണം ചെയ്യാൻ സാധിക്കുന്നതോ ആയ ബദൽ സ്രോതസ്സ് കണ്ടെത്തി വെക്കേണ്ടതും അവിടുത്തെ ജലത്തിന്‍റെ ഗുണനിലവാര പരിശോധന നടത്തി ആവശ്യമായ ശുദ്ധീകരണ പ്രക്രിയ എന്താണെന്ന് വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് തീരുമാനിക്കേണ്ടതാണ്.

  29. ടാങ്കർ ലോറിയിൽ ജലവിതരണം സാധിക്കാത്ത രീതിയിൽ വെള്ളപ്പൊക്കം കാരണം ഗതാഗത തടസ്സം ഉണ്ടാകുകയാണെങ്കിൽ ഒരു കുടുംബത്തിന് അത്യാവശ്യമായി നൽകേണ്ട കുടിവെള്ള വിതരണത്തിനായി 15-20 ലിറ്റർ ജെറി ക്യാനുകൾ പഞ്ചായത്ത് തലത്തിൽ കരുതലായി സൂക്ഷിക്കേണ്ടതും ആവശ്യഘട്ടങ്ങളിൽ ഇതുപയോഗപ്പെടുത്തി കുടിവെള്ള വിതരണം ഉറപ്പാക്കേണ്ടതുമാണ്.

  30. അത്യാവശ്യ സന്ദർഭങ്ങളിൽ വിതരണം ചെയ്യുവാനായി ക്ലോറിൻ ടാബ്ലറ്റ് മതിയായ അളവിൽ സൂക്ഷിക്കുക.

  31. തദ്ദേശ സര്‍ക്കാരുകള്‍ തയ്യാറാക്കിയ ദുരന്ത ലഘൂകരണ പദ്ധതിയില്‍ ഉള്‍പ്പെടുന്ന അടിയന്തിര ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുക്കുക.

  32. തദ്ദേശ സ്ഥാപനത്തിലെ വിവിധ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുകള്‍ക്ക് ഓരോ മേഖല തിരിച്ച് അടിയന്തിര ഘട്ട പ്രവര്‍ത്തന ചുമതല നല്‍കുക

  33. അടിയന്തിരഘട്ടങ്ങളില്‍ തീരത്തെയും, വയല്‍ ബണ്ടുകളിലെയും, പുഴയോരത്തെയും വീടുകള്‍ക്ക് സംരക്ഷണം നല്‍കുവാന്‍ ആവശ്യമായ രീതിയില്‍ മണല്‍നിറച്ച കയര്‍ ചാക്കുകളോ, ജിയോ ട്യുബുകളോ കരുതുവാന്‍ വേണ്ടുന്ന നടപടികള്‍ ജലസേചന വകുപ്പ്‌, കൃഷി വകുപ്പ് എന്നിവരുമായി ചേര്‍ന്ന് നടത്തണം

  34. വീടുകളുടെ നാശവും, കൃഷി നാശവും പരമാവധി കുറയ്ക്കുവാന്‍ മണല്‍നിറച്ച കയര്‍ ചാക്കുകളോ, ജിയോ ട്യുബുകളോ തയ്യാറാക്കി സൂക്ഷിക്കുക. Ltr. No. 33-2/2015-NDM-I dated 17th April 2015 from Ministry of Home Affairs, Govt. of India പ്രകാരം നിഷ്കര്‍ഷിച്ചിരിക്കുന്നത് പോലെ റേറ്റ് കോണ്‍ട്രാക്റ്റ് ക്ഷണിച്ച് തീരുമാനമാക്കി സൂക്ഷിക്കുക. ഇതിനാവശ്യമായ ഫോര്‍മാറ്റ്‌ Handbook on Disaster Management – Volume 2 – Emergency Operations Centres & Emergency Support Functions Plan, Keralaല്‍ നല്‍കിയിട്ടുണ്ട്.

  35. അതിശക്തമായ പമ്പ്‌ സെറ്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ Ltr. No. 33-2/2015-NDM-I dated 17th April 2015 from Ministry of Home Affairs, Govt. of India പ്രകാരം നിഷ്കര്‍ഷിച്ചിരിക്കുന്നത് പോലെ റേറ്റ് കോണ്‍ട്രാക്റ്റ് ക്ഷണിച്ച് തീരുമാനമാക്കി സൂക്ഷിക്കുക. ഇതിനാവശ്യമായ ഫോര്‍മാറ്റ്‌ Handbook on Disaster Management – Volume 2 – Emergency Operations Centres & Emergency Support Functions Plan, Keralaല്‍ നല്‍കിയിട്ടുണ്ട്.

  36. ബണ്ട് സംരക്ഷണം, കടല്‍തീരത്തെ വീട് സംരക്ഷണം എന്നിവ ആവശ്യമായി വരികയാണെങ്കില്‍, തദ്ദേശ സ്ഥാപനത്തിനും, ജലസേച്ചന വകുപ്പിനും, കൃഷി വകുപ്പിനും സ്വന്തമായി ഈ പ്രവര്‍ത്തിക്ക് പണം ലഭ്യമല്ല എങ്കില്‍ മണല്‍നിറച്ച കയര്‍ ചാക്കുകളോ, ജിയോ ട്യുബുകളോ ഇടുന്ന പ്രവര്‍ത്തികള്‍ക്ക് ഒരു പഞ്ചായത്തില്‍ പരമാവധി രണ്ട് ലക്ഷം രൂപ, മുനിസിപ്പാലിറ്റിയില്‍ മൂന്ന് ലക്ഷം രൂപ, കോര്‍പ്പറേഷനില്‍ അഞ്ച് ലക്ഷം രൂപ വരെ 2245-02-101-94-Flood-Other itemsല്‍ നിന്നും വഹിക്കാവുന്നതാണ്.

  37. ദുരന്ത ശേഷം വീടുകളിലേക്ക് തിരികെ പോകുന്നവര്‍ക്കായി അനുബന്ധം 9ലെ നിര്ദേശങ്ങള്‍ ക്യാമ്പില്‍ നല്‍കുക

Last updated