പൊതു നിര്‍ദ്ദേശങ്ങള്‍ - ജില്ലാ തലം
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വകുപ്പും ഒരു ജില്ലാതല നോഡൽ ഓഫീസറെ നിയമിക്കണം. പ്രസ്തുത വ്യക്തിയുടെ പേര്, പദവി, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പർ എന്നിവ ജില്ലാ അതോറിറ്റികള്‍ക്ക് 30-5-2020ന് മുന്‍പ് കൈമാറണം.
അനുബന്ധം 1ല്‍ നല്‍കിയിരിക്കുന്ന ഫോര്‍മാറ്റില്‍ അതാത് വകുപ്പ് സംബന്ധിച്ചുള്ള വിവരങ്ങള്‍ അതാത് ദിവസം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് ലഭ്യമാക്കി എന്ന് പ്രസ്തുത നോഡല്‍ ഓഫീസര്‍ ഉറപ്പ് വരുത്തണം. ഈ ഫോര്‍മാറ്റ് പൂരിപ്പുക്കുവാന്‍ പോലീസ്, റവന്യു, ആരോഗ്യം, മൃഗസംരക്ഷണം, കെ.എസ്.ഇ.ബി, പൊതുമരാമത്ത്, തദേശ-സ്വയംഭരണ പൊതുമരാമത്ത് എന്നിവരില്‍ നിന്നുള്ള ദൈനംദിന വിവരം ആവശ്യമാണ്. ഇത് ലഭിച്ചു എന്ന് ഉറപ്പ് വരുത്തുക.
അംഗീകൃത ദുരന്തങ്ങളില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് മാത്രമാണ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള ദുരിതാശ്വാസ സഹായത്തിന് അര്‍ഹത. ഇതിനായി പോലീസ് എഫ്.ഐ.ആര്‍ റിപ്പോര്‍ട്ട് ആണ് ആശ്രയിക്കേണ്ടത്. ഈ ആവശ്യത്തിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേകമായി ഒരു ഗൂഗിള്‍ ഷീറ്റ് നല്‍കുന്നതായിരിക്കും. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള ദുരിതാശ്വാസ സഹായത്തിന് അര്‍ഹതയുണ്ട് എന്ന് കണ്ടാല്‍ എഫ്.ഐ.ആര്‍ നംബര്‍ സഹിതം ഈ ഷീറ്റില്‍ പൂരിപ്പിക്കേണ്ടതാണ്.
അനുബന്ധം 2ല്‍ നല്‍കിയിരിക്കുന്ന ഫോര്‍മാറ്റില്‍ അതാത് വകുപ്പ് സംബന്ധിച്ചുള്ള വിവരങ്ങള്‍ എല്ലാ മാസവും അവസാന പ്രവര്‍ത്തി ദിവസം രാവിലെ 11 മണിക്ക് മുന്‍പ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് ലഭ്യമാക്കി എന്ന് പ്രസ്തുത നോഡല്‍ ഓഫീസര്‍ ഉറപ്പ് വരുത്തണം. ഈ വിവരം ലഭിക്കുന്നുണ്ട് എന്ന് ജില്ലാ അതോറിറ്റി ഉറപ്പ് വരുത്തണം.
മുങ്ങിമരണപ്രതികരണത്തിന് നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവരെ വിളിക്കുന്നതിന് അതാത് ഇ.ഓ.സികള്‍ എറണാകുളം ജില്ലാ ഇ.ഓസിയെ നേരിട്ട് ബന്ധപ്പെടുക. സംസ്ഥാന ഇ.ഓ.സിക്ക് അംഗീകൃത ദുരന്തങ്ങളില്‍ മാത്രമേ കേന്ദ്ര സേനകളുടെ സഹായം തേടുവാന്‍ സാധിക്കൂ.
അവരവരില്‍ നിക്ഷിപ്തമായ ദുരന്ത പ്രതികരണ ചുമതലകള്‍ Handbook on Disaster Management – Volume 2 – Emergency Operations Centres & Emergency Support Functions Plan, Kerala available at http://sdma.kerala.gov.in/wp-content/uploads/2018/11/EOCESFP2015-Edition-2.pdfല്‍ നിന്നും മനസ്സിലാക്കുകയും ആവശ്യമായ വകുപ്പുതല തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യുക.
വകുപ്പുകളുടെയും തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൈവശം ഉള്ള ഭൂമിയില്‍ ഉള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റുവാന്‍ ദുരന്ത നിവാരണ നിയമം 2005, Section 30 (2) (v) പ്രകാരം എല്ലാ വകുപ്പുകള്‍ക്കും തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കുക. ഇതിനായി വകുപ്പുകള്‍ സ്വന്തമായി പണം കണ്ടെത്തണം. അപകടകരം എന്നും അടിയന്തിരമായി മാറ്റേണ്ടത് എന്നും കണ്ടെത്തുന്ന മരങ്ങളും മരച്ചില്ലകളും മുറിക്കുവാനുള്ള അനുമതി നല്‍കുന്നതിന് പ്രാദേശികമായി അതാത് തദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍, പ്രദേശത്തെ വനം റേഞ്ച് ഓഫീസര്‍ എന്നിവര്‍ അടങ്ങുന്ന ഒരു സമിതിയെ ചുമതലപെടുത്തുക. ഈ സമിതിയുടെ ശുപാര്‍ശയ്ക്ക് വിധേയമായി അടിയന്തിരമായി മുറിക്കേണ്ട മരങ്ങളും മരച്ചില്ലകളും മുറിക്കുവാന്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന് തീരുമാനം കൈകൊള്ളാവുന്നതാണ്. ഈ നിര്‍ദ്ദേശം അനുസരിക്കാത്ത വകുപ്പുകള്‍ക്കായിരിക്കും അവരവരുടെ ഭൂമിയിലുള്ള മരം വീണ് ഉണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്ട പരിഹാരം നല്‍കുവാന്‍ ബാധ്യത. അടിയന്തിരമല്ലാത്ത സാഹചര്യത്തില്‍ വനം വകുപ്പിന്‍റെ പ്രാദേശിക ട്രീ കമ്മിറ്റിയുടെ അനുമതിക്ക് ശേഷം മാത്രമേ മരം മുറിക്കുവാന്‍ പാടുള്ളൂ. മറ്റ് വകുപ്പുകളുടെ ഭൂമിയില്‍ ഉള്ള മരം കോതി ഒതുക്കുവാനും മുറിച്ച് മാറ്റുവാനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും പണം വിനിയോഗിക്കുവാന്‍ പാടില്ല. എന്നാല്‍ അംഗീകൃത ദുരന്തത്തില്‍ മറിഞ്ഞു വീഴുന്ന മരം മുറിച്ച് മാറ്റി ഗതാഗതം പുനര്‍സ്ഥാപിക്കുവാനും, Search and Rescueവിനായും മരം മുറിച്ച് മാറ്റുന്നത് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ അനുവദനീയമാണ്.